അഹമ്മദാബാദ്: ഗുജറാത്തിലെ പത്താനിൽ പതിനൊന്നുകാരിയുടെ കൈ തിളച്ച എണ്ണയിൽ മുക്കിയതിന് അയൽവാസി പിടിയിൽ. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ സന്തൽപൂർ സ്വദേശിയായ ലഖി മക്വാനയെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് പൊള്ളലേറ്റ കുട്ടിയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബവും ലഖി മക്വാനയും അയൽക്കാരാണെന്ന് കേസ് അന്വേഷിക്കുന്ന സന്തൽപൂർ സബ് ഇൻസ്പെക്ടർ എൻ ഡി പർമാർ അറിയിച്ചു.
കുറച്ചു ദിവസം മുമ്പ് ലഖി മക്വാന ഒരു പുരുഷനുമായി വഴിവക്കിൽ നിന്ന് സംസാരിക്കുന്നത് കുട്ടി കണ്ടിരുന്നു. ഇത് ലഖിയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രക്ഷിതാക്കൾ പുറത്തു പോയ സമയം നോക്കി കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ച ലഖി താൻ പുരുഷനുമായി സംസാരിക്കുന്നത് കണ്ട കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്ന് ചോദിച്ചു. ഇല്ലെന്ന് കുട്ടി പറഞ്ഞത് വിശ്വസിക്കാതെ തിളച്ച എണ്ണയിൽ കൈ മുക്കി സത്യം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചപ്പോൾ ലഖി ബലമായി കുട്ടിയുടെ കൈ എണ്ണയിൽ മുക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി വന്ന മറ്റൊരു അയൽവാസിയാണ് പതിനൊന്ന്കാരിയെ ആശുപത്രിയിലാക്കുന്നതും അതിന്റെ വീഡിയോ എടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ ഇടുന്നതും. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഗുജറാത്ത് ശിശുക്ഷേമ കമ്മീഷൻ കളക്ടറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |