SignIn
Kerala Kaumudi Online
Wednesday, 18 May 2022 4.18 PM IST

നെഹ്‌റുവിനെ മായ്‌ക്കുമ്പോൾ

jawaharlal-nehru

ഭാരത സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷവേളയിൽ കേന്ദ്രസർക്കാർ 'ആസാദി കാ അമൃത് മഹോത്സവ് 'എന്ന പേരിൽ ആഘോഷപരിപാടികൾ സംഘടിപ്പിരിക്കുകയാണല്ലോ. 75 വർഷം കൊണ്ട് നമ്മുടെ രാജ്യം സ്വായത്തമാക്കിയ വളർച്ച പ്രതിഫലിപ്പിക്കുക എന്നതാണ് ഉദ്ദേശ്യലക്ഷ്യം. 2021 മാർച്ച് 12 ന് ഗാന്ധിജിയുടെ ഓർമകൾ നിറഞ്ഞുനില്‌ക്കുന്ന സബർമതി ആശ്രമത്തിൽ വച്ചാണ് ' ആസാദി ക അമൃത് മഹോത്സവ് ' പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിൽ സ്വാതന്ത്ര്യസമര നേതാക്കളായ രാഷ്ട്രപിതാവ് ഗാന്ധിജി മുതൽ സുഭാഷ്ചന്ദ്രബോസ് അടക്കമുള്ള നേതാക്കന്മാരെ പരാമർശിച്ചപ്പോൾ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ പരാമർശിക്കാതിരിക്കാൻ പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു. ഇനിയും ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികളെയും അവരുടെ ത്യാഗത്തെയും രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യവും ഈ ഉത്സവത്തിനുണ്ട്.
ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ വെബ്‌ സൈറ്റിലെ മുഖപേജിലെ ഫോട്ടോയിൽ നിന്നും ജവഹർലാൽ നെഹ്‌റു പുറത്തായി. പകരം സംഘപരിവാർ ആചാര്യൻ വി.ഡി.സവർക്കർ ഇടംപിടിച്ചിരിക്കുന്നു. മഹാത്മാഗാന്ധി, ബി.ആർഅംബേദ്കർ, സർദാർ വല്ലഭായ്‌ പട്ടേൽ, സുഭാഷ്ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, മദൻമോഹൻ മാളവ്യ, ഭഗത്‌സിംഗ്,
വി.ഡി.സവർക്കർ എന്നിവർ സ്ഥാനംപിടിച്ചപ്പോൾ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാന അബ്ദുൽകലാം
ആസാദും മാത്രമാണ് ഒഴിവാക്കപ്പെട്ടത്. ചരിത്രഗവേഷണ കൗൺസിലിന്റെ ഒഴിവാക്കൽ നയം കേവലം യാദൃശ്ചികമല്ലെന്ന നിഗമനത്തിൽ എത്തിച്ചേരേണ്ടിവരും. നെഹ്‌റുവിന്റെ മരണശേഷം അരനൂറ്റാണ്ടുകൾക്ക് ഇപ്പുറവും നെഹ്‌റുവിനെ എതിരാളികൾ ഭയപ്പെടുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ കാലിക പ്രസക്തി. നെഹ്‌റുവിനെ ഇകഴ്ത്താനായി പട്ടേലിനെ ഉയർത്താൻ ശ്രമിക്കുന്നവർ ഇന്ത്യയെ വെട്ടിമുറിക്കാതിരിക്കാൻ ഗാന്ധിജിയെ പോലെതന്നെ അവസാനം വരെ പൊരുതിയ തികഞ്ഞ ദേശസ്‌നേഹിയായിരുന്നു നെഹ്‌റു എന്നത് മറക്കരുത്. ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത, മനുഷ്യാവകാശം, ശാസ്ത്രബോധം,
സ്വതന്ത്രമായ വിദേശനയവും സ്വീകരിക്കാൻ കഴിയുന്ന ഭാരതത്തിലെ പരമോന്നത നിയമസംഹിതയായ ഭരണഘടനക്ക് ദിശാബോധം നൽകാനും കഴിഞ്ഞ മഹത് വ്യക്തിത്വമാണ് നെഹ്‌റുവിന്റെത്. നെഹ്‌റുവിന് ശാസ്ത്രം എന്നാൽ അറിവിനപ്പുറം ജീവിതവീക്ഷണം തന്നെയായിരുന്നു. ഉയർന്ന ജീവിതവീക്ഷണമുള്ളവർക്ക് ഉയർന്ന ശാസ്ത്രീയ മനോഭാവത്തോടെ കാര്യങ്ങളെ കാണാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഉയർന്നശാസ്ത്ര ബോധം സാമൂഹിക പുരോഗതിയും സൃഷ്ടിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
ശാസ്ത്രനിഷേധം സാമൂഹ്യപുരോഗതിയെയും മനുഷ്യവിഭവ സാദ്ധ്യതകളെയും പിന്നോട്ടടിക്കുമെന്ന് അദ്ദേഹം കൃത്യമായി മനസിലാക്കിയിരുന്നു. ഇന്ന് ഇന്ത്യൻ സയൻസ്‌ കോൺഗ്രസിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ നെഹ്‌റു സ്വപ്നംകണ്ട ശാസ്ത്രബോധം അഥവാ സയന്റിഫിക് ടെമ്പർ എന്ന ആശയത്തിൽ നിന്ന് ഇന്ത്യ അകന്നു പോയതിന്റെ നേർചിത്രമാണ്. അവതരിപ്പിക്കപ്പെടുന്ന പല പ്രബന്ധങ്ങളും മദ്ധ്യകാലഘട്ടത്തിലെ യൂറോപ്യൻ ആൽക്കെമിസ്റ്റ് ഓർമിപ്പിക്കുന്നു.
ആധുനിക ഇന്ത്യയുടെ ശില്പിയായ നെഹ്‌റു തന്നെയാണ് ഇന്ത്യൻ ചരിത്രരചനയെ ശാസ്ത്രീയമായി സമീപിച്ചത്. നെഹ്‌റുവിയൻ ചരിത്ര നിർമ്മാണകാലഘട്ടത്തിന് മുൻപ് ഇന്ത്യ ചരിത്രനിർമ്മാണ രീതി എന്നത് ഹിന്ദു ഇന്ത്യ, ഇന്ത്യ മുസ്ലിം അധിനിവേശ ചരിത്രം, കൊളോണിയൽ ഇന്ത്യ എന്നീ കാലഹരണപ്പെട്ട കാലഘട്ട നിർമ്മിതിയായിരുന്നു. ഇത്ചരിത്രത്തിന്റെ തെറ്റായ നിർമ്മിതിയ്ക്കും വർഗീയവത്കരണത്തിനും കാരണഹേതുവാകുമെന്ന തിരിച്ചറിവിൽ നിന്ന് ജനാധിപത്യ മതേതരത്വ മൂല്യങ്ങളെ ഉൾക്കൊള്ളുന്ന ശാസ്ത്രീയ ചരിത്രം രേഖപ്പെടുത്തൽ രീതി അദ്ദേഹം അവലംബിച്ചു. വലുതും ചെറുതുമായ മുപ്പതോളം പുസ്തകങ്ങളുടെ രചയിതാവായ പണ്ഡിറ്റ് നെഹ്‌റു ചരിത്രത്തോടും താൻ വിശ്വസിച്ച പ്രത്യയശാസ്ത്ര അവബോധത്തോടും എന്നും നീതിപുലർത്തിയിരുന്നു. ഇന്ത്യയെ കണ്ടെത്തൽ എന്ന തന്റെ രചനയിലൂടെ ഇന്ത്യാ ചരിത്രത്തിന്റെ കാലഘടനാ സമ്പ്രദായങ്ങളെ മാറ്റിയെഴുതി. ആധുനിക ഇന്ത്യയുടെ ചരിത്രബോധ നിർമ്മിതിയും സാദ്ധ്യമാക്കി. എന്നാൽ ഇന്ന് ചരിത്ര പുനർനിർമ്മിതിക്കായി കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾ നെഹ്‌റുവിയൻ ചരിത്ര നിർമ്മാണരീതികളെ തിരസ്‌കരിക്കുന്നതിനൊപ്പം വർഗീയവത്‌കരിക്കപ്പെട്ട ഒരു ചരിത്ര പുനർനിർമ്മിതിയാണ് ലക്ഷ്യംവയ്ക്കുന്നത്.
നെഹ്‌റു സ്ഥാപിച്ച പ്ലാനിങ്‌ ബോർഡിന് പകരക്കാരനായി വന്ന നീതി ആയോഗ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെതന്നെ വില്‌പനയ്ക്ക് വച്ചിരിക്കുന്നു. നെഹ്‌റുവിന്‌ സോഷ്യലിസം എന്നാൽ സാമൂഹ്യനീതിയും സാമ്പത്തിക സമത്വവും കൂടിച്ചേരുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥിതിയും ജീവിതരീതിയും ആയിരുന്നു. സമ്പത്തിനൊപ്പം സംസ്‌കാരവും വളർത്തുക എന്നതായിരുന്നു നെഹ്‌റുവിയൻ വീക്ഷണം. ബഹിരാകാശനേട്ടങ്ങളും ആണവ ഗവേഷണങ്ങളും സാമ്പത്തിക അടിത്തറയും നെഹ്‌റുവിയൻ സംഭാവനയാണ്.

1991 കോൺഗ്രസ് ഗവൺമെന്റ് ആരംഭിച്ച പുത്തൻ സാമ്പത്തികനയം നെഹ്‌റുവിയൻ സമ്പദ് വ്യവസ്ഥിതിയെ ചരിത്രത്തിന്റെ ഭാഗമാക്കി. ചേരിചേരാനയത്തിൽ ഊന്നി വിദേശനയം രൂപപ്പെടുത്തിയ നെഹ്‌റു അന്താരാഷ്ട്രവേദികളിൽ ഇന്ത്യയുടെ ശബ്ദമായിരുന്നു. വിദേശനയത്തിൽ ഇന്ന് കിട്ടുന്ന അംഗീകാരവും നെഹ്രുവിന്റെ വിദേശനയത്തിന് കിട്ടുന്ന അംഗീകാരം കൂടിയാണ്. ഫാസിസ്റ്റ് പ്രതിലോമ ശക്തികൾക്കെതിരായി എന്നും നിലപാട് സ്വീകരിച്ച വ്യക്തിത്വമായിരുന്നു നെഹ്രുവിന്റെത്. മതേതരത്വത്തിലൂന്നിയ ദേശീയത എന്നാൽ ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ഒരുപോലെ ഉൾക്കൊള്ളുന്ന ആശയഗതിയാണ് അദ്ദേഹം മുന്നോട്ടുവച്ചത്.
ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിറുത്തണമെങ്കിൽ ജനാധിപത്യ മതേതര രാഷ്ട്രം സ്ഥാപിച്ച് അതിനെ ഉറപ്പിച്ചാൽ മാത്രമേ സാധിക്കൂ എന്ന് വിശ്വസിച്ച നെഹ്‌റു എല്ലാകാലത്തും വർഗീയ ചിന്തകൾക്കും ഫാസിസ്റ്റ് ശക്തികൾക്കും എതിരായ നിലപാടുകൾ സ്വീകരിക്കുകയും ശാസ്ത്ര അവബോധത്തിലൂന്നിയ ഭരണക്രമം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ ജാതിമത പ്രതിലോമശക്തികൾ എല്ലാക്കാലത്തും നെഹ്‌റുവിനെ എതിർത്തു. ആസാദി ക മഹോത്സവത്തിൽ നെഹ്‌റുവിനെ തിരസ്‌കരിക്കുബോൾ ഇന്ത്യയുടെ ഇന്നലെകളെ തന്നെയാണ് തമസ്‌കരിക്കുന്നത്.

(ലേഖകൻ സുൽത്താൻബത്തേരി സെന്റ്‌ മേരീസ്‌ കോളേജിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിൽ സീനിയർ അസിസ്റ്റന്റ്‌ പ്രൊഫസറാണ്)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEHRU
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.