നിന്റെ നിഴൽ കാവലായ് കൂടെയുണ്ട്
നേർത്ത പിൻവിളിസ്വരം കാതിലുണ്ട്
തെന്നിമാറി,അവഗണിച്ചെത്ര വേളകൾ
കാണാഭാവം നടിച്ചിനിയെത്ര നാൾ!
അദൃശ്യനായ്, പ്രതികാരദാഹിയായ്
മറഞ്ഞുനിന്നു ഭീതി നിറക്കുന്നു നീ
കലിതുള്ളിവരുന്നു ജീവനെടുക്കാൻ
മൃത്യുചിന്തയാൽ മനം തളർത്തുന്നു.!
ചെയ്യാനുണ്ടേറേ ജീവിതവഴിയിൽ
എഴുതാനൊരുപാടിനിയും ബാക്കി
ആടിത്തീർന്നില്ല അണിയറനാടകങ്ങൾ
അരങ്ങിലെ കളികളും കഴിഞ്ഞതില്ല.!
വെയിലിലുണങ്ങാനെത്ര പകലുകൾ
ഇരുട്ടിന് കൂട്ടിരിക്കാനെത്ര രാവുകൾ
സ്വപ്നം കണ്ടുറങ്ങാനെത്ര നിലാവുകൾ
പൂമണവുമായ് തഴുകാനെത്ര പൂങ്കാറ്റ്..
പെയ്യാനും നനയാനുമെത്ര മഴകൾ..
തളിർത്തുപൂക്കാനെത്ര വസന്തങ്ങൾ
മഞ്ഞലയിൽ പെയ്യാനെത്ര ശിശിരങ്ങൾ
പൂങ്കിരണവുമായെത്ര ഗ്രീഷ്മങ്ങൾ
എഴുതിത്തീരാക്കഥകൾ… കവിതകൾ
കൊതിതീരാസ്വരങ്ങൾ...സാന്ത്വനങ്ങൾ
പറഞ്ഞുതീരാപിണക്കങ്ങൾ..പരാതികൾ
പ്രണയങ്ങൾ.. ഇഷ്ടങ്ങൾ.. സ്നേഹങ്ങൾ
പ്രാണഭീതിയിലെന്തിനെൻ മാനസം
വിചാരണ ചെയ്യുന്നു നിരന്തരം
മടക്കിവിളിക്കല്ലേയെൻ പ്രിയരെ
തിരിച്ചുവിളിക്ക് മരണദൂതനെ.!
മുഖംമറച്ചിടാം നിന്നെപ്പോൽ ഞാനും
വാമൂടി, നാവടച്ച്, കൈകൾ കെട്ടി
മൌനത്തിൻ മഹാനദിയിൽ നീന്തി
മൂകത തിന്ന് ചൊൽപ്പടിക്കുനിൽക്കാം
നിനക്കറിയില്ല കർമ്മനിയോഗങ്ങൾ
നീ താളം തെറ്റിക്കും വിധിക്രമങ്ങളും
ജന്മകൽപ്പനകൾ ചെയ്തുതീരും വരെ
ജീവനെടുക്കാൻ പിൻവിളിയരുതേ..!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |