SignIn
Kerala Kaumudi Online
Thursday, 28 March 2024 7.23 PM IST

'ഞങ്ങളുടെ പൊന്നോമനകളുടെ ജീവന് ഭീഷണിയാകുന്ന പല ഘടകങ്ങൾ ഉണ്ട്': ഇപ്പോൾ സ്കൂളുകൾ തുറക്കരുതെന്ന് ലൂസിഫറിലെ നടി

sreeya-remesh

സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂൾ തുറക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ളാസ് തുറക്കാൻ ആലോചിക്കുന്നതെന്ന് മന്ത്രിമാരായ വി ശിവൻകുട്ടി, വീണ ജോർജ് എന്നിവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ഉടനെ സ്കൂളുകൾ തുറക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രീയ രമേശ്. നിർബന്ധമാണെങ്കിൽ മുതിർന്ന ക്ളാസുകൾ ആരംഭിക്കുക, ചുരുങ്ങിയ പക്ഷം നേഴ്‌സറി ക്ളാസുമുതൽ എട്ടാം ക്ലാസ് വരെ ഉള്ളവരെ എങ്കിലും ഒഴിവാക്കിത്തരണമെന്നാണ് ശ്രിയയുടെ ആവശ്യം.

ശ്രീയ രമേശിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-

*ഒരു അമ്മയുടെ അപേക്ഷ *

കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കളോട് ഒരമ്മയുടെ അഭ്യർത്ഥന.

ലോകത്തെ ജനങ്ങളെ ആകെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ചൈനയിൽ നിന്നും അപ്രതീക്ഷിതമായി കോവിഡ് -19 എന്ന മഹാമാരി പടർന്നപ്പോൾ നാമെല്ലാം ഏറ്റവും ആശങ്കപെട്ടത് നമ്മുടെ പൊന്നോമനകളെ കുറിച്ചതായിരുന്നു. ശലഭങ്ങളെ പോലെ പാറിനടന്നിരുന്ന കുരുന്നുകളെ പൊടുന്നനെ നാം വീടകങ്ങളിലേക്ക് ഒതുക്കി.

മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും നാം അവരെ സുരക്ഷിതരായി മാറോട് ചേർത്ത് പിടിച്ചു. പഠനത്തിനു ഓൺലൈൻ ക്ലാസുകൾ വ്യാപകമാക്കി. പലവിധ പരിമിതികൾ ഉണ്ടെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾ പുറത്തിറങ്ങി ആളുകളുമായി ഇടപെടേണ്ട സാഹചര്യം ഇല്ല. വീടുകളിൽ നിന്നും പുറത്ത് പോകുന്ന ഉത്തരവാദിത്വം ഉള്ള രക്ഷിതാക്കൾ പരാമാവധി സാനിറ്റൈസേഷനും മറ്റും നടത്തുന്നു.

മഹാമാരി നമ്മളെ ബുദ്ധിമുട്ടിക്കുവാൻ തുടങ്ങിയിട്ട് ഏതാണ്ട് ഒന്നരവർഷം ആയിരിക്കുന്നു, ഇതിനിടയിൽ മറ്റു പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു. എന്നാൽ മാധ്യമങ്ങളിൽ അനുദിനം വരുന്ന കോവിഡ് വാർത്തകളിൽ കേരളത്തിലെ മരണ നിരക്കും രോഗം ബാധിക്കുന്നവരുടെ എണ്ണവും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ കണക്കുകൾ തമ്മിലുള്ള വലിയ അന്തരം ഞങ്ങളെ പോലെ നിങ്ങളുടെയും ശ്രദ്ധയിൽ വരുന്നുണ്ടല്ലോ.

മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും കോവിഡ് ബാധിക്കുന്നു എന്ന വാർത്തകൾ ആശങ്ക ഉണ്ടാക്കുന്നു. എന്നിട്ടും കലാലയങ്ങൾ തുറക്കുവാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഞങ്ങളുടെ കുരുന്നുകളെ ഈ മഹാവ്യാധിയുടെ ഭീഷണി നിലനിൽക്കും കാലത്ത് എന്തിനാണ് തിരക്കിട്ട് സ്‌കൂളുകളിലേക്ക് കൊണ്ട് പോകുന്നത്? ആശങ്ക ഒഴിവാകുന്ന നാളുകളിൽ സ്‌കൂളുകൾ തുറന്നാൽ പോരെ?

ഞങ്ങളുടെ പൊന്നോമനകളുടെ ജീവന് ഭീഷണിയാകുന്ന പല ഘടകങ്ങൾ ഉണ്ട്. അവർ സഞ്ചരിക്കുന്ന ഓട്ടോറിക്ഷയും ബസ്സും ടെംബോയുമെല്ലാം പരിപൂർണ്ണ സുരക്ഷിതമാണോ? പലരിലും രോഗ ലക്ഷണങ്ങൾ പ്രകടമല്ല എന്നിരിക്കെ സ്‌കൂളിലെ സ്റ്റാഫ് / രോഗം ഉള്ള വീടുകളിൽ നിന്നും വരുന്ന കുട്ടികളിൽ നിന്നും വ്യാപിക്കുവാൻ സാധ്യത ഉണ്ട്.

പരിചിതരും അല്ലാത്തവരുമായ ഒരുപാട് പേരെ മഹാമാരി മരണത്തിലേക്ക് നയിച്ചു. രോഗം ബാധിച്ചവരിൽ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് അനേകർ ദുരിതമനുഭവിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾക്ക് അങ്ങിനെ സംഭവിക്കുന്നതിനെ പറ്റി ചിന്തിക്കുവാൻ പോലും സാധിക്കുന്നില്ല. നിർബന്ധമാണെങ്കിൽ മുതിർന്ന ക്ളാസുകൾ ആരംഭിക്കുക ചുരുങ്ങിയ പക്ഷം നേഴ്‌സറി ക്ളാസുമുതൽ എട്ടാം ക്ലാസ് വരെ ഉള്ളവരെ എങ്കിലും ഒഴിവാക്കിത്തരിക.

കോവിഡ് ബാധയാൽ ഒരു കുഞ്ഞു പോലും മരിയ്ക്കുവാൻ ഇടവരരുത്, ദയവു ചെയ്തു ഇപ്പോൾ കലാലയങ്ങൾ ഞങ്ങളുടെ കുരുന്നുകൾക്ക് പ്രശ്നങ്ങൾ സംഭവിക്കുവാൻ ഇടവരുത്തരുത്. കഴിഞ്ഞ വർഷത്തെ പോലെ ഒരു വര്ഷം കൂടെ അവർ നേരിട്ട് ക്ലാസിൽ എത്തിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല.

ഇനി മറ്റൊരു കാര്യം. ഏതു പ്രതിസന്ധിയിലും കൃത്യമായി ശമ്പളം ലഭിക്കുന്ന സർക്കാർ ജോലിക്കാരെയും ജനപ്രതിനിധികളെയും പോലെ ഉള്ള ചില വിഭാഗക്കാർക്കൊഴികെ സാധാരണക്കാരെയും വ്യാപാരികളെയും ഒക്കെ വലിയ തോതിൽ സാമ്പത്തികമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട് കോവിഡ് 19.

കേരളത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പ്രവാസികൾക്കും അത് സാമ്പത്തികമായി ക്ഷീണം വരുത്തി. റേഷൻ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാതിരിക്കുന്ന വലിയ ഒരു വിഭാഗം കിറ്റിനായി ക്യൂ നിന്നത് നാം കണ്ടത് അതുകൊണ്ട് കൂടെയാണ് . ജോലിയില്ലാതായതോടെ പല വീടുകളിലെയും സ്ത്രീകളുടെ കെട്ടുതാലിയും കമ്മലും വരെ പണയത്തിലാണ്.

ജനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഈ അധ്യയന വര്ഷത്തിന്റെ പാതി പിന്നിട്ട ശേഷം സ്‌കൂളുകൾ തുറന്നാൽ യൂണിഫോമിനും, ട്രാൻസ്പോർട്ടേഷനും, ബാഗും ബുക്കും പോലുള്ളവയ്ക്കുമായി നല്ല ഒരു തുക കണ്ടെത്തേണ്ടിയും വരും. പ്രത്യേകിച്ച് രണ്ടും മൂന്നും കുട്ടികൾ ഉള്ളവർക്ക് അത് ചെറിയ ബുദ്ധിമുട്ടല്ല ഉണ്ടാക്കുക.

സ്‌കൂൾ തുറക്കുവാനുള്ള തീരുമാനം എടുക്കുന്ന ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും സാധാരണക്കാരുടെ പക്ഷത്തു നിന്നും കാര്യങ്ങൾ ചിന്തിക്കുക. ഇതെല്ലാംപരിഗണിച്ചു, കൂപ്പുകൈകളോടെ ഈ സംസ്ഥാനത്തെ പൊന്നോമനകളുടെ അമ്മമാർക്കായി, സാധാരണക്കാർക്ക് വേണ്ടി വീണ്ടും അഭ്യർത്ഥിക്കുന്നു ചെറിയ ക്ലാസുകളിലെ അദ്ധ്യാനത്തിനായി സ്‌കൂളുകൾ തുറക്കരുത് ഇപ്പോൾ.

വിനയപൂർവ്വം ശ്രീയ രമേഷ്'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL REOPEN, SREEYA REMESH, ACTRESS, LUCIFER ACTRESS SREEYA REMESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.