SignIn
Kerala Kaumudi Online
Thursday, 25 April 2024 2.29 PM IST

ഫാർമസി രംഗത്തെ അറിയുക

photo

ലോക ഫാർമസിസ്റ്റ് ദിനം ഇന്ന്

.................................

ആഗോളതലത്തിൽ 2010 മുതലാണ് ലോക ഫാർമസിസ്റ്റ് ദിനം ആചരിക്കാൻ ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ തീരുമാനിച്ചത്. സംഘടന നിലവിൽ വന്നത് 1912 സെപ്തംബർ 25ന് ആയതിനാലാണ് ദിനാചരണത്തിന് ഈ തീയതി തിരഞ്ഞെടുത്തത്.

ഫാർമസി രംഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. ഔഷധങ്ങളുടെ പരീക്ഷണഘട്ടം മുതൽ ഉത്‌പാദിപ്പിച്ച് ജനങ്ങളുടെ കൈകളിലെത്തുന്നവരെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ഫാർമസിസ്റ്റുകൾ ഒത്തുചേർന്ന് സെമിനാറുകൾ, ബോധവത്കരണ ക്ളാസുകൾ, ഫാർമസിസ്റ്റുകൾക്കായുള്ള തുടർ വിദ്യാഭ്യാസ ക്ളാസുകൾ, മുതിർന്ന പ്രൊഫഷണലുകളെ ആദരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ദേശീയ കൗൺസിൽ നിർദ്ദേശിച്ചിട്ടുള്ളത്.

ഫാർമസി പ്രൊഫഷന്റെ പ്രാധാന്യം പൊതുസമൂഹവും അധികാരികളും പൂർണമായി മനസിലാക്കിയിട്ടുണ്ടെന്ന് കരുതാനാവില്ല. അതുകൊണ്ടാണല്ലോ വെറും 47 ഡ്രഗ്സ് ഇൻസ്പെക്ടർമാരെ വച്ച് സംസ്ഥാനത്ത് 20,000ത്തോളം സ്ഥാപനങ്ങളിലുള്ള ലക്ഷക്കണക്കിന് മരുന്നുകൾ പരിശോധിക്കേണ്ടി വരുന്നത്.

ആദ്യകാലത്ത് അമേരിക്ക, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അലോപ്പതി ഔഷധങ്ങൾ ഇറക്കുമതി ചെയ്ത് വ്യാപകമായി വിതരണം ചെയ്തിരുന്നു. സ്വദേശി ഔഷധങ്ങളുടെ ആവശ്യകത വർദ്ധിച്ചപ്പോൾ ഈ മേഖലയിൽ ഗുണനിലവാരമില്ലാത്തതും വിലകുറഞ്ഞതുമായ ഒട്ടേറെ ഔഷധങ്ങൾ വ്യാപകമായി വിറ്റഴിക്കപ്പെട്ടു. ഇത് നിയന്ത്രിക്കാൻ അന്നത്തെ ബ്രിട്ടീഷ് സർക്കാർ നിയമനിർമ്മാണത്തിന് രൂപംകൊടുത്തു. 1879ൽ ഓപ്പിയം ആക്ട്, 1919ൽ പോയിസൺ ആക്ട്, 1930ൽ ഡെയിഞ്ചറസ് ഡ്രഗ് ആക്ട്, 1940ൽ ഡ്രഗ്സ് ആക്ട് എന്നീ ഔഷധ നിയമങ്ങൾ സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ രൂപീകരിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഔഷധമേഖലയുടെ നിയന്ത്രണത്തിനു ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക് ആക്ട് നിലവിൽ വന്നു. തുടർന്ന് 1948 ൽ ഫാർമസ്യൂട്ടിക്കൽ രംഗത്തെ വിവിധ മേഖലകളായ അദ്ധ്യാപനം, ഔഷധങ്ങളുടെ ഗവേഷണം, ഉത്‌പാദനം, ഗുണനിയന്ത്രണം, സംഭരണ വിതരണം തുടങ്ങിയവയിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ഫാർമസിസ്റ്റുകളുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തനരീതിയും വിശദമായി പ്രതിപാദിക്കുന്ന ഫാർമസി ആക്ട് രൂപീകരിച്ചു. ഏറ്റവും അവസാനമായി ഈ മേഖലയെ നിയന്ത്രിക്കുന്നതിനു ഫാർമസി പ്രാക്ടീസ് റെഗുലേഷൻ 2015 എന്ന നിയമവും നിലവിൽവന്നു. ഈ ആക്ടിലെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഔഷധ മേഖലയിൽ പ്രവർത്തിക്കാൻ അനുവാദമുള്ളൂ എന്ന് അനുശാസിക്കുന്നെങ്കിലും ഇന്ത്യയിലും കേരളത്തിലും പല കാരണങ്ങളാലും ഇപ്പോഴും പൂർണമായും ഈ നിയമങ്ങൾ പ്രാവർത്തികമാകുന്നില്ല.

ജനങ്ങളുടെ ആരോഗ്യം വിലപേശാനുള്ളതല്ലെന്നും രോഗികളുടെ ജീവൻവച്ച് പന്താടരുതെന്നും ചൂണ്ടിക്കാട്ടിയ ബഹുമാനപ്പെട്ട സുപ്രീംകോടതി, സംസ്ഥാന കോടതികൾ, ദേശീയ മനുഷ്യാവകാശ കമ്മിഷൻ, സംസ്ഥാന കമ്മിഷൻ എന്നിവയൊക്കെ ഫാർമസി നിയമങ്ങൾ ശക്തമായി നടപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും ഈ നിയമങ്ങൾ ഇന്നും ഏട്ടിലെ പശുവായിത്തന്നെ അവശേഷിക്കയാണ്. അധികാരികൾ നിയമത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിദേശ രാജ്യങ്ങളിലേതുപോലെ നമ്മുടെ സംസ്ഥാനത്തും ഫാർമസി നിയമങ്ങൾ കർശനമായി നടപ്പിലാക്കി ഔഷധ ദുരുപയോഗം അവസാനിപ്പിക്കണം. ഒപ്പം ഫാർമസി മേഖല പൂർണമായി ഫാർമസി വിദ്യാഭ്യാസം സിദ്ധിച്ചവർക്കു മാത്രമായി നിജപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും കരുതുന്നു.

( ലേഖകൻ സംസ്ഥാന ഫാർമസി കൗൺസിൽ മുൻ പ്രസിഡന്റാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHARMACIST DAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.