ഉന്നമിട്ടത് മാല പൊട്ടിക്കാൻ തട്ടിക്കൊണ്ടുപോകാനും ശ്രമം
ഹരിപ്പാട്: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ ആരോഗ്യ പ്രവർത്തക തൃക്കുന്നപ്പുഴ പാനൂർ ഫാത്തിമ മൻസിലിൽ നവാസിന്റെ ഭാര്യ സുബിനയെ (35) ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു. മാല പിടിച്ചുപറിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു. കഴുത്തിന് പരിക്കേറ്റ സുബിന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പല്ലന ഹൈസ്കൂളിന് വടക്ക് തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. താത്കാലിക നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന സുബിന ആളൊഴിഞ്ഞ റോഡിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിൽ പിന്തുടർന്ന് എത്തിയ യുവാക്കളിൽ ഒരാൾ സുബിന ധരിച്ചിരുന്ന ഹെൽമെറ്റിന് പിന്നിൽ അടിച്ചു. ഇതോടെ നിയന്ത്രണം തെറ്റി സ്കൂട്ടർ സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. നിലത്തുവീണ സുബിനയുടെ കഴുത്തിൽ കുത്തിപ്പിടിച്ച അക്രമികൾ മാലയ്ക്കായി പരതിയെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും ആക്രമിച്ചു. സുബിനയെ ബൈക്കിന് നടുവിലിരുത്തി കടത്തിക്കൊണ്ടുപോകാനും ശ്രമിച്ചു. ഇതിനിടെ സമീപത്തെ വീട്ടിലേക്ക് സുബിന കുതറിയോടി. ഈ സമയം പൊലീസിന്റെ പട്രോളിംഗ് വാഹനം ഇതുവഴിയെത്തിയതോടെ അക്രമികൾ കടന്നുകളഞ്ഞു. പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ, സുബിന വീട്ടിൽ എത്താൻ വൈകിയതിനെ തുടർന്ന് തിരക്കിയിറങ്ങിയ സഹോദരനും സ്ഥലത്തെത്തി. ഭർത്താവിനെയും വിവരമറിയിച്ചു. സുബിനയെ ഇവർക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചശേഷം പൊലീസ് പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. തോട്ടപ്പള്ളി ഭാഗത്തേക്കാണ് അക്രമികൾ കടന്നത്. ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെപ്പറ്റി വിവരം ലഭിച്ചതായാണ് സൂചന. പ്രതികൾ ഉടൻ പിടിയിലാകുമെന്നും മോഷണശ്രമത്തിനിടെയുണ്ടായ ആക്രമണമാണെന്നും തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. എന്നാൽ, തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല.
നടുക്കം വിട്ടുമാറാതെ..
ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്റെ നടുക്കത്തിൽ നിന്ന് സുബിന ഇനിയും മുക്തയായിട്ടില്ല. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പിന്നാലെ ഒരു ബൈക്ക് വന്നതും ആക്രമിച്ചതുമൊക്കെ നടുക്കത്തോടെയാണ് സുബിന ഓർത്തെടുക്കുന്നത്. എങ്ങനെയോ ധൈര്യം സംഭരിച്ചാണ് അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഓടിയത്. അക്രമികൾ പിന്നാലെയുള്ളതായി തോന്നി. പൊലീസ് ജീപ്പ് കണ്ടതോടെയാണ് ആശ്വാസമായത്. സുബിനയ്ക്ക് കഴുത്തിന് പുറമേ കൈയ്ക്കും കാലിനും ചെറിയ പരിക്കുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |