SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.34 AM IST

സ്നേഹപ്രകാശമായി ജീവൻലാൽ

dr-m-jeevan-lal

വിദ്യാർത്ഥികൾക്ക് വെളിച്ചവും സ്നേഹവും സാന്ത്വനവുമായിരുന്നു ഡോ. എം. ജീവൻലാൽ. അദ്ധ്യാപകരെ കൂടുതൽ സേവനസന്നദ്ധരാക്കി, ജ്ഞാനതൃഷ്ണയോടെ തന്റെ തൊഴിലിനെ അർത്ഥപൂർണമാക്കി. ശ്രീനാരായണ ദർശനത്തിന്റെ കാതൽ തിരിച്ചറിഞ്ഞ് അർപ്പണബോധത്തോടെ അതിന്റെ പ്രചാരകനായി പ്രവർത്തിച്ചു. ശിവഗിരി എന്ന ദിവ്യനിലയത്തിൽ തന്റെ സാന്നിദ്ധ്യംകൊണ്ട് സേവനമാതൃക സൃഷ്ടിച്ചു.

വർക്കല ഉൾപ്പെടെ നിരവധി എസ്.എൻ. കോളേജുകളിലെ മുൻ പ്രിൻസിപ്പൽ, പ്രഗല്‌ഭനായ അദ്ധ്യാപകൻ, കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പർ, ഉജ്ജ്വലനായ വാഗ്മി, മികച്ച സംഘാടകൻ, ശിവഗിരി മഠത്തിന്റെ ഉറ്റബന്ധു, തികഞ്ഞ മനുഷ്യസ്നേഹി എന്നീ നിലകളിൽ ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമ. അദ്ദേഹത്തിന്റെ അകാലവിയോഗത്തെ വേദനയോടെ അനുസ്മരിക്കുന്നവർ അനവധിയാണ്. വിവിധ എസ്.എൻ കോളേജുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും മാത്രമല്ല അദ്ദേഹത്തിന്റെ സഹായസഹകരണങ്ങൾക്കു സ്നേഹവാത്സല്യങ്ങൾക്കും പാത്രീഭൂതരായവരെല്ലാം ആ വ്യക്തിത്വത്തിന്റെ വേറിട്ട നന്മകളെ സ്‌മരിക്കുന്നു.

വർക്കല എസ്.എൻ കോളേജിൽ അദ്ദേഹം പ്രിൻസിപ്പലായിരുന്ന കാലഘട്ടത്തിലെ കുട്ടികൾക്കെല്ലാം അദ്ദേഹത്തെക്കുറിച്ച് പറയാൻ നൂറുനാവാണ്. മരണശേഷവും ആ ഓർമ്മകൾ വിട്ടൊഴിയാതെ പങ്കുവയ്ക്കുന്ന 2013 ബാച്ചിലെ ശ്യാമിന്റെയും സുഹൃത്തുക്കളുടെയും അഭിപ്രായം വാട്‌സാപ്പിൽ വന്നതു കുറിക്കട്ടെ: ''ഒരദ്ധ്യാപകന്റെ കീർത്തി അടയാളപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ബിരുദാനന്തരബിരുദങ്ങളോ അവയുടെ വലിപ്പമോ അല്ല; തന്റെ വിദ്യാർത്ഥികളുടെ ഹൃദയത്തിൽ നേടുന്ന ചിരപ്രതിഷ്ഠയാണ് .

കലുഷമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉറഞ്ഞുതുള്ളുമ്പോൾ, സ്നേഹത്തിന്റെ ഭാഷയിൽ മൃദുലമായി സംസാരിക്കാനും ഉറച്ച തീരുമാനങ്ങളിലെത്തിച്ചേരാനും കഴിഞ്ഞ അദ്ദേഹം വിദ്യാർത്ഥികളുമായി ആഴത്തിലുള്ള വ്യക്തിബന്ധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. ശ്രീനാരായണ ദർശനങ്ങളിലേക്കു കുട്ടികളെ സ്നേഹപൂർവം കൂട്ടിക്കൊണ്ടുപോകുന്നതിലും അദ്ദേഹം ശ്രദ്ധപുലർത്തിയിരുന്നു. രാവിലെ ദൈവദശകം പ്രാർത്ഥനാലാപനവേളയിൽ കോളേജിനെ ആകവേ നോക്കി ലയിച്ചുനില്ക്കുന്ന സാറിന്റെ മുഖം ഞങ്ങളൊരിക്കലും മറക്കില്ല."

കുട്ടികളുടെ കൂട്ടായ്മ വാട്‌സാപ്പിൽ രേഖപ്പെടുത്തിയ ഈ വാക്കുകൾ കുറിച്ചത്, ഗുരുശിഷ്യ ബന്ധങ്ങൾ കോടതികയറുന്ന ഈ കാലഘട്ടത്തിലും, മഹാഗുരുവിന്റെ പേരിൽ സ്ഥാപിതമായ കലാലയങ്ങളിൽ ഒരു കാലഘട്ടത്തിന്റെ ആത്മാവറിഞ്ഞു പെരുമാറിയ സ്നേഹശീലനായ അദ്ധ്യാപകന്റെ മഹത്വം സൂചിപ്പിക്കാനാണ്.

കൂട്ടുകാരനായ ഞാൻ വർക്കല കോളേജിലെത്തിയപ്പോൾ മുതൽ ജീവൻലാൽ സാറിന്റെ ശിഷ്യരിൽ നിന്നും അദ്ദേഹത്തിന്റെ ഇംഗ്ളീഷ് ക്ളാസുകളുടെ മേന്മയെക്കുറിച്ച് കേട്ടുതുടങ്ങിയതാണ്. ശിഷ്യരുമായി നല്ല സൗഹൃദബന്ധം സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിനുള്ള കഴിവിനെപ്പറ്റി ശിഷ്യനും ട്രസ്റ്റ് എക്സിക്യുട്ടീവ് മെമ്പറുമായ അജി. എസ്.ആർ.എം ഓർക്കുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം പല പ്രധാന ഉത്തരവാദിത്വങ്ങളുമേറ്റെടുത്ത് ചെയ്യുന്ന ശിഷ്യനും അയൽവാസിയുമായ ജി. ശിവകുമാർ, ട്യൂട്ടോറിയൽ രംഗത്തെ ജീവൻലാലിന്റെ പ്രസരിപ്പിനെക്കുറിച്ച് പറയാറുണ്ട്.

സുഹൃത്തുക്കൾക്കിടയിൽ നല്ല വ്യക്തിബന്ധങ്ങളാണു അദ്ദേഹത്തിനുണ്ടായിരുന്നതെന്നു അദ്ധ്യാപകനും സാംസ്കാരിക പ്രഭാഷകനുമായ ഡോ. ബി. ഭുവനേന്ദ്രൻ സാറിനെപ്പോലെയുള്ളവർ അനുസ്മരിക്കുന്നു. ശിവഗിരി ഓഫീസിൽ, സാറിന്റെ ദീർഘകാലത്തെ സേവനങ്ങൾ നിറഞ്ഞുനിന്നിരുന്നതിന്റെ സൂചനയായിട്ടാണ് മഠത്തിന്റെ പ്രതിനിധികളായിട്ടുള്ള ഋതംഭരാനന്ദ സ്വാമികളെപ്പോലെയുള്ളവർ സംസ്കാര ചടങ്ങുകളിൽ ആദ്യവസാനം സംബന്ധിച്ചത്. ശിവഗിരിയിൽ ഇരുപത്തഞ്ചു വർഷത്തോളം തീർത്ഥാടന സമ്മേളനങ്ങളുടെ മുഖ്യസംഘാടകരിലൊരാളായിരുന്ന ജീവൻലാലാണ് രാജീവ്ഗാന്ധി, എ.പി.ജെ അബ്ദുൾകലാം തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ പരിഭാഷപ്പെടുത്തിയിരുന്നത്.

വർക്കല കോളേജിന്റെ ചിരകാല സ്വപ്നമായിരുന്ന ഓഡിറ്റോറിയം - 'ഗുരുദക്ഷിണ" അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ യാഥാർത്ഥ്യമാക്കിയത് ഔദ്യോഗിക ജീവിതത്തിലെ പ്രധാന നേട്ടമായി കണക്കാക്കാം. സിൻഡിക്കേറ്റ് മെമ്പറായിരുന്നപ്പോൾ രാഷ്ട്രീയത്തിനതീതമായി യൂണിവേഴ്സിറ്റിയിലെ ജീവനക്കാരെ ഏകോപിപ്പിച്ചുകൊണ്ട് ധാരാളം നേട്ടങ്ങൾ യൂണിവേഴ്സിറ്റിക്കും കലാലയങ്ങൾക്കും അദ്ധ്യാപകർക്കും നേടിക്കൊടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

ശ്രീനാരായണ സന്ദേശങ്ങളുടെ അന്തഃസാരങ്ങളായ 'അന്യർക്കു ഗുണം ചെയ്യുക", 'എല്ലാവരേയും സ്നേഹിക്കുക" എന്നീ ആശയങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുകയും സ്നേഹസുരഭിലമായി പെരുമാറുകയും ചെയ്തു അദ്ദേഹം.

2021 സെപ്തംബർ 11 ന് ജീവൻലാൽ സാർ നമ്മെ വിട്ടുപിരിഞ്ഞെങ്കിലും ജ്ഞാനത്തിന്റെ വെളിച്ചമായും ഓർമ്മയായും സ്നേഹമായും ഇപ്പോഴും ഒപ്പമുണ്ട്.

(ലേഖകൻ വർക്കല എസ്.എൻ കോളേജ് മലയാളം വിഭാഗം മേധാവിയാണ്. ഫോൺ: 9447584240)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JEEVANLAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.