ഷൊർണൂർ: ഒറ്റപ്പാലം എസ്.എൻ.ഡി.പി.യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 94-ാം മഹാ സമാധി ദിനം ആചരിച്ചു. കുളപ്പുള്ളി ദിൽന ഹാളിൽ നടന്ന ദിനാചരണം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗുരു ജയന്തിയും ഗുരു സമാധി ദിനാചരണവും നാടിന് നൽകുന്ന സന്ദേശം വളരെ വലുതാണെന്ന് വി.പി. ചന്ദ്രൻ പറഞ്ഞു. ശിഥില ചിന്തകൾ വേരോടുന്ന പുതിയ ലോകത്ത് ഗുരുദേവ സന്ദേശങ്ങൾക്ക് പ്രസക്തി കൂടി വരികയാണെന്നും ചന്ദ്രൻ പറഞ്ഞു. യൂണിയൻ സെക്രട്ടറി സി.സി. ജയൻ അദ്ധ്യക്ഷനായി. എം. അരവിന്ദാക്ഷൻ, ബി. വിജയകുമാർ, എ. സ്വയം പ്രഭ, പി. സുപ്രിയ, കെ. നാരായണൻ, എന്നിവർ സംസാരിച്ചു.