SignIn
Kerala Kaumudi Online
Friday, 19 April 2024 10.24 AM IST

ടൂറിസത്തിൽ പത്തനംതിട്ടയുടെ കയാക്കിംഗ്

trail2

ടൂറിസംരംഗത്ത് ആനത്താവളവും അടവി കുട്ടവഞ്ചി സവാരിയും ഗവിയുമാണ് പത്തനംതിട്ടയുടേതായി ഇതുവരെ അടയാളപ്പെടുത്തിയിട്ടുള്ളത്. മൂന്നും രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഇപ്പോൾ മറ്റൊരു ടൂറിസം, കായിക ഇനം കൂടി പത്തനംതിട്ടയുടെ ടൂറിസം ഭൂപ‌ടത്തിലേക്ക് എത്തുന്നു, അഡ്വഞ്ചർ ടൂറിസം രംഗത്ത് രാജ്യാന്തര ശ്രദ്ധനേടിയ കയാക്കിംഗ്. ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായ ഇൗ കായികവിനോദം സീതത്തോടിനടുത്ത് കക്കാട്ടാറിലാണ് നടക്കുന്നത്. ഗവിയുടെ പ്രവേശന കവാടത്തിന് അടുത്തായതിനാൽ നാട്ടിലെയും പുറംനാടുകളിലെയും വിനോദ സഞ്ചാരികൾക്ക് കയാക്കിംഗ് മറ്റൊരു അനുഭവമാകും. ഒളിമ്പിക്സിലെ പ്രധാന കായിക ഇനം കൂടിയാണ് കയാക്കിംഗ്. രാജ്യാന്തര കയാക്കിംഗ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നവർക്ക് കക്കാട്ടാറിലെ പരിശീലനം പ്രയോജനപ്പെടുമെന്ന് ഇൗ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

ആങ്ങമൂഴിയിലെ കൊച്ചാണ്ടി കിളിയെറിഞ്ഞാംകല്ലിൽ അടുത്തിടെ കയാക്കിംഗ് ട്രയൽ റൺ നടന്നു. കെ.യു.ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരും കയാക്കിംഗ് നടത്തിയാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് പവർഹൗസ് ജംഗ്ഷനിൽ വരെയാണ് കയാക്കിംഗ് നടത്തുന്നത്. പ്രശസ്ത കയാക്കിംഗ് വിദഗ്ദ്ധൻ നോമി പോളിന്റെ നേതൃത്വത്തിൽ നിഥിൻദാസ്, വിശ്വാസ് രാജ്, കെവിൻഷാജി, ഷിബു പോൾ എന്നിവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് ട്രയൽ റണ്ണിനെത്തിയത്. അവർ പൂർണതൃപ്തരായാണ് മടങ്ങിയത്. പദ്ധതി തയ്യാറാക്കിയാൽ കയാക്കിംഗ് പരിശീലനത്തിൽ പത്തനംതിട്ടയ്ക്ക് മുന്നേറാൻ കഴിയുമെന്നാണ് അവർ വിലയിരുത്തിയത്. ഇൗ രംഗത്ത് സ്വദേശികളായ കയാക്കിംഗ് താരങ്ങളെ ഉയർത്തിക്കൊണ്ടു വരാനും കഴിയും.

ഒരാൾക്ക് വീതം സാഹസികയാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളാണ് ട്രയൽ റണ്ണിൽ പങ്കെടുത്തത്. രണ്ടു മുതൽ എട്ടുവരെ ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളും സീതത്തോട്ടിൽ ഉപയോഗിക്കാൻ കഴിയും. കയാക്കിംഗിനൊപ്പം റാഫ്റ്റിംഗ്, കനോയിംഗ് തുടങ്ങിയവയും സീതത്തോട് കേന്ദ്രത്തിൽ ആരംഭിക്കാനാകും. അതിസുന്ദരമായ കയാക്കിംഗ് കാഴ്ചകൾ നാട്ടുകാരെ ഹരം കൊള്ളിക്കുകയും ചെയ്യും.

കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിലാണ് കയാക്കിംഗ് സെന്റർ നിലവിൽ പ്രവർത്തിക്കുന്നത്. ദീർഘദൂര, ഹ്രസ്വദൂരയാത്രകൾക്കും, സാഹസിക യാത്രകൾക്കും ഇന്ത്യയിൽ ലഭ്യമായതിൽ മികച്ച സൗകര്യമാണ് സീതത്തോട്ടിലെ കക്കാട്ടാറിൽ ഉള്ളത്. കുളു, മണാലി കേന്ദ്രങ്ങളേക്കാൾ മികച്ച നിലയിൽ സീതത്തോടിന് മാറാന്‍ കഴിയും. സഞ്ചാരികൾക്കായി സാഹസികത കുറഞ്ഞ ഹ്രസ്വദൂര യാത്രകൾ നടത്താനും സൗകര്യമൊരുക്കും. സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളുടെ പ്രധാന കേന്ദ്രമായി സീതത്തോടിനെ മാറ്റാനാണ് കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ പദ്ധതി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചാണ് സീതത്തോട്ടിൽ കയാക്കിംഗ് പരിശീലന കേന്ദ്രം ഒരുക്കുന്നത്. എം.എൽ.എയുടെ ജന്മനാട് കൂടിയായതിനാൽ ടൂറിസം വികസന പദ്ധതിയിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.

നൂറ്റാണ്ടുകളുടെ ചരിത്രം

കയാക്കിംഗിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. മീൻപിടിത്തത്തിനായി ആയിരത്തിലേറെ വർഷം മുമ്പ് എസ്‌കിമോകളാണ് കയാക്കുകൾ നിർമിച്ചത്. വേട്ടക്കാരുടെ തോണി എന്നാണ് കയാക്ക് എന്ന വാക്കിന്റെ അർത്ഥം. മരവും തിമിംഗിലത്തിന്റെ അസ്ഥികളും ഉപയോഗിച്ചായിരുന്നു ഇത്തരം വള്ളങ്ങളുടെ നിർമാണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ യൂറോപ്യൻമാർ കയാക്കിംഗിൽ ആകൃഷ്ടരായി. ജർമൻകാരും ഫ്രഞ്ചുകാരും കയാക്കിംഗിനെ കായിക ഇനമായി വികസിപ്പിച്ചു. ബർലിനിൽ 1936 - ൽ നടന്ന ഒളിമ്പിക്സിൽ കയാക്കിംഗ് മത്സര ഇനമായി. 1950-കളിൽ ഫൈബർഗ്ലാസ് ഉപയോഗിച്ചുള്ള കയാക്കുകൾ വികസിപ്പിക്കപ്പെട്ടു. എന്നാൽ, 1980 പോളി എഥിലിൻ പ്ലാസ്റ്റിക് കയാക്കുകൾ നിർമിക്കപ്പെട്ടതോടെയാണ് കയാക്കിംഗിന് പ്രചാരം ലഭിച്ചത്. ഒളിമ്പിക്സിൽ പത്ത് കയാക്കിംഗ് മത്സരങ്ങൾ നടക്കുന്നുണ്ട്. യുവാക്കൾക്ക് തൊഴിൽ കയാക്കിംഗിലും, കനോയിംഗിലും, റാഫ്റ്റിംഗിലും പ്രാദേശികമായി യുവാക്കൾക്ക് പരിശീലനം നല്കുന്നതോടെ നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശീലനം നേടുന്ന പ്രതിഭകളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന നിലയിൽ പ്രാപ്തരാക്കും. ടൂറിസവുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് തൊഴിലും വരുമാനവും ലഭ്യമാകുന്നതിനൊപ്പം രാജ്യത്തിന് മികച്ച കായികതാരങ്ങളേയും സൃഷ്ടിക്കുന്ന നിലയിലേക്ക് അക്വാട്ടിക്ക് സെന്ററിനെ മാറ്റിത്തീർക്കാൻ കഴിയും. സായിയുടെ അംഗീകാരത്തോടെയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കോന്നിയുടെയും, സീതത്തോടിന്റെയും അനന്തമായ ടൂറിസം സാദ്ധ്യതകൾക്ക് ഈ പദ്ധതി സഹായകമാകും. കോന്നി ടൂറിസം ഗ്രാമത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും തദ്ദേശീയമായ ടൂറിസം സാദ്ധ്യതകൾ കണ്ടെത്തി വളർത്തിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇതിനായി വിശദമായ മാസ്റ്റർപ്ലാൻ തയാറാക്കി വരികയാണ്. സർക്കാരിന്റെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ സഹകരണ മേഖലയിലാണ് കോന്നി ടൂറിസം ഗ്രാമം യാഥാർത്ഥ്യമാക്കുന്നത്. കോന്നി ആനത്താവളം, അടവി, ഗവിയാത്രകൾ കോർത്തിണക്കിയുള്ള ടൂറിസം പദ്ധതികൾ നിലവിലുണ്ട്. കയാക്കിംഗ് കൂടി ഇൗ വിഭാഗത്തിലേക്ക് മാറ്റിയാൽ ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.