തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ് നടത്താനാണ് ഇപ്പോൾ ആലോചിക്കുന്നതെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടിയും വീണാജോർജും പറഞ്ഞു. ഉച്ചവരെ സ്കൂളുകളിൽ ക്ളാസും ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്ളാസും നടത്തുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്. അന്തിമ തീരുമാനമായിട്ടില്ല. കുട്ടികളെ നിർബന്ധിച്ച് സ്‌കൂളുകളിൽ എത്തിക്കില്ല. രക്ഷിതാക്കളുടെ അനുമതി ഉള്ളവരെ മാത്രമേ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു. സ്കൂൾ തുറക്കുന്നതിൻെറ മുന്നോടിയായി ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്തയോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ഷിഫ്റ്റ് സമ്പ്രദായവും പരിഗണിക്കുന്നുണ്ട്.
സ്കൂൾ തുറക്കുന്നതിന് മാർഗരേഖ തയ്യാറാക്കാൻ ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയന് നൽകും. അതിനുശേഷമേ സ്‌കൂൾ തുറക്കലിൽ വ്യക്തമായ ധാരണയുണ്ടാകൂ. മാനേജ്‌മെന്റുകളുമായും രക്ഷിതാക്കളുമായും അദ്ധ്യാപക സംഘടനകളുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് എല്ലാ സാദ്ധ്യതയും പരിശോധിച്ചാണ് സമഗ്ര റിപ്പോർട്ട് തയ്യാറാക്കുക.
ബയോബബിൾ
ബയോ ബബിൾ സുരക്ഷയിൽ കുട്ടികളെ കൊണ്ടു വരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ബയോബബിളിൽ എങ്ങനെയാകും കുട്ടികളെ നിലനിറുത്തുകയെന്ന് മന്ത്രി വ്യക്തമാക്കിയില്ല. ഒരു പരിപാടിയിൽ പങ്കെടുക്കുന്നവരെ മറ്റൊരിടത്തും സമ്പർക്കമുണ്ടാക്കാതെ ദീർഘകാലം സംരക്ഷിക്കുന്നതാണ് ബയോബബിൾ. സ്‌കൂളുകളിൽ എത്തുന്ന കുട്ടികൾ വീട്ടിൽ പോകും. അതുകൊണ്ട് തന്നെ കായികരംഗത്തും മറ്റും നടപ്പാക്കുന്ന ബയോബബിൾ സ്‌കൂളുകളിൽ ഏത് രീതിയിലാണ് നടപ്പിലാക്കുക എന്ന് വ്യക്തമല്ല.
വീട്ടുകാർക്ക് രണ്ട് ഡോസ് വാക്സിൻ
കുട്ടികളുടെ വീട്ടിലെ എല്ലാവർക്കും അതിവേഗം രണ്ട് ഡോസ് വാക്‌സിനും നൽകും. ഒരേ സമയം എത്ര കുട്ടികളെ വരെ ക്ലാസിൽ പ്രവേശിപ്പിക്കണം, ഒരു ബെഞ്ചിൽ എത്ര വിദ്യാർത്ഥികൾ ആകാം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായില്ല. വലിയ ക്ലാസുകളിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിലും ചെറിയ ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിലും വ്യത്യാസം കൊണ്ടുവന്നേക്കും.