SignIn
Kerala Kaumudi Online
Friday, 29 March 2024 12.54 AM IST

നീന്തിയെടുക്കാം ഓരോ ജീവനും

swimming

# പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണമെന്ന്

ആലപ്പുഴ: കേരളപ്പിറവി ദിനത്തിൽ അക്ഷരമുറ്റങ്ങൾ വീണ്ടും ഉണരുമ്പോൾ നീന്തൽ പരിശീലനവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. സംസ്ഥാനത്ത് പൊതുവായും ജില്ലയിൽ പ്രത്യേകിച്ചും മുങ്ങി മരണങ്ങൾ വ‌ർദ്ധിച്ച സാഹചര്യത്തിലാണ് നീന്തൽ വീണ്ടും ചർച്ചാവിഷയമാകുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരമാസത്തിനിടെ 101 പേർ മുങ്ങിമരിച്ചെന്നാണ് ഫയർ ഫോഴ്സിന്റെ കണക്ക്. അപകടത്തിൽപ്പെട്ട 41 പേർ രക്ഷപ്പെട്ടു. ബോധവത്കരണവും ജാഗ്രതയും കുറഞ്ഞതാണ് അപകടങ്ങൾ കൂടാൻ കാരണം. ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് ജലാശയ അപകടങ്ങൾ കൂടുതൽ. കഴിഞ്ഞ ദിവസം ഓമനപ്പുഴ പൊഴിയിൽ സഹോദരങ്ങളായ വിദ്യാർത്ഥികളുടേതുൾപ്പെടെ ഒൻപത് ജീവനുകളാണ് ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ നഷ്ടമായത്.

സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ വർഷമാദ്യം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നീന്തൽ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്.ഇ.ആർ.ടി ഡയറക്‌ടർക്കും ശുപാർശ നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വിദ്യാലയങ്ങളിൽ എത്തുമ്പോൾ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീന്തൽ പഠനവും യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് ഉണരുന്നത്.

പ്രതീക്ഷയുടെ ട്രാക്കിൽ

അന്താരാഷ്ട്ര മത്സരങ്ങൾക്ക് യോഗ്യതയില്ലെന്ന പേരുദോഷം നിലനിൽക്കുമ്പോഴും ആലപ്പുഴയിലെ രാജാ കേശവദാസ് നീന്തൽക്കുളം വീണ്ടും തുറക്കുന്നത് നീന്തൽ പരിശീലന സാദ്ധ്യതകൾക്ക് വേഗം കൂട്ടും. നവംബർ ഒന്നിനാണ് കോടികൾ മുടക്കി പരിഷ്ക്കരിച്ച നീന്തൽക്കുളം പൊതുജനങ്ങൾക്കായി തുറക്കുന്നത്. ജലാശയങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുമ്പോഴും, രാജാ കേശവദാസ് നീന്തൽക്കുളമല്ലാതെ മറ്റൊരു പൊതുപരിശീലന കേന്ദ്രം ജില്ലയിൽ എടുത്തുകാട്ടാനില്ല. വിവിധ മത്സരങ്ങൾക്ക് പരിശീലനം നേടുന്ന കായിക താരങ്ങൾ പോലും ചേറും ചെളിയും നിറഞ്ഞ കായലിലാണ് അഭ്യസിക്കുന്നത്.

സ്വകാര്യ റിസോർട്ടുകളിൽ പരിശീലന ഫീസ്: ₹ 3,​000 (ഒരു മാസം)​

""

കുട്ടികൾക്കുള്ള നീന്തൽ പരിശീലനം സ്പോർട്സ് കൗൺസിലിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്തിൽ പ്രോജക്ട് സമർപ്പിക്കാനിരിക്കെയാണ് കൊവിഡ് വില്ലനായത്.

എൻ. പ്രദീപ് കുമാർ, സെക്രട്ടറി,

ജില്ലാ സ്പോർട്സ് കൗൺസിൽ

""

സ്വകാര്യ പരിശീലകരെയോ റിസോർട്ടുകളെയോ ആശ്രയിച്ചാൽ വലിയ തുകയാണ് ഫീസിനത്തിൽ ഈടാക്കുന്നത്. നീന്തൽ പഠനം പാഠ്യ പദ്ധതിയുടെ ഭാഗമായാൽ വലിയൊരു പരിധിവരെ മുങ്ങിമരണങ്ങൾ ഒഴിവാക്കാനാകും.

ഡി. ബൈജു, രക്ഷിതാവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.