മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും നിർമ്മാതാവിന്റെ കുപ്പായമണിയുന്നു. പുതിയ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകരിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയാണ്.
ഇപ്പോൾ നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിലഭിനയിച്ച് വരികയാണ് മമ്മൂട്ടി. എറണാകുളത്തും, വാഗമണ്ണിലുമായി ഒക്ടോബർ പകുതിയോടെ പുഴുവിന്റെ ചിത്രീകരണം പൂർത്തിയാകും. തുടർന്ന് ലിജോയുടെ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും.
ഈ പ്രോജക്ടിന്റെയും മമ്മൂട്ടിയുടെ പുതിയ നിർമ്മാണക്കമ്പനിയുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. എം.ടി. വാസുദേവൻനായരുടെ ചെറുകഥകളെ ആസ്പദമാക്കി നെറ്റ് ഫ്ളിക്സ് ഒരുക്കുന്ന സീരീസിലെ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നതും ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഈ ചിത്രവും ഈ വർഷമുണ്ടാകുമെന്നറിയുന്നു. കെ. മധു - എസ്.എൻ. സ്വാമി ടീമൊരുക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിൽ നവംബറിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയുടെ സംവിധായകൻ നിസാം ബഷീറും മമ്മൂട്ടി ഡേറ്റ് നൽകിയിട്ടുണ്ട്.
മമ്മൂട്ടി നിർമ്മിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എറണാകുളമായിരിക്കും. നേരത്തേ പ്ളേ ഹൗസിന്റെ ബാനറിൽ ഒരുപിടി ചിത്രങ്ങൾ മമ്മൂട്ടി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |