കൊല്ലം: അണ്ടർ 19 വനിത ക്രിക്കറ്റ് കേരള ടീമിൽ ഇടംനേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊല്ലം കൊല്ലൂർവിള ഭാരത് നഗർ 66ൽ ഗോപിക ഗായത്രി ദേവി.
ഓട്ടോ ഡ്രൈവറായ സുഗതന്റെയും അങ്കണവാടി അദ്ധ്യാപിക ബീനയുടെയും മകളാണ് മിന്നുവെന്ന ഗായത്രി. കൊല്ലം വിമല ഹൃദയ ഐ.സി.എസ്.ഇ എൽ.പി സ്കൂൾ, തുടർന്ന് വിമല ഹൃദയ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ പഠന സമയത്ത് മികച്ച അത്ലറ്റായിരുന്നു ഗോപിക. റവന്യു ജില്ലാ അത്ലറ്റിക് മീറ്റിൽ ജില്ലയിൽ ഒന്നാമതെത്തിയിരുന്നു. 2016ൽ കൊല്ലം ആശ്രാമം ക്രിക്കറ്റ് അക്കാഡമി, തുടർന്ന് കോട്ടയം- മാന്നാനം അക്കാഡമി എന്നിവിടങ്ങളിൽ സെലക്ഷൻ ലഭിച്ചു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സിപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്.
കഴിഞ്ഞ 7 മുതൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിനു ശേഷം ഗോപിക ഉൾപ്പെട്ട കേരള ടീം മത്സരത്തിൽ പങ്കെടുക്കാൻ വിശാഖപട്ടണത്തേക്ക് യാത്രതിരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖ്യ പരിശീലകരായ എം.രാജഗോപാൽ, ജസ്റ്റിൻ ഫെ ർണാണ്ടസ് എന്നിവരാണ് ടീമിനെ നയിക്കുന്നത്. ദേശീയ ടീമിൽ ഇടംനേടുകയാണ് ഗോപികയുടെ ലക്ഷ്യം. ഗോപികയ്ക്ക് ഭാരത് നഗർ പ്രസിഡന്റ്, എം.ആർ. മണിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |