ക്വാർട്ടറിൽ മൊഹമ്മദൻസിനോട് 1-0ത്തിന് തോറ്റ് ഗോകുലം ഡുറൻഡ് കപ്പിൽ നിന്ന് പുറത്ത്
മൊഹമ്മദൻസിന്റെ വിജയഗോൾ നേടിയത് മുൻ ഗോകുലം താരം മാർക്കസ് ജോസഫ്
കൊൽക്കത്ത: കഴിഞ്ഞ തവണ തങ്ങളെ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മാർക്കസ് ജോസഫ് ഇക്കുറി ക്ളബുമാറിയിറങ്ങി വലകുലുക്കിയപ്പോൾ ഗോകുലം കേരള എഫ്.സി ഡുറൻഡ് കപ്പിന്റെ സെമി കാണാതെ പുറത്തായി. ക്വാർട്ടർ ഫൈനലിന്റെ 44-ാം മിനിട്ടിലാണ് മാെഹമ്മദൻസ് സ്പോർട്ടിംഗിന് വേണ്ടി മാർക്കസ് ജോസഫ് വിജയഗോൾ നേടിയത്.
ഗ്രൂപ്പ് ഡിയില്‍ നിന്ന് ചാംപ്യന്മാരായെത്തിയ ഗോകുലത്തിനെതിരേ മൊഹമ്മദൻസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോകുലത്തിന്റെ മുന്നേറ്റനിര താരങ്ങളായ ചികത്താരയെയും റഹീം ഒസ്മാനുവിനെയും പൂട്ടിയ മൊഹമ്മദൻസ് മാർക്കസിലൂടെ ഗോകുലത്തിന്റെ ഗോൾമുഖത്തേക്ക് മികച്ച മുന്നേറ്റങ്ങളും നടത്തി. 42ാം മിനുട്ടിൽ ചികത്താരയുടെ ക്രോസിൽ നിന്ന് അമിനോ ബൗബ പന്ത് മൊഹമ്മദൻസിന്റെ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചിരുന്നു. ഇതിന് പിന്നാലെ മാർക്കസ് ഉഗ്രനൊരു ഷോട്ടിലൂടെ തന്റെ മുൻ ക്ളബിന്റെ വലകുലുക്കി. 64ാം മിനിട്ടിലെ റഹീം ഒസ്മാനുവിന്റെ ശ്രമം മൊഹമ്മദൻസ് ഗോളി തട്ടിയകറ്റിയത് ഗോകുലത്തിന് നിരാശയായി.
സെമിയിൽ ബെംഗളൂരു യുണൈറ്റഡാണ് മൊഹമ്മദൻസിന്റെ എതിരാളികൾ.ടീമംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബെംഗളൂരുവിനെതിരായ ക്വാർട്ടർ ഫൈനലിൽ നിന്ന് ആർമി റെഡ് പിന്മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |