അമ്പലപ്പുഴ: അമ്പലപ്പുഴ അഞ്ചാലും കാവ് തീരത്ത് ചെമ്മീൻകൊയ്ത്ത്. അഞ്ചാലും കാവ് തീരത്ത് ചാകര പ്രത്യക്ഷപ്പെട്ടിട്ട് ഒരു മാസമായെങ്കിലും പ്രധാന ഇനമായ ചെമ്മീൻ ലഭിച്ചത് ഇന്നലെയാണ്. ചില വള്ളങ്ങൾക്ക് 10 കുട്ട വരെ ചെമ്മീൻ ലഭിച്ചു. നാരൻ ചെമ്മീൻ ഒരു കിലോഗ്രാമിന് 200 രൂപ പ്രകാരമാണ് ലേലം പോയത്. കൊഴുവ,ചൂടൻ തുടങ്ങിയ ചെറു മത്സ്യങ്ങളും ഇന്നലെ മത്സ്യബന്ധനത്തിനു പോയ വള്ളങ്ങൾക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം അയലയും സുലഭഭമായി ലഭിച്ചിരുന്നു. കടലോരത്തെ സ്ഥല പരിമിതിയും ഇവിടേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയും മത്സ്യവില്പനയ്ക്ക് തടസമുണ്ടാക്കുന്നതായി തൊഴിലാളികൾ പറഞ്ഞു.