SignIn
Kerala Kaumudi Online
Thursday, 25 April 2024 9.47 PM IST

നാരുകൾ ആരോഗ്യത്തിന്റെ നാരായവേരുകൾ !!

fiber
FIBER

ശരീരപോഷണത്തിനും ശരിയായ വളർച്ചയ്‌ക്കും ചില പ്രത്യേക തരം ഭക്ഷണം ആവശ്യമാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവ ഈ വിഭാഗത്തിലുള്ളവയാണ്. വൈറ്റമിനുകളും മിനറലുകളും ഇതിൽ പെടുന്നവ തന്നെ. അവയുടെ ദൗർലഭ്യം ആരോഗ്യത്തെ കുറയ്‌ക്കുകയും രോഗത്തിന് കാരണമാകുകയും ചെയ്യും.

ഏത് പ്രായത്തിലുള്ളവർക്കും നിർബന്ധമായും ആഹാരത്തിൽ ഉണ്ടായിരിക്കേണ്ടവയാണ് നാരുകൾ അഥവാ ഫൈബറുകൾ. അതുകൊണ്ടാണ് നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിക്കുന്നത്. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ ഗുണകരമാണ്. എന്നാൽ,​ നാരുകളടങ്ങിയവയാണെങ്കിലും ചിലതരം പാകപ്പെടുത്തലുകൾ കാരണം അവയുടെ ശരിക്കുള്ള ഉപയോഗം കിട്ടാതെയും വരാം. ആഹാരപദാർത്ഥങ്ങൾക്ക് രൂപമാറ്റങ്ങൾ വരുത്തുന്നതും പാകപ്പെടുത്തുന്നതും കാരണം ഫൈബറുകളുടെ ഗുണപരമായ ഉപയോഗം നഷ്‌ടപ്പെടുന്നു.

ഗോതമ്പിലെ ഉമിയും

അരിയിലെ തവിടും

ഉമിയുള്ള ഗോതമ്പും തവിടുള്ള അരിയും ഫൈബറുകൾ ധാരാളമടങ്ങിയ ആഹാര പദാർത്ഥങ്ങളാണെങ്കിലും അവതന്നെ അരച്ചും പൊടിച്ചും ഉമി നീക്കിയും നിറം മാറ്റിയും രുചികരമാക്കിയും മൃദുത്വമുള്ളതാക്കിയും കൂടുതൽ സംസ്‌കരിക്കുന്നതിനനുസരിച്ച് ഫൈബറിന്റെ അളവും അതുകൊണ്ടുതന്നെ ഉപയോഗവും കുറയും. ഉമിയുള്ള ഗോതമ്പിൽ ഫൈബറിന്റെ അളവ് കൂടുതലും അതുതന്നെ സംസ്‌കരിച്ച് തയ്യാറാക്കിയ ആട്ടയിലും മൈദയിലും ഫൈബറിന്റെ അളവ് വളരെ കുറവുമായിരിക്കും എന്ന് അറിയണം.

ഇതുപോലെ ധാരാളം നാരുകളുള്ള പല ഭക്ഷണവസ്‌തുക്കളും എണ്ണയിൽ പാകപ്പെടുത്തിയും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള പ്രിസർവേറ്റീവുകൾ ചേർത്തും മറ്റു പല ഭക്ഷ്യവസ്‌തുക്കളുമായി കൂട്ടിക്കലർത്തിയും അരിഞ്ഞും നുറുക്കിയും അവയിൽ അടങ്ങിയിട്ടുള്ള നാരിന്റെ അളവിനെ കുറച്ചുകളയുന്ന രീതികൾ നമ്മളിൽ പലരും അറിവില്ലാത്തത് കാരണം ശീലിച്ചുവച്ചിരിക്കുന്ന കാര്യങ്ങളാണ്.

പ്രയോജനം

തിരിച്ചറിയണം


പലതരം പഴങ്ങൾ നുറുക്കി ഫ്രൂട്ട് സലാഡ് ആക്കിയും ജ്യൂസ് ഉണ്ടാക്കിയും കഴിക്കുന്നതും ഫൈബറിന്റെ പ്രയോജനത്തെ കുറയ്‌ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ നാരുകൾ ധാരാളം അടങ്ങിയവയായിരുന്നാൽ കൂടി അവയുടെ പ്രയോജനം ലഭിക്കണമെന്നില്ല.

ചില രോഗാവസ്ഥകളിൽ നാരുകൾ അധികം അടങ്ങിയിട്ടുള്ളവയെ അവയുടെ പ്രയോജനം കൂടി അറിഞ്ഞുവേണം ഉപയോഗിക്കാൻ. മലബന്ധം ഉള്ളവർക്ക് നാരുകൾ ധാരാളമുള്ള ഭക്ഷണം കഴിക്കുന്നത് ശരിയായ മലശോധന ലഭിക്കുവാൻ കാരണമാകും. എന്നാൽ,​ വയറിളക്കമുള്ളവർ നാരുകളടങ്ങിയ ഭക്ഷണം കഴിച്ചാൽ വയറിളക്കം വർദ്ധിക്കുവാനാണ് സാദ്ധ്യത. അതിനാൽ വയറിളക്കമുള്ളപ്പോൾ വാഴപ്പഴം, പാൽ, ഉഴുന്ന്, ഇലക്കറികൾ പ്രത്യേകിച്ചും മുരിങ്ങയിലത്തോരൻ, തവിടുള്ള ധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ആഹാരം എന്നിവ കഴിക്കരുത്.

മുഴുധാന്യങ്ങളിൽ

മുഴുവൻ നാര് !

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും കൊഴുപ്പ്, ശരീരഭാരം എന്നിവ കുറയ്‌ക്കുന്നതിനും ശരിയായ മലശോധന ലഭിക്കുന്നതിനും കാൻസർ പോലുള്ള രോഗങ്ങൾ ഒഴിവാക്കുന്നതിനും നാരുകളടങ്ങിയ ഭക്ഷണം ഗുണം ചെയ്യും. അതിനാൽ പ്രമേഹം, രക്തസമ്മർദ്ദം, പൊണ്ണത്തടി, കൊളസ്ട്രോൾ, അർശസ്, ദഹനപ്രശ്‌നങ്ങൾ, മലബന്ധം തുടങ്ങിയവയുള്ളവർ നാരുകളടങ്ങിയ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മൾബറി, ബ്ലാക്ക്ബെറി, ബ്ലൂബെറി, പ്രൂൺസ്, ബട്ടർഫ്രൂട്ട്, പ്ലം, പേരയ്‌ക്ക, ആപ്പിൾ, ഓറഞ്ച്, പൈനാപ്പിൾ, ഉണക്കിയ പഴങ്ങൾ, വാഴപ്പഴം എന്നിവകളിൽ ധാരാളം നാരുകളുണ്ട്. നാരുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് മുഴുധാന്യങ്ങൾ ഉപയോഗിക്കണമെന്ന് പറയുന്നത്. നെല്ലിക്ക നാരുകളടങ്ങിയ ഒരു വിശേഷഭക്ഷ്യവ‌സ്‌തുവാണ്. മിക്കവാറും കിഴങ്ങു വർഗങ്ങളിൽ ആവശ്യത്തിന് നാരുകളുണ്ട്. കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയെല്ലാം നല്ലതാണ്. സൂര്യകാന്തി വിത്ത്, മത്തൻ വിത്ത്, തണ്ണിമത്തൻ വിത്ത്, ബദാം തുടങ്ങിയവയും ഈന്തപ്പഴവും വളരെയേറെ നാരുകൾ അടങ്ങിയിട്ടുള്ളവ തന്നെ. ചക്ക, തേങ്ങ, പനംകിഴങ്ങ്, ശതാവരിക്കിഴങ്ങ്, ചോളം എന്നിവയും മിക്കവാറും എല്ലാ പച്ചക്കറികളും പ്രത്യേകിച്ച് ബ്രോക്കോളി, കാബേജ്, അച്ചിങ്ങപ്പയർ എന്നിവയിലും നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇലക്കറികളിലെല്ലാംതന്നെ നാരുകളുടെ സാന്നിദ്ധ്യം വളരെ കൂടുതലാണ്.

നമ്മൾ കഴിക്കുന്ന എന്താഹാരവും നാരുകളുടെ സാന്നിദ്ധ്യത്തിൽ ശരിയായി ദഹിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ദഹനപ്രക്രിയ സമയബന്ധിതമായി തീർക്കുകയും ഭക്ഷണശകലങ്ങളുടെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള ചലനം കുടലിന്റെ പെരിസ്റ്റാൽട്ടിക് മൂവ്മെന്റിനൊപ്പം സുഗമമാക്കുകയും എവിടെയും ഭക്ഷ്യാവശിഷ്‌ടങ്ങൾ തടസപ്പെടാത്തവിധം സഞ്ചരിച്ച് മലാശയത്തിൽ എത്തി അവിടെ നിന്ന് യാതൊരു പ്രയാസവും കൂടാതെ സമയത്ത് പുറത്തേക്ക് ബഹിഷ്‌കരിക്കുകയും ചെയ്യുന്നു. ഇത് കാരണം ശരീരത്തിനാവശ്യമായതെന്തും ഭക്ഷണത്തിൽ നിന്ന് ശരിയായി ആഗിരണം ചെയ്യാനും ആവശ്യമില്ലാത്തതെല്ലാം ഒട്ടും സമയം കളയാതെ പുറന്തള്ളാനും സാധിക്കുന്നു.

കഞ്ഞി അത്ര

നിസാരക്കാരനല്ല !

ആധുനികകാലത്ത് ചിലർ മനസിലാക്കിയിരിക്കുന്നതും പറഞ്ഞു കേൾക്കുന്നതും പരിശോധിച്ചാൽ ഓട്സിൽ മാത്രമാണ് ഫൈബർ ഉള്ളത് എന്ന് തോന്നിപ്പോകും. ഒരു നേരത്തെ ഭക്ഷണത്തിനുപകരം ഒരു ഗ്ലാസ് ഓട്സ് കുടിക്കുന്നവരാണധികവും. വീണ്ടും വിശക്കുമെന്ന് ഭയന്ന് രണ്ടും മൂന്നും ഗ്ലാസ് വരെ കുടിക്കുന്നവരുമുണ്ട്.
നീട്ടിക്കാച്ചിയതല്ലേ എന്ന് കരുതി ഉണ്ടാക്കിയത് മുഴുവൻ കുടിക്കുന്നവരും കുറവല്ല. ഓട്സ് കുടിക്കുന്നവരേക്കാൾ പ്രിയമുള്ളത് ഇത് ഉണ്ടാക്കുന്നവർക്കാണെന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. ഒരു നേരത്തെ ഭക്ഷണത്തിന് ആവശ്യമായ മനുഷ്യവിഭവശേഷിയുടെ നിരവധി മടങ്ങ് കുറവാണല്ലോ ഓട്സ് ഉണ്ടാക്കാൻ ആവശ്യമായിട്ടുള്ളത്. എന്നാൽ,​ കേരളീയരെ സംബന്ധിച്ച് ഓട്സിനേക്കാൾ നല്ലത് കഞ്ഞി തന്നെയാണ്. പ്രമേഹബാധിതർക്ക് കൂടുതൽ സുരക്ഷിതമാകുന്നതിന് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് മാത്രം. തവിടുള്ള ധാന്യങ്ങൾ തന്നെ കഞ്ഞി വയ്‌ക്കാൻ ഉപയോഗിക്കണം. കഞ്ഞിവെള്ളത്തിൽ അന്നജത്തിന്റെ അളവ് കൂടുതലായതിനാൽ പ്രമേഹരോഗികളിൽ അത് ഒഴിവാക്കാനായി പ്രഷർ കുക്കറിൽ കഞ്ഞി പാകം ചെയ്യരുത്. കഞ്ഞിവെള്ളം ഊറ്റിക്കളഞ്ഞ് പകരം ചൂടുവെള്ളം ചേർക്കുന്നത് കൂടുതൽ നല്ലത്. കഞ്ഞിക്കൊപ്പം തോരനോ ചമ്മന്തിയോ കൂട്ടുകറിയോ അവിയലോ പ്രാധാന്യത്തോടെ തന്നെ ഉൾപ്പെടുത്തണം.

നാരുകളടങ്ങിയ ഭക്ഷണം പലവിധ ആരോഗ്യപ്രശ്‌ന‌ങ്ങൾ പരിഹരിക്കുന്നതിന് ഉപകരിക്കും. ആയതിനാൽ നാരുകളടങ്ങിയ ഭക്ഷണം അവ നഷ്‌ടപ്പെടാതെ തന്നെ ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്. നാരുകൾ കുറവുള്ള ഭക്ഷണം കഴിക്കുമ്പോൾ നാരുകൾ കൂടുതലുള്ളവ കൂടി അതിനൊപ്പം കഴിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചാൽ ആരോഗ്യത്തോടെ ദീർഘകാലം കഴിയാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.