SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.36 PM IST

ആ പട്ടികയിലെ ഒരാൾ കൂടിയാണ് പൂന്തുറ സിറാജെന്ന് അറിഞ്ഞപ്പോൾ ശരിക്കും മനസൊന്ന് പിടഞ്ഞു, ഹൃദയസ്പർശിയായ കുറിപ്പുമായി കെ ടി ജലീൽ

k-t-jaleel-

തലസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരിൽ അറിയപ്പെടുന്ന മുഖമായിരുന്നു അടുത്തിടെ അന്തരിച്ച പൂന്തുറ സിറാജ്. ദീർഘകാലം പി ഡി പിയുടെ ചുമതല ഇദ്ദേഹത്തിനായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. പൂന്തുറ സിറാജിന്റെ അകാല വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതിനായി ജേഷ്ട സഹോദരന്റെ വീട്ടിൽ പോയ അനുഭവം പങ്കുവയ്ക്കുകയാണ് മുൻ മന്ത്രി കെ ടി ജലീൽ എം എൽ എ. തലസ്ഥാന കോർപ്പറേഷൻ ഭരണം ബി.ജെ.പി തട്ടിപ്പറിച്ചെടുക്കാൻ നോക്കിയപ്പോൾ അതിന് തടയിടാൻ മുന്നിട്ട് നിന്നത് പൂന്തുറ സിറാജായിരുന്നെന്നും, മുഴുവൻ സമയ രാഷ്ട്രീയക്കാരനായ അദ്ദേഹത്തിന്റെ സമ്പാദ്യം പല പൊതുപ്രവർത്തകരുടെയും പോലെ ഇസ്തിരി ചുളിയാത്ത കഞ്ഞിപ്പശയിൽ വടിവൊത്ത് നിൽക്കുന്ന തൂവെള്ള വസ്ത്രം മാത്രമായിരുന്നു എന്ന് അറിഞ്ഞപ്പോൾ ശരിക്കും മനസൊന്ന് പിടഞ്ഞെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പൂന്തുറ സിറാജിന്റെ അകാല വിയോഗം തീർത്ത ദു:ഖത്തിൽ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല സിറാജിനെ സ്‌നേഹിക്കുന്നവരും അടുപ്പക്കരും. യൂത്ത് കോൺഗ്രസ്സിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന് മൂന്നു തവണ തുടർച്ചയായി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായ പൂന്തുറ സിറാജ് പി.ഡി.പിയുടെ സമുന്നത നേതാവായി പിന്നീട് മാറി.

പൂന്തുറ മേഖലയിലേക്ക് വികസനത്തിന്റെ നിലാവെളിച്ചം പകർന്ന് നൽകാൻ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച സിറാജ് സ്വന്തമായി ഒരു വാസസ്ഥലം പോലും ഇല്ലാതെയാണ് യാത്രയായത്. അബ്ദുൽ നാസർ മഅദനിയോടുള്ള ഹൃദയം തൊട്ട ആഭിമുഖ്യമാണ് അദ്ദേഹത്തെ പി.ഡി.പിയിൽ എത്തിച്ചത്. ഇടതുപക്ഷത്തിന്റെ കയ്യിൽ നിന്ന് തലസ്ഥാന കോർപ്പറേഷൻ ഭരണം ബി.ജെ.പി തട്ടിപ്പറിച്ചെടുക്കാൻ നോക്കിയപ്പോൾ അതിന് വിഘാതമായി നിന്നവരിൽ പ്രമുഖൻ സിറാജായിരുന്നു. അന്നത്തെ മെയറും ഇന്നത്തെ മന്ത്രിയുമായ ശ്രീ: വി. ശിവൻകുട്ടി മറയില്ലാതെ അക്കാര്യം അനുസ്മരിച്ച് തന്റെ കൃതാർത്ഥത പ്രകടിപ്പിച്ചത് ആരും മറന്നു കാണില്ല.

വിപുലമായ ഒരു സൗഹൃദ വലയത്തിന്റെ ഉടമയായിരുന്നു പൂന്തുറ സിറാജ്. അതിലെവിടെയോ ഞാനുമുണ്ടായിരുന്നു. പരിചയപ്പെട്ട നാൾ മുതൽ 'കെ.ടി' എന്നാണ് സിറാജ് സാഹിബ് എന്നെ വിളിച്ചിരുന്നത്. മന്ത്രിയായപ്പോഴും ആ വിളിയിൽ ഒരു മാറ്റവും വരുത്തിയില്ല. എനിക്കേറ്റവുമധികം ഇഷ്ടപ്പെട്ട അഭിസംബോധനകളിൽ ഒന്നായിരുന്നു അത്.

ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പൂന്തുറ സിറാജിന്റെ ജേഷ്ട സഹോദരന്റെ വീട്ടിൽ പോയി മകനെയും മറ്റു കുടുംബാംഗങ്ങളെയും കണ്ടു. എല്ലാവരുടെയും മുഖത്ത് ദു:ഖത്തിന്റെ കരിനിഴലാണ് കണ്ടത്. മൂത്ത മകൻ ഇർഫാൻ നീറ്റ് പരീക്ഷ എഴുതി റിസൽട്ടിന് കാത്തിരിക്കുന്നു. രണ്ടാമത്തെ മകൾ പ്ലസ് ടു കഴിഞ്ഞ് കോളേജിൽ ചേരാനുള്ള ഒരുക്കത്തിലാണ്. മൂന്നാമത്തെ മകൾ ചെറിയ ക്ലാസ്സിൽ പഠിക്കുന്നു. നാലാമത്തെ മകൻ കുഞ്ഞാണ്. പല പൊതുപ്രവർത്തകരുടെയും സമ്പാദ്യം ഇസ്തിരി ചുളിയാത്ത കഞ്ഞിപ്പശയിൽ വടിവൊത്ത് നിൽക്കുന്ന തൂവെള്ള വസ്ത്രമാകുമെന്ന് അവരുടെ കാലശേഷമാകും മാലോകരറിയുക. തിളങ്ങുന്ന ആ പട്ടികയിലെ ഒരാൾ കൂടിയാണ് പൂന്തുറ സിറാജെന്ന് അറിഞ്ഞപ്പോൾ ശരിക്കും മനസ്സൊന്ന് പിടഞ്ഞു.

ഇർഫാന്റെയും മറ്റു ബന്ധുമിത്രാതികളുടെയും കരം ഗ്രഹിച്ച് യാത്രചൊല്ലി ഇറങ്ങിയ ഞങ്ങൾ നേരെ പോയത് പൂന്തുറ വലിയ പള്ളി ഖബർസ്ഥാനിലേക്കാണ്. സിറാജ് സാഹിബിന്റെ മൃതദേഹം അടക്കം ചെയ്തിടത്തെത്തി പ്രാർത്ഥന നടത്തിയ ശേഷമാണ് പൂന്തുറയിൽ നിന്ന് പിരിഞ്ഞത്. ജഗദീശ്വരൻ സിറാജിന് പരലോക മോക്ഷം നൽകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KT JALEEL, POONTHURA SIRAJ, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.