SignIn
Kerala Kaumudi Online
Thursday, 25 April 2024 1.37 AM IST

ഓർമ്മകൾ ഉണ്ടായിരിക്കണം...

memory

നമുക്ക് ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഓർമ്മകൾ. സ്വന്തം അസ്‌തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകളാണ് അത്. ഓർമ്മകളുടെ അടിസ്ഥാനത്തിലാണ് ജീവിത്തിലെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നത്. ഓർമ്മകൾ നശിച്ചു പോകുക എന്നതാണ് ജീവിതത്തിലെ ഏറ്റവും ഭയാനകമായ പ്രതിസന്ധി.

ഓർമ്മകൾ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയാണ് ഡിമെൻഷ്യ അഥവാ സ്‌മൃതിനാശം. ലോകത്തിൽ 44 ദശലക്ഷം പേർക്ക് സ്‌മൃതിനാശം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത് നാല് ദശലക്ഷത്തോളം വരും.

ഈ ഒരു രോഗാവസ്ഥയെ പറ്റി സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്‌ടിക്കുന്നതിനായി കഴിഞ്ഞ പത്തു വർഷമായി സെപ്‌തംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിച്ചുവരുന്നു.

'അറിയുക ഡിമെൻഷ്യ,​ അറിയുക അൽഷിമേഴ്സിനെ' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

അതായത് ഈ രോഗത്തെ പറ്റി കൂടുതൽ അറിയുകയും രോഗലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുന്നതിന്റെ പ്രാധാന്യം കൂടുതൽ പേരിലെത്തിക്കുക എന്നതാവണം ലക്ഷ്യം. അതോടൊപ്പം അൽഷിമേഴ്സ് രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ തന്നെ ചേർത്തുനിറുത്തുകയും വേണം.

തലച്ചോറിൽ നമ്മുടെ ഓർമ്മകൾ സൂക്ഷിക്കുന്ന കോശങ്ങൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത് ടെമ്പോറൽ ലോബി എന്ന ഭാഗത്താണ്. പലവിധ കാരണങ്ങളാൽ ഈ കോശങ്ങൾ നശിച്ചു പോകുമ്പോഴാണ് ഡിമെൻഷ്യ ഉണ്ടാകുന്നത്. പ്രായാധിക്യം കാരണം കോശങ്ങൾ നശിച്ചു പോകുന്നത്, തൈറോയ്ഡ് ഹോർമോണിന്റെ അഭാവം, തലോച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾ, സ്‌ട്രോക്ക്, വിറ്റാമിൻ ബി 12 , തൈയാമിൻ തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകൾ, തലച്ചോറിലെ മുഴകൾ എന്നിവയെല്ലാം ഡിമെൻഷ്യയ്‌ക്ക്

കാരണങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനം പ്രായാധിക്യം കാരണമുള്ള ഓർമ്മകോശങ്ങൾ നശിച്ചു പോകുന്ന അൽഷിമേഴ്സ് രോഗമാണ്.

പ്രായം ഒരു പ്രശ്‌നമാണ്

പ്രായം കൂടുന്നത് അനുസരിച്ചു അൽഷിമേഴ്സ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. 65 ന് മേൽ പ്രായമുള്ള പത്തിൽ ഒരാൾക്കും 85 ന് മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും അൽഷിമേഴ്സ് വരാനുള്ള സാദ്ധ്യതയുണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതിരക്ത സമ്മർദ്ദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം എന്നിവയും മറവിരോഗം വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

65 ന് മേൽ പ്രായമുള്ളവരിൽ ചെറിയ മറവികൾ സ്വാഭാവികമാണ്. പലർക്കും കുറച്ചു നേരം ആലോചിച്ചാലോ അല്ലെങ്കിൽ ചെറിയ സൂചനകൾ കൊടുത്താലോ ഒക്കെ കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റും. എന്നാൽ,​ അൽഷിമേഴ്സ് രോഗത്തിന്റെ തുടക്കമാണെങ്കിൽ എത്ര ശ്രമിച്ചാലും അത് ഓർത്തെടുക്കാൻ പറ്റിയെന്നു വരില്ല.

വഴി തെറ്റിപ്പോകാം

വിരക്തി തോന്നാം...

പ്രായമുള്ളവരിൽ സാധനങ്ങൾ എവിടെയെങ്കിലും വച്ച് മറന്ന് പോകുന്നത് സ്വാഭാവികമാണ്. എന്നാൽ,​ അൽഷിമേഴ്സ് രോഗികൾ ഇത്തരത്തിൽ മറന്നു പോകുന്നു എന്ന് മാത്രമല്ല,​ അത് വയ്‌ക്കുന്നത് നമ്മൾ സാധാരണയായി അത്തരം സാധനങ്ങൾ വയ്‌ക്കാത്ത സ്ഥലങ്ങളിലായിരിക്കും. ഉദാഹരണത്തിന് താക്കോലെടുത്ത് ഫ്രിഡ്‌ജിൽ വയ്‌ക്കുക, പഴ്സ് വാഷിംഗ് മെഷീന് അകത്തിടുക... തുടങ്ങിയ കാര്യങ്ങളാണ് ചെയ്യുക. സന്ദർഭത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നതും കാണാം. ചൂടുള്ള സമയത്തു സ്വറ്റർ ഉപയോഗിക്കുന്നത് ഉദാഹരണം. പ്രായമുള്ളവർ അവർ മുമ്പ് നടത്തിയ സംഭാഷണങ്ങളിൽ ചിലതൊക്കെ മറക്കുന്നത് പതിവാണ്. എന്നാൽ,​ അൽഷിമേഴ്സ് രോഗത്തിൽ അത്തരം ഒരു സംഭാഷണം നടന്ന കാര്യം തന്നെ അവർ മറന്നു പോകും. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടും. പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി തെറ്റിപ്പോകാം. എല്ലാത്തിനോടും വിരക്തി തോന്നുകയും സ്വയം ഉൾവലിഞ്ഞു ഏകാന്തമായി ഇരിക്കാൻ ഇഷ്‌ടപ്പെടുകയും ചെയ്യും. ദീർഘനേരം ടി.വിയുടെ മുന്നിൽ തന്നെ ഇരിക്കുന്നതും കൂടുതൽ സമയം ഉറങ്ങാനായി ചെലവിടുന്നതും പതിവാണ്. പെട്ടെന്നാണ് ദേഷ്യവും സങ്കടവും മാറി മാറി വരിക. അകന്ന പരിചയത്തിലുള്ളവരുടെ പേരുകൾ ഒക്കെ മറന്നു പോകുക, സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ വാക്കുകൾ കിട്ടാനുള്ള ബുദ്ധിമുട്ട് നേരിടുക എന്നിവയാണ് പ്രാഥമിക ഘട്ടത്തിലെ സൂചനകൾ. ഈ ഘട്ടം രണ്ടു മൂന്നു വർഷം വരെ നീണ്ടു നിൽക്കും.

(നാളെ : അൽഷിമേഴ്സിന്റെ

ഘട്ടങ്ങൾ,​ ചികിത്സ)​

ഡോ. എം.ജെ. സുശാന്ത്

കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്

എസ്.യു.ടി ആശുപത്രി

പട്ടം,​ തിരുവനന്തപുരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.