SignIn
Kerala Kaumudi Online
Friday, 29 March 2024 12.23 AM IST

സിവിൽ സർവീസിൽ കേരളത്തിന്റെ നേട്ടം

meera

അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നായ സിവിൽ സർവീസ് പരീക്ഷയിൽ ഇക്കൊല്ലവും കേരളത്തിന് അഭിമാനകരമായ നേട്ടമാണുണ്ടായിരിക്കുന്നത്. നാല്പതോളം യുവപ്രതിഭകൾ ഉന്നത വിജയങ്ങൾ പ്രാപ്തമാക്കിയത് മലയാളികൾക്കാകമാനം സന്തോഷത്തിന് വക നൽകുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി സിവിൽ സർവീസ് പരീക്ഷയിൽ മലയാളി കുട്ടികൾ നേട്ടങ്ങൾ കൊയ്യുകയാണ്. 4.82 ലക്ഷം പേർ എഴുതിയ സിവിൽ സർവീസ് പരീക്ഷയുടെ ഓരോ ഘട്ടവും എത്രമാത്രം കഠിനമായിരുന്നുവെന്ന് അതിൽ പങ്കെടുത്തവർക്കേ അറിയാവൂ. മനസിനെ പിടിച്ചുലയ്ക്കുന്ന ഈ പരീക്ഷണ ഘട്ടങ്ങളത്രയും വിജയപൂർവം തരണം ചെയ്താണ് കുട്ടികൾ തങ്ങളുടെ ലക്ഷ്യം കണ്ടെത്തിയത്. സിവിൽ സർവീസ് ഒന്നാം റാങ്കുൾപ്പെടെ അഭിമാനകരമായ നേട്ടങ്ങൾ കേരളത്തിന് അന്യമൊന്നുമല്ല. ഈ അപൂർവ നേട്ടവുമായി കേരളത്തിന്റെ ഖ്യാതി രാജ്യമൊട്ടാകെ എത്തിച്ച പ്രതിഭാശാലികൾ ഇവിടെയുണ്ടായിരുന്നു. അവരുടെ പിന്തുടർച്ചക്കാരായും ധാരാളം മിടുക്കന്മാരും മിടുക്കികളും ഉയർന്നുവന്നിട്ടുണ്ട്.

ഉന്നത സ്ഥാനങ്ങളിലിരുന്ന് രാജ്യത്തെയും ജനങ്ങളെയും സേവിക്കാനുള്ള അപൂർവാവസരമാണ് സിവിൽ സർവീസ് വിജയത്തിലൂടെ ഒരാൾക്ക് ലഭിക്കുന്നത്. അത് നല്ലനിലയിൽ പ്രയോജനപ്പെടുത്തുന്നവരും ഒന്നും ചെയ്യാതെ വെറും തസ്തിക മാത്രമായി സ്വയം ചുരുങ്ങുന്നവരും ഉണ്ടാകും. സമൂഹത്തിനും ജനങ്ങൾക്കും വേണ്ടി എന്തെങ്കിലുമൊക്ക ചെയ്യുന്നവർ എക്കാലവും ഓർമ്മിക്കപ്പെടും.

സിവിൽ സർവീസിന്റെ വിവിധ ശാഖകളിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 761 പേരിൽ അധികവും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയശേഷം ഭാഗ്യപരീക്ഷണത്തിനൊരുങ്ങിയവരാണ്. ഡോക്ടർമാരും എൻജിനിയർമാരും കോളേജ് അദ്ധ്യാപകരും ഐ.ടിക്കാരുമൊക്കെ കൂട്ടത്തിലുണ്ട്. 761 പേരിൽ ഒന്നാമനായെത്തിയ ബീഹാർ സ്വദേശി ശുഭംകുമാർ മുംബയ് ഐ.ഐ.ടിയിൽ നിന്ന് പാസായ മിടുക്കനാണ്. രണ്ടുമുതൽ ആറുവരെയുള്ള റാങ്കുകളുടെ അവകാശികൾ പെൺകുട്ടികളാണെന്നത് സവിശേഷതയാണ്. തൃശൂർ സ്വദേശി കെ. മീരയാണ് ആറാം റാങ്കുകാരിയെന്നത് മലയാളികൾക്കാകെ സന്തോഷിക്കാൻ വക നൽകുന്നു. പന്ത്രണ്ടാം റാങ്ക് നേടിയ വടകര സ്വദേശി ഡോ. മിഥുൻ പ്രേംരാജും പതിന്നാലാം റാങ്കുകാരി പാലക്കാട് സ്വദേശി കരിഷ്മ നായരും ഇരുപതാം റാങ്കുകാരി പി. ശ്രീജയും സംസ്ഥാനത്തേക്ക് തിളക്കമാർന്ന നേട്ടം കൊണ്ടുവന്നവരാണ്. ഇവരെ മാത്രമല്ല മുൻനിരയിലെത്താൻ ഭാഗ്യമുണ്ടായ എല്ലാവരെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു. ഭാവിജിവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

പതിവുപോലെ ഒട്ടേറെ പ്രത്യേകതകളും കഠിനപ്രയത്നത്തിന്റെ അനുഭവങ്ങളുമാകും സിവിൽ സർവീസ് നേടിയ ഓരോരുത്തർക്കും പറയാനുണ്ടാവുക. സാധാരണ സ്‌കൂളിൽ പഠിച്ച് പരാധീനതകളോട് പടവെട്ടി ലക്ഷ്യം കൈവരിച്ചവർ കൂട്ടത്തിലുണ്ട്. നാലാം ചാൻസിൽ ലക്ഷ്യം കണ്ടെത്തിയ തിരുവനന്തപുരം കരിക്കകത്തുള്ള അശ്വതി, മലയോര പ്രദേശത്തിന് അഭിമാനമായി മാറിയ ശ്രീതു, നെയ്യാറ്റിൻകരയിലെ എ.എൽ. രേഷ്മ, നൂറിൽ താഴെ റാങ്കുകളിലെത്തിയ അശ്വതി ജിജി, വീണാ എസ്. സുതൻ, എം.ബി. അപർണ, ദീന ദസ്തഗിർ എന്നിവരെല്ലാം കഠിനമായി അദ്ധ്വാനിച്ചാൽ നേടാൻ കഴിയാത്തതൊന്നുമില്ലെന്ന് സിവിൽ സർവീസ് സ്വപ്നം കാണുന്ന ഇളംമുറക്കാരെ ഓർമ്മിപ്പിക്കുന്നു. സ്‌കൂൾതലം തൊട്ടേ സിവിൽ സർവീസിനോടുള്ള ആരാധനാഭാവവും താത്‌പര്യവും അനുകൂല ഘടകമായി മാറ്റാൻ പലർക്കും കഴിയുന്നുണ്ട്. ഇപ്പോഴത്തെ ഈ വിജയം കൂടുതൽ അഭിമാനകരമായ നേട്ടങ്ങൾക്ക് യുവതലമുറയ്ക്ക് പ്രചോദനമാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CIVIL SERVICE RANK
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.