കൊച്ചി: ഭാര്യയെയും മക്കളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ രാമമംഗലം മേമ്മുറി നെയ്ത്തുശാലപ്പടി മൂട്ടമലയിൽ കണ്ണായി എന്നുവിളിക്കുന്ന റെനിക്ക് (37) വിചാരണക്കോടതി ജീവപര്യന്തം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒന്നര വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക കെട്ടിവച്ചാൽ ആക്രമണത്തിനിരയായ ഭാര്യ സ്മിതയ്ക്കും നാലു മക്കൾക്കും നഷ്ടപരിഹാരമായി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. ജില്ല സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
2019 ജനുവരി 17 ന് പുലർച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. രണ്ടാം ഭാര്യയായ സ്മിതയും കുട്ടികളുമായി വാടകയ്ക്ക് താമസിക്കുന്ന നെയ്ത്തുശാലപ്പടിയിലെ വീട്ടിലെത്തിയ പ്രതി ഇവരെ ആസിഡ് ഒഴിച്ചു കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. അയൽവാസി റബർ പാൽ ഉറയൊഴിക്കാൻ കന്നാസിൽ വാങ്ങിവച്ചിരുന്ന ആസിഡ് പ്രതി ഒരു സ്റ്റീൽ കപ്പിൽ പകർന്നു കൊണ്ടുവന്ന് ഉറങ്ങിക്കിടന്ന സ്മിതയുടെയും കുട്ടികളുടെയും ശരീരത്തിലൊഴിച്ചു. സ്മിതയ്ക്കും കുട്ടികൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. രാമമംഗലം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്മിതയ്ക്കു പുതിയ വീടു നിർമ്മിച്ചു കിട്ടുന്നതിലുള്ള വൈരാഗ്യവും ഇവർക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയവും നിമിത്തമാണ് പ്രതി ആക്രമിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |