SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.43 AM IST

ചിന്തിച്ച് ചിത്തായിരിക്കുക

guru

മഹാഗുരുവിന്റെ 94-ാം മഹാസമാധി ദിനം ഇന്ന് ലോകമെമ്പാടും ആചരിക്കുകയാണ്. ഈ ആചരണത്തിന് ഒരു ഏകീകരണം വേണമെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും ഭൂരിഭാഗം ആളുകളുടെയും ശ്രദ്ധ അതിലല്ല. ആത്‌മോപദേശശതകത്തിലെ എൺപത്തിമൂന്നാം ശ്ലോകത്തിൽ ഗുരു ഇപ്രകാരം പറയുന്നു ' ഉടയുമിരിക്കുമുദിക്കുമൊന്നു മാറിത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും ' എന്ന്. അതായത് ശരീരം ഉണ്ടാകുന്നതും നിലനില്‌ക്കുന്നതും ഇല്ലാതാകുന്നതും പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരത്തിന്റെ സ്വഭാവമാണ്. എന്നാൽ കർമ്മത്തിന്റെ കുരുക്കിൽപ്പെടാതെ മാനവകുലത്തെ രക്ഷിക്കുക എന്ന ദൗത്യത്തോടെ സ്വന്തം ഇച്ഛയ്ക്ക് അനുസരണമായി ശരീരം എടുക്കുന്നവരാണ് ഗുരുവിനെപ്പോലെയുളള മഹാത്മാക്കൾ. അവരുടെ ദൗത്യം കഴിയുമ്പോൾ അവർ ശരീരത്തെ ഉപേക്ഷിക്കും. അപ്രകാരം ഭൗതികശരീരത്തെ സ്വന്തം ഇച്ഛപ്രകാരം ശ്രീനാരായണ ഗുരുദേവൻ ഉപേക്ഷിച്ച ദിനമാണ് കന്നി അഞ്ച്. ഭക്തർക്കും ശിഷ്യന്മാർക്കും നിഷ്പക്ഷമതികൾക്കും നിരീശ്വരവാദികൾക്കും ഉൾപ്പെടെ ഗുരുവിന്റെ ദേഹവിയോഗം നികത്താൻ പറ്റാത്ത നഷ്ടമായി. കാലത്തിന്റെ പാച്ചിലിൽ അനിവാര്യമാണ് ഇതെല്ലാമെന്ന് നാം സമാധാനിക്കുന്നു. യുക്തിവാദിയായ സഹോദരൻ അയ്യപ്പനുപോലും താങ്ങാൻപറ്റാത്ത ദു:ഖമായിരുന്നു ഗുരുവിന്റെ മഹാസമാധി. അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും ഉതിർന്ന് വീണത് ഇപ്രകാരമായിരുന്നു ' വിമലത്യാഗമേ മഹാ സന്ന്യാസമേ സമതബോധത്തിൻ പരമ പാകമേ, ഭുവനശുശ്രുഷേയഴുതാലും നിങ്ങൾക്കെഴുന്ന വിഗ്രഹം വിലയമാണ്ടുപോയ് ' 'ത്രികരണശുദ്ധി നിദർശനമായി, പ്രഥിതമാം ഭവത്ചരിതം ഞങ്ങൾക്കു ശരണമാകണെ ശരണമാകണെ ശരണമാകണെ പരമസദ്ഗുരോ' എന്ന് കേഴുകയാണ്. മഹാസമാധി ദിനത്തിൽ നമ്മൾക്ക് ചെയ്യാൻ പറ്റുന്നത്. ആ മഹാത്മാവിന്റെ പാവനചരിതത്തെ ഓർത്ത് എന്തിന് വേണ്ടിയാണോ ആർക്ക് വേണ്ടിയാണോ ഭഗവാൻ തന്റെ ആയുസും വപുസും ആത്മതപസും ബലിയർപ്പിച്ചത് അത് സാക്ഷാത്കരിക്കുക എന്നതാണ്. ഗുരുവിനോട് നീതിപുലർത്തുമ്പോൾ സ്വഭാവികമായും അവരവരോടും നീതിപുലർത്തുവാൻ സാധിക്കും. അങ്ങനെ മനുഷ്യജന്മത്തിന്റെ ലക്ഷ്യം പൂർത്തിയാകും. അതിന് സാധിച്ചില്ലെങ്കിൽ ഇവിടെ അജ്ഞതയിൽ കിടന്ന് നരകക്കേണ്ടിവരും.
ഇപ്പോഴും ഗുരുവിന്റെ മഹാസമാധിയെക്കുറിച്ച് തെറ്റായ അറിവുകൾ ബോധപൂർവം പ്രചരിപ്പിക്കുന്ന കുബുദ്ധികൾ സമൂഹത്തിലുള്ളത് തിരിച്ചറിയുക. ഗുരു ശരീരം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പലപല സൂചനകളും വർഷങ്ങൾക്ക് മുൻപ് തന്നെ നൽകിയിരുന്നു. 'യോഗസ്ഥനായ് നിലയിൽ നിന്ന് ഇളകാതെ കായവ്യൂഹം ധരിച്ച് വിഹരിച്ചിടുമിങ്ങ് യോഗി' എന്ന് പറഞ്ഞ ഗുരു പലസന്ദർഭങ്ങളിലും ആ അത്ഭുത സിദ്ധികാണിച്ചിട്ടുണ്ട്. ഉദാഹരണം ശുചീന്ദ്രം തേരോട്ടസമയത്ത് ഗുരുവിന്റെ സാന്നിദ്ധ്യം. ജ്ഞാനയോഗിയും രാജയോഗിയും ഭക്തയോഗിയും കർമ്മയോഗിയും ആയ ഗുരു സ്വന്തം ഇച്ഛപ്രകാരമാണ് കന്നി അഞ്ചിന് 3.30 ന് ശരീരം ഉപേക്ഷിച്ചതെന്ന് മനസിലാക്കുക. ദൈവദശകം അന്തേവാസികളോട് ചൊല്ലാൻ പറഞ്ഞ് അത് കേട്ടുകൊണ്ടെന്ന രീതിയിലാണ് ഗുരുശരീരം വിടുന്നത്. ഇതിന് പലകാരണങ്ങൾ സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാകും. ഒന്ന് ആരായാലും ശരീരം ഉപേക്ഷിക്കുമ്പോൾ പരംപൊരുളിനെക്കുറിച്ചുളള ശ്രവണത്തോടെ വേണം എന്ന് ഗുരു പറയാതെ പറയുന്നു. രണ്ട് ഗുരുദേവൻ എപ്പോഴൊക്കെയാണോ സിദ്ധികൾ ഉപയോഗിച്ചിട്ടുളളത് അപ്പോഴൊക്കെ ചുറ്റും നില്‌ക്കുന്നവരുടെ ശ്രദ്ധ മറ്റൊന്നിലേക്ക് തിരിച്ച് വിടുമായിരുന്നു. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. ജ്ഞാനവാസിഷ്ഠം വായിച്ച് കേട്ട് കഴിഞ്ഞ് ദൈവദശകം ചൊല്ലികൊണ്ടിരിക്കുമ്പോൾ മാനവരാശിയ്ക്ക് വേണ്ടി എടുത്ത ശരീരത്തിൽ നിന്ന് പ്രാണനെ സ്വാഭാവികമായി പിൻവലിച്ചു. ഈ പ്രക്രിയയാണ് മഹാസമാധി. അതിൽ നമ്മൾ ദു:ഖിക്കേണ്ട ആവശ്യമില്ല. കാരണം നൂറ് കണക്കിന് വർഷത്തേയ്ക്കുളള അറിവാണ് ഗുരു വാരിവിതറിയിട്ടുളളത്. നമ്മൾ അത് പ്രയോജനപ്പെടുത്തുമ്പോഴാണ് ഗുരുപൂജയായി ഭവിക്കുന്നത്. അതുകൊണ്ട് ഈ ദിവസം സമ്മേളനങ്ങൾ നടത്തി അന്തരീക്ഷം കലുഷിതമാക്കുകയല്ല വേണ്ടത്. മറിച്ച് രാവിലെ മുതൽ ഭഗവാൻ നൽകിയ കൃതികളുടെ പാരായണവും ഓം ശ്രീനാരായണ പരമ ഗുരവേ നമ: എന്ന മന്ത്രജപവും ചെയ്യുക. ഇത് നമ്മെ ഗുരുവിന്റെ സ്വരൂപത്തിലേക്കും അവനവനിലേക്കും കൂടുതൽ അടുപ്പിക്കും.
ചിന്തിച്ച് ചിന്തിച്ച് ചിത്തായിരിക്കാൻ ഉപദേശിച്ച ഗുരുവിന്റെ അനന്തരഗാമികളാണ് നാം എന്ന് വിസ്മരിച്ച് കൂടാ. ഇനിയും നാം എത്രയോ കാതം മുന്നേറുവാൻ കിടക്കുന്നു. ഗുരു തുടങ്ങിവച്ച വഴിയിലൂടെ നാം സഞ്ചാരം ആരംഭിച്ചിട്ടേയുളളൂ എന്നത് നാം വിസ്മരിച്ചുകൂടാ. നാം എന്തോ ആയി എന്നഭ്രമം ഉപേക്ഷിച്ച് സംഘടിച്ച് മുന്നേറൂ. ഗുരുവിലുളള ആത്മസമർപ്പണം സംഭവിക്കാത്തതുകൊണ്ടാണ് നമ്മിൽ സഞ്ചിതമായിരിക്കുന്ന കാമക്രോധ ലോഭമോഹമദമാത്സര്യാദികൾ അവസരങ്ങൾ പാർത്ത് നമ്മെയും മറ്റുളളവരെയും ആക്രമിക്കുന്നത്. ഈ ശത്രുക്കളെ വേരോടെ പിഴുത് എറിഞ്ഞ് കഴിയുമ്പോഴാണ് അരുളുള്ളവനാണ് ജീവിയെന്ന ഗുരുവിന്റെ ഉദ്‌ബോധനം അർത്ഥവത്താകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURU SAMADHI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.