SignIn
Kerala Kaumudi Online
Saturday, 28 May 2022 7.38 PM IST

അഫ്ഗാൻ പ്രശ്നത്തിന്റെ മാനുഷിക കെടുതികൾ

afgan

ലോകത്തെ ദരിദ്രരാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനിൽ, താലിബാന്റെ സ്ഥാനാരോഹണം അവിടത്തെ സാധാരണക്കാർക്കും സമ്പദ് വ്യവസ്ഥയ്ക്കും സമ്മാനിക്കുന്നത് കൂടുതൽ വ്യഥകളായിരിക്കുമെന്നതിന്റെ സൂചനകൾ വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. രണ്ടാംതവണ താലിബാൻ അധികാരത്തിലെത്തുന്നതിന് വളരെ മുമ്പു തന്നെ രാജ്യത്തിന്റെയും ജനങ്ങളുടെയും സ്ഥിതി വഷളായി വരികയായിരുന്നു. സാമ്പത്തികവളർച്ച ആറേഴു കൊല്ലമായി മുരടിപ്പിലായിരുന്നു. അഞ്ചുവർഷം മുൻപ് തന്നെ ജനസംഖ്യയുടെ 54.5ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെ ആയിരുന്നെന്നും പിന്നീടങ്ങോട്ട് കൂടുതൽ പേർ രേഖയ്‌ക്ക് താഴേക്ക് വീണുവെന്നുമാണ് റിപ്പോർട്ട്. ജനസംഖ്യയുടെ 75 ശതമാനവും യുവാക്കളായ നാട്ടിൽ, തൊഴിലില്ലായ്മ 2020 ൽ 30 വർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ 11.8 ശതമാനം എന്ന തോതിലെത്തിയിരുന്നു. സർക്കാരിന്റെ വരുമാന സ്രോതസുകൾ കുറെനാളുകളായി വരളുകയായിരുന്നു; അതിന്റെ ദോഷം കൂടുതലായി ബാധിച്ചത് സാമൂഹിക മേഖലകളിലുമായിരുന്നു. ഇതിനൊക്കെ പുറമെ രാജ്യം കൊടിയ വരൾച്ചയുടെ പിടിയിലായത് തൊഴിലെടുക്കുന്നവരുടെ 44 ശതമാനവും ആശ്രയിക്കുന്ന കാർഷികരംഗത്തെ ദുരിതമയമാക്കി. ഈ സമയത്താണ് താലിബാൻ ഭരണംപിടിച്ചത്.

1996 മുതൽ 2001 വരെയുള്ള ഒന്നാംതാലിബാൻ ഭരണം താറുമാറാക്കിയ അഫ്ഗാനിസ്ഥാൻ കഴിഞ്ഞ ഇരുപത് വർഷവും പിടിച്ചുനിന്നത് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളുടേയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും സഹായത്തിലായിരുന്നു. വിദേശസഹായം അഫ്ഗാൻ ജി.ഡി.പിയുടെ 40ശതമാനം ആയെന്നാണ് ലോകബാങ്കിന്റെ കണക്ക്. സർക്കാർ ചെലവുകൾക്കുള്ള മുഖ്യ സ്രോതസും പുറമെനിന്നുള്ള സംഭാവനകൾ തന്നെയായിരുന്നു. കഴിഞ്ഞവർഷത്തെ ബഡ്ജറ്റിന്റെ 80 ശതമാനവും വന്നുചേർന്നത് വിദേശ സഹായത്തിലൂടെയായിരുന്നു. എന്നാൽ താലിബാന്റെ രണ്ടാംവരവോടെ അതിനെല്ലാം ഇപ്പോൾ ബ്രേക്ക് വീണിരിക്കുകയാണ്. കടുത്ത സാമ്പത്തിക ഉപരോധമാണ് പുതിയ ഭരണകൂടത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് ലഭ്യമായിരുന്ന ഫണ്ടുകളെല്ലാം മരവിപ്പിക്കപ്പെട്ടിരിക്കുന്നു. ലോകബാങ്ക് സ്വന്തംനിലയിൽ നൽകിവന്നിരുന്ന ധനസഹായം നിറുത്തിയതിനു പുറമേ അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായി പല രാജ്യങ്ങളിൽ നിന്നുള്ള സംഭാവനകളിലൂടെ ബാങ്ക് സ്വരൂപിച്ച ഫണ്ടിൽ നിന്നുള്ള സഹായങ്ങളും തടഞ്ഞു. ഏഷ്യൻ വികസന ബാങ്കിന്റെ ഫണ്ട് കൈമാറ്റങ്ങളും നിറുത്തിവച്ചിരിക്കുന്നു. ജർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങളും നിലച്ചു. അമേരിക്കയുടെ കേന്ദ്രബാങ്കിൽ അഫ്ഗാനിസ്ഥാൻ കരുതലായി സൂക്ഷിച്ചിരുന്ന 700 കോടി ഡോളറിന്റെ വിദേശനാണ്യശേഖരത്തിനും പൂട്ട് വീണിരിക്കുന്നു. ഇപ്രകാരം ധനത്തിന്റെ ഒഴുക്ക് ഒറ്റയടിക്ക് നിലച്ചതിന്റെ ഫലമായി അഫ്ഗാൻ സർക്കാരിന്റെ ഖജനാവ് തകർച്ചയുടെ വക്കിലെത്തി നില്ക്കുകയാണ്. അദ്ധ്യാപകർക്കും മറ്റു സർക്കാർ ജീവനക്കാർക്കും ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. നേരത്തെ, വിദേശ സഹായത്താൽ കുറച്ചൊക്കെ മെച്ചപ്പെട്ട് വന്നിരുന്ന പൊതുജനാരോഗ്യരംഗവും ഗ്രാമീണ മേഖലയും പ്രതിസന്ധിയിലാണ്. യഥാർത്ഥത്തിൽ താലിബാൻ ഭരണകൂടത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധത്തിന്റെ ദുരിതം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത് അവിടത്തെ പാവങ്ങളാണ്. ഭീകരബന്ധമുണ്ടായിരുന്ന ഒന്നാംതാലിബാൻ സർക്കാരിന്റെ സമാനഘടന തന്നെയാണ് രണ്ടാം സർക്കാരിനുമുള്ളതിനാൽ വിദേശ സഹായങ്ങൾ ഉടനെയൊന്നും പഴയ പടിയാകില്ല. ചുരുക്കത്തിൽ ജീവിതം കൂടുതൽ ദുസഹമാകുന്ന ദയനീയാവസ്ഥയിലാണ് ജനത.

ഒന്നാംതാലിബാൻ സർക്കാർ അധികാരമേറ്റ1996 മുതൽ അഫ്ഗാനിസ്ഥാനിൽ വളർന്നു പന്തലിച്ച അധോലോക സമ്പദ്‌വ്യവസ്ഥ പുത്തൻഭരണത്തിൻ കീഴിൽ വീണ്ടും ശക്തി പ്രാപിക്കാനുള്ള സാദ്ധ്യതയേറെ. മയക്കുമരുന്ന് നിർമ്മാണം, ചെമ്പ്, ഈയം, ലിഥിയം തുടങ്ങിയ ധാതുക്കളുടെ അനധികൃത ഖനനം, കൊടിയ അഴിമതി തുടങ്ങിയവയാണ് അഫ്ഗാനിസ്ഥാന്റെ സമാന്തര സമ്പദ് വ്യവസ്ഥയ്ക്ക് വളമായത്. കറുപ്പുകൃഷിയിൽ ലോകത്തെ ഒന്നാംനമ്പറാണ് അഫ്ഗാനിസ്ഥാൻ. അമേരിക്കൻ സൈനിക വിഭാഗത്തിലെ കണക്കനുസരിച്ച് ലോകത്തെ ഹെറോയ്ൻ നിർമ്മാണത്തിന്റെ 90 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് അഫ്ഗാനിസ്ഥാനിൽ വളർത്തുന്ന കറുപ്പിൽ നിന്നാണ്. രാജ്യത്തെ ഔദ്യോഗികവും അനൗദ്യോഗികവും ചേർന്നുള്ള ജി.ഡി.പിയുടെ 60 ശതമാനം വരും അവിടത്തെ കറുപ്പ് വിപണിയുടെ പങ്ക്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രധാന ഘടകമായി മാറിയിരിക്കുകയാണ് കറുപ്പ് വിപണി. കഴിഞ്ഞ 20 വർഷമായി താലിബാന് ഊർജ്ജം പകർന്ന മേഖല കൂടിയാണിത്. കറുപ്പിന്റെ കച്ചവടവുമായി ബന്ധപ്പെട്ട് ഒരുവർഷം അവർക്ക് ലഭിച്ചുകൊണ്ടിരുന്നത് 200 ദശലക്ഷം ഡോളറായിരുന്നു. അതുകൊണ്ടുതന്നെ കറുപ്പ് കൃഷിയുടെയും അതിന്റെ കച്ചവടത്തിന്റെയും നേട്ടം മുഖ്യമായും കൊയ്‌തെടുത്തത് താലിബാനായിരുന്നു. മറ്റ് വരുമാന മാർഗങ്ങൾ അടഞ്ഞുപോയതിനാൽ ഈ മേഖലയെ ആശ്രയിക്കേണ്ടിവന്ന സാധാരണജനത്തിന് അത് നല്‌കിയത് കഴിഞ്ഞുകൂടാനുള്ള വകമാത്രമായിരുന്നു.
വരൾച്ച മൂലവും അമേരിക്കയുടെ കറുപ്പിനെതിരായ യുദ്ധം മൂലവും ഇതിന്റെ കൃഷിക്കായി കടംവാങ്ങിയ തുക തിരിച്ചുനൽകാൻ കഴിയാത്ത അവസ്ഥയിൽ സ്വന്തം പെൺമക്കളെ മയക്കുമരുന്നു കടത്തുകാർക്കു വില്‌ക്കേണ്ടിവന്ന ദുരവസ്ഥയും അവർക്ക് നേരിടേണ്ടി വന്നു. 'കറുപ്പിന്റെ മണവാട്ടികൾ' എന്ന ദയനീയമായ ഒരു സംസ്‌കാരം തന്നെ സംജാതമായെന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. പാവപ്പെട്ടവരുടെ ജീവസന്ധാരണത്തിന് വേണ്ടിയുള്ള മറ്റ് ഏർപ്പാടുകൾ ചെയ്യാതെയുള്ള അമേരിക്കയുടെ 'കറുപ്പ് യുദ്ധം' ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഈ യുദ്ധത്തിനായി 800 കോടി ഡോളറിലധികം ചെലവിട്ടെങ്കിലും കറുപ്പിന്റെ ഉത്പാദനം ഉയരുകയാണ് ചെയ്തത്. അമേരിക്കയുടെ പിന്തുണയോടെയുള്ള മുൻ അഫ്ഗാൻ ഭരണകൂടം അഴിമതിയുടെ കൂത്തരങ്ങായും മാറിയിരുന്നു. ഇത് രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെ ആകെ ദുർബലപ്പെടുത്തിയിരുന്നു. ഇതുമൂലമുള്ള കഷ്ടനഷ്ടങ്ങളിൽ ഏറെയും പേറേണ്ടി വന്നത് സമ്പദ് വ്യവസ്ഥയും സാധാരണക്കാരുമായിരുന്നു. അഴിമതി പ്രോത്സാഹിപ്പിക്കുകയും അതിന്റെ പങ്കുപറ്റുകയും ചെയ്തിരുന്ന താലിബാന് അടുത്തെങ്ങും അതിന് എതിരെ നടപടിയെടുക്കാനാകില്ലെന്നാണ് കരുതപ്പെടുന്നത്. താലിബാനെ സ്ത്രീവിരുദ്ധ നിലപാടുകൾ നടപ്പിലാക്കിയാൽ അത് വനിതകളുടെ വിദ്യാഭ്യാസത്തിനും തൊഴിൽ ലഭ്യതയ്ക്കും ഭീഷണിയാകും. രാജ്യത്തെ ധനമേഖലയിൽ താലിബാൻ കൊണ്ടുവരാനിടയുള്ള ഇസ്ലാമിക് ബാങ്കിംഗ് പോലെയുള്ള പരിഷ്‌കാരങ്ങൾ ഏത് രീതിയിലാണ് നടപ്പിലാക്കുകയെന്ന ആശങ്കകളുണ്ട്.

ഇപ്രകാരം നാനാവിധ അനിശ്ചിതത്വങ്ങളുടെ പിടിയിലമർന്നിരിക്കുന്ന അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ താലിബാനെതിരെയുള്ള കാഴ്ചപ്പാടിൽ മാത്രം ഊന്നിക്കൊണ്ടുള്ള അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും ഇപ്പോഴത്തെ പ്രതികരണങ്ങൾ ആ രാജ്യത്തെ മനുഷ്യത്വപരമായ പ്രതിസന്ധികൾ രൂക്ഷമാക്കുമെന്നതിൽ സംശയമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AFGAN ECONOMY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.