SignIn
Kerala Kaumudi Online
Thursday, 25 April 2024 6.16 AM IST

സമ്മേളനങ്ങളിൽ മുഖം മിനുക്കി സി.പി. എം

photo

പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി സി.പി. എം ബ്രാഞ്ച് സമ്മേളനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുമ്പോൾ സംഘടനയുടെ മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. കുറ്റമറ്റ രീതിയിൽ സമ്മേളനങ്ങളും ഭാരവാഹി തിരഞ്ഞെടുപ്പും നടത്താൻ മറ്റൊരു രാഷ്ട്രീയ പാർട്ടിയ്ക്കും കഴിയില്ലെന്നതും ശ്രദ്ധേയമാണ്. ഒരിക്കൽ ഒരു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ വച്ച് ഒരു ഉന്നത നേതാവ് സ്വന്തം പാർട്ടിയെ വിശേഷിപ്പിച്ചത് ഇതൊരു പ്രത്യേക സൈസ് പാർട്ടി എന്നായിരുന്നു. അടുക്കും ചിട്ടയോടും കൂടി പാർട്ടിയുടെ കീഴ്ഘടകമായ ബ്രാഞ്ച് മുതൽ സമ്മേളനം നടത്താൻ ഏത് പാർട്ടിക്കാണ് കഴിയുക. അതുകൊണ്ടു തന്നെയാണ് പ്രത്യേക സൈസ് പാർട്ടി എന്നു വിശേഷിപ്പിച്ചതും.

ഓരോ സമ്മേളനത്തിലും പാർട്ടി പ്രത്യേകം പരീക്ഷണങ്ങളും മറ്റും നടത്താറുമുണ്ട്. അതിന്റെ ഭാഗമായാണ് പാർട്ടി പിറന്ന മണ്ണായ കണ്ണൂർ പുതിയ പരീക്ഷണങ്ങൾക്ക് വേദിയായതും. പാർട്ടി കോൺഗ്രസിന് വേദിയാകുന്നതു കൊണ്ട് ഈ മാസം ആദ്യം തന്നെ കണ്ണൂരിൽ പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് യുവതികളെയും പുതുമുഖങ്ങളെയും തിരഞ്ഞെടുത്തു കൊണ്ടാണ് വിപ്ളകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്.പാർട്ടിയുടെ കീഴ്ഘടകമായ ബ്രാഞ്ച് തലം മുതൽ കേന്ദ്രകമ്മിറ്റി വരെ സി.പി. എം കൂടുതൽ ചെറുപ്പത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി മാറുകയാണ് പുതിയ മാറ്റങ്ങൾ. കണ്ണൂർ ജില്ലയിൽ 30 ശതമാനത്തോളം സ്ത്രീകളാണ് സെക്രട്ടറി സ്ഥാനത്തെത്തിയത്.

അഞ്ച് ലക്ഷത്തിൽപ്പരം അംഗങ്ങളുള്ള സി.പി.എമ്മിന് സംസ്ഥാനത്ത് നിലവിൽ മുപ്പതിനായിരത്തോളം ബ്രാഞ്ചുകളുണ്ട്. നേരത്തെ പ്രായപരിധി 80 ആയിരുന്നു. പുതുക്കിയ പരിധി 75 ആക്കുമ്പോൾ പാർട്ടി കമ്മിറ്റികളിൽ നിന്നു മുതിർന്ന നേതാക്കളുടെ സ്ഥാനത്ത് യുവതീയുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകാനുള്ള സി.പി.എം തീരുമാനമാണ് ഇതോടെ നടപ്പിലാകുന്നത്.

ലോക്കൽ, ഏരിയ കമ്മിറ്റികളിൽ പുതുതായി ഉൾപ്പെടുത്തുന്ന രണ്ട് പേർ 40 വയസിന് താഴെയുള്ളവരാകണമെന്നും നിർദേശമുണ്ട്. പാർട്ടിയിൽ 75 വയസ് പിന്നിട്ടവരാണ് പത്ത് മുതൽ 15 ശതമാനം വരെ യെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സമ്മേളനത്തോടെ ഇതിനു പാടെ മാറ്റം വരികയാണ്.

കണ്ണൂർ ജില്ലയിലെ പാനൂർ ഏരിയയിലാണ് യുവതികളേറെയും സെക്രട്ടറി സ്ഥാനത്തെത്തിയത്. ആർ. എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സി.പി. എം പാനൂർ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മകൾ പി.കെ. ഷബ്നയാണ് സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ചിൽ പാർട്ടിയെ നയിക്കുന്നത്. പാറാട് ടൗൺ ബ്രാഞ്ച് വിഭജിച്ചാണ് സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ച് രൂപീകരിച്ചത്. വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന സി.പി.എമ്മിന്റെ തീരുമാനത്തെ തുടർന്നാണിത്. കണ്ണങ്കോട് ടി.പി.ജി. എം.യു.പി സ്‌കൂൾ അദ്ധ്യാപികയായ ഷബ്ന കെ. എസ്.ടി. എ പാനൂർ സബ് ജില്ലാ കമ്മിറ്റി നിർവാഹക സമിതി അംഗമാണ്.

തിരഞ്ഞെടുക്കപ്പെട്ട സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരിൽ തിരുവനന്തപുരം ആറ്റിപ്ര ലോക്കൽ കമ്മിറ്റിക്കു കീഴിലെ നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് സെക്രട്ടറി വിഷ്ണു ഷാജിനാണ് ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി. കൊല്ലത്തെ ചാത്തന്നൂർ വയലിക്കട ബ്രാഞ്ച് സെക്രട്ടറിയും ആലപ്പുഴ മാന്നാർ എണ്ണയ്ക്കാട് തെക്ക് ബ്രാഞ്ച് സെക്രട്ടറിയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. 21 വയസുള്ള ജസീമ ദസ്തക്കീറാണ് രണ്ടാമത്തേത് .

അതേ സമയം ചില ബ്രാഞ്ച് സെക്രട്ടറിമാരെ ചൊല്ലി വിവാദങ്ങളും നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. കൊല്ലം ചവറയിൽ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി വേണ്ടെന്നും സി.പി.എം തീരുമാനമെടുത്തിരിക്കയാണ്. നിലം നികത്താൻ സഹായം ചെയ്യാത്തതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സി.പി.എം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. വ്യവസായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.

ധിക്കാരമോ ധാർഷ്ട്യമോ ഭീഷണിയോ ഈ വാക്കുകളിൽ ഇല്ലെന്നാണ് സി.പി.എമ്മിന്റെ കണ്ടെത്തൽ. രണ്ട് പേർ തമ്മിലുള്ള ഫോൺ സംഭാഷണം എന്നതിനപ്പുറം ഭീഷണി മുഴക്കിയ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ തക്ക കാരണങ്ങളൊന്നും ഈ സംഭാഷണത്തിൽ ഇല്ലെന്നും സി.പി.എം നേതാക്കൾ വിശദീകരിക്കുന്നു. നിലം നികത്താനുള്ള വ്യവസായിയുടെ ശ്രമത്തിന് സെക്രട്ടറി കൂട്ടുനിന്നില്ലെന്നും ഇത് വ്യക്തമാക്കുന്ന തെളിവുകൾ പാർട്ടിയുടെ പക്കലുണ്ടെന്നും നേതാക്കൾ വിശദീകരിച്ചു.

എന്നാൽ പരസ്യമായി മാദ്ധ്യമങ്ങൾക്കു മുന്നിൽ ബ്രാഞ്ച് സെക്രട്ടറിയെ ന്യായീകരിക്കാൻ സി.പി.എം നേതാക്കളാരും തയ്യാറുമല്ല. ഇതിനിടെ നിലം നികത്തിയാണ് കൺവെൻഷൻ സെന്റർ നിർമ്മിച്ചത് എന്ന സി.പി.എം ആരോപണം തെറ്റാണെന്ന് പ്രവാസി വ്യവസായി പറയുന്നു.

എന്നാൽ പെരുമാറ്റ ദൂഷ്യമുള്ള ഒരാളെ പോലും പാർട്ടിയിൽ വച്ചു പൊറുപ്പിക്കില്ലെന്നു തന്നെയാണ് നേതൃത്വത്തിന്റെ നിലപാട്.

സമ്മേളനങ്ങളിൽ പ്രാദേശിക വിഷയം മുതൽ ദേശീയ സംഭവങ്ങൾ വരെ ചർച്ചയ്ക്ക് വരുന്നുണ്ട്.

സമ്മേളനം പുരോഗമിക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ലൈക്ക് കൂട്ടാനുള്ള ശ്രമങ്ങളും നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിലെ ലൈക്ക് പൊതുപ്രവർത്തകരുടെ ജനപിന്തുണയുടെ പ്രധാന മാനദണ്ഡമായി മാറുന്നത് നേതൃത്വത്തിന് കടുത്ത തലവേദനയാണ്. ഒരു മന്ത്രിക്ക് ആറു ലക്ഷം മുതൽ എട്ട് ലക്ഷം വരെ ലൈക്ക് വന്നപ്പോൾ മറ്റൊരു മന്ത്രിക്ക് ഇതിന്റെ പകുതി പോലും കിട്ടിയില്ലെന്നതും സമ്മേളനങ്ങളിൽ ചർച്ചയാണ്. മന്ത്രിയുടെ പേജിന് ലൈക്ക് കൂട്ടാൻ പ്രവർത്തിക്കണമെന്ന ഉത്തരവിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

ഇതൊന്നും വലിയ വിഷയമാക്കിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷത്തിനും നന്നായി അറിയാം. എന്നാലും ചടങ്ങിനെങ്കിലും പ്രതിഷേധിക്കണ്ടേ എന്നാണ് അവർ ചോദിക്കുന്നത്. കോൺഗ്രസിൽ നിന്നു മുതിർന്ന നേതാക്കൾ അടിക്കടി കൊഴിഞ്ഞു പോകുമ്പോൾ അവരെ ചുവപ്പ് പരവതാനി വിരിച്ച് കാത്തിരിക്കുകയാണ് സി.പി. എം നേതൃത്വം. സമ്മേളനങ്ങളുടെ ചുമതലയും ഇത്തരത്തിൽ കോൺഗ്രസ് വിട്ട് സി.പി. എമ്മിൽ വന്നവർക്കും നൽകിയിട്ടുണ്ട്. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കോഴിക്കോട് ജില്ലയിലെ സി.പി. എം സമ്മേളനങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കയാണ്.

തലമുറമാറ്റം എന്നു പറയുമ്പോൾ അതു നടപ്പാക്കാൻ കഴിയുന്ന പാർട്ടിയാണ് സി.പി. എം. ന്യൂ ജനറേഷന്റെ കരുത്ത് സമൂഹത്തിന് കരുതലായി മാറുമെന്ന ബോദ്ധ്യമാണ് യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നതിലൂടെ സി.പി. എം നേതൃത്വം അടിവരയിടുന്നത്.

ബ്രാഞ്ചുകൾ

40000 കവിയും

ബ്രാഞ്ചുകളിൽ അംഗങ്ങൾ 15 പേർ എന്നത് കർശനമാക്കിയിട്ടുണ്ടെങ്കിലും പല ബ്രാഞ്ചുകളിലും ഇതിൽ കൂടുതലാണ് അംഗസംഖ്യ. ഈ ബ്രാഞ്ചുകൾ പുന:സംഘടിപ്പിക്കുന്നുണ്ട്. അങ്ങനെയാകുമ്പോൾ ബ്രാഞ്ചുകളുടെ എണ്ണം നാൽപതിനായിരത്തിലേറെയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY, CPM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.