തിരുവനന്തപുരം: പി.എസ്.സി നടത്തിയ വകുപ്പുതല പരീക്ഷയുടെ ചോദ്യപേപ്പർ മാറി. തിരുവനന്തപുരം മണക്കാട് ഗവ.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിൽ വ്യാഴാഴ്ച നടന്ന വകുപ്പുതല പരീക്ഷകളുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. വിവരം ഇൻവിജിലേറ്റർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പി.എസ്.സി ആസ്ഥാനത്തുനിന്നും പുതിയ ചോദ്യപേപ്പറും ഒ.എം.ആർ ഷീറ്റും എത്തിക്കുകയും അധിക സമയം അനുവദിച്ച് പരീക്ഷ പൂർത്തിയാക്കുകയുമായിരുന്നു.ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ചോദ്യപേപ്പർ മാറി നൽകാൻ കാരണമായത്. പേപ്പർ കോഡ് മനസിലാക്കാതെ ചോദ്യപേപ്പറുകൾ വിതരണം ചെയ്തതിലുണ്ടായ പിഴവാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാന്വൽ ഓഫ് ഓഫീസ് പ്രൊസീജിയർ (എം.ഒ.പി),ഡിസ്ട്രിക്ട് ഓഫീസ് മാന്വൽ(ഡി.ഒ.എം), സെക്രട്ടേറിയറ്റ് ഓഫീസ് മാന്വൽ (എസ്.ഒ.എം) എന്നിവയാണ് ഇന്നലെ നടന്ന പരീക്ഷകൾ. ഇതിൽ എം.ഒ.പിക്ക് -027,ഡി.ഒ.എം-025,എസ്.ഒ.എം-028 എന്നിങ്ങനെയായിരുന്നു പേപ്പർ കോഡ്. എന്നാൽ ഡിസ്ട്രിക്ട് ഓഫീസ് മാന്വൽ വേണ്ടവർക്ക് കോഡ് നോക്കാതെ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലാണ് ഇൻവിജിലേറ്റർമാർ നൽകിയത്. പരീക്ഷ എഴുതിയവർ പരാതിപ്പെട്ടതോടെ പി.എസ്.സി ആസ്ഥാനത്തുനിന്നും പ്രത്യേക സ്ക്വാഡ് എത്തി വിതരണം ചെയ്ത ഉത്തരക്കടലാസും ചോദ്യപേപ്പറും തിരികെ വാങ്ങി പുതിയ ഒ.എം.ആർ ഷീറ്റും ചോദ്യപേപ്പറും നൽകുകയായിരുന്നു.
സംഭവത്തിൽ പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്ട് അഡീഷനൽ ചീഫ് സൂപ്രണ്ടുമാരോടും വിശദീകരണം തേടാൻ പി.എസ്.സി തീരുമാനിച്ചു. പരീക്ഷാകേന്ദ്രത്തിലെ ക്രമീകരണത്തിൽ പാളിച്ചകളുണ്ടായിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. നോട്ടീസ് ബോർഡിൽ രേഖപ്പെടുത്തിയ നമ്പർ അനുസരിച്ച് ക്ലാസിലെത്തിയ പലർക്കും തങ്ങളുടെ രജിസ്റ്റർ നമ്പർ കണ്ടെത്താൻ സാധിച്ചില്ല. ഇവർക്ക് പിന്നീട് സീറ്റ് തരപ്പെടുത്തികൊടുക്കുകയായിരുന്നു. അതേസമയം സെക്രട്ടറിയേറ്റ് ഓഫീസ് മാന്വൽ പരീക്ഷയിലെ ചോദ്യങ്ങൾ സിലബസിന് പുറത്തുള്ളവയാണെന്ന് ആരോപിച്ച് പരീക്ഷയെഴുതിയ ജീവനക്കാർ പി.എസ്.സി പരീക്ഷ കൺട്രോളർക്ക് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |