SignIn
Kerala Kaumudi Online
Thursday, 25 April 2024 11.15 PM IST

വ്യാജനിർമ്മിതികൾ തരുന്ന വേദന

dronar

പ്രതിരോധം തന്നെ രാഷ്ട്രീയമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ജീവിക്കുന്നവരാണിന്നാട്ടിൽ. പക്ഷേ പലർക്കും അതെന്ത് രാഷ്ട്രീയമാണെന്നറിയില്ല. ഈ പ്രതിരോധത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാത്തതിന്റെ ന്യൂനതകൾ നല്ലപോലെ ബാധിച്ചിട്ടുള്ളവർക്ക് നാട്ടിൽനടക്കുന്ന സംഗതികൾ കണ്ടാൽ അതെന്താണെന്നോ എങ്ങനെയാണെന്നോ ഒരുപിടിയും കിട്ടില്ല. അത്തരക്കാർക്കിടയിൽ ജീവിക്കേണ്ടി വന്നതിന്റെ വേദന, അതനുഭവിച്ചവർക്കേ മനസിലാകൂ.

ഈപി ജയരാജനണ്ണൈ തൊട്ട് ശിവൻകുട്ടിയണ്ണൈ വരെയുള്ളവർ ഈയൊരു വേദന അനുഭവിക്കുന്നവരാണ്. വ്യാജനിർമ്മിതികളാണ് അവരുടെ ഉറക്കം കെടുത്തുന്നത്. വ്യാജന്മാർ പലവഴിക്കും വരും. സി.ഐ.എ ചാരന്മാരായിരിക്കും ചില നേരങ്ങളിലവർ. അവരുണ്ടാക്കുന്ന വ്യാജനിർമ്മിതികൾ കണ്ടിട്ട് പലരും പലതും ധരിച്ചുപോയെന്നിരിക്കും.

'ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലു വലിച്ചു കിണറ്റിൽ മറിച്ചു, ചിരവയെടുത്തഥ തീയിലെറിഞ്ഞു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു, അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടിനടന്നു' എന്ന മട്ടിൽ ഈപിയണ്ണൈയും ശിവൻകുട്ടിയണ്ണൈയും നിയമസഭയ്ക്കകത്തെ സ്പീക്കറുടെ വേദിയിൽ കയറി അഞ്ചാറ് കൊല്ലം മുമ്പ് അരിശങ്ങൾ തീർത്തെന്ന് ആളുകൾ ധരിച്ചുപോയത് ഇത്തരമൊരു വ്യാജനിർമ്മിതി കണ്ടിട്ടായിരുന്നു.

ഈപിയണ്ണൈ, നിത്യാഭ്യാസി ആനയെയും എടുക്കുമെന്ന മട്ടിൽ സ്പീക്കറുടെ കസേരയെടുത്ത് കശക്കിയെറിഞ്ഞത് കണ്ടവരുണ്ട്. ആ നേരത്ത് ശിവൻകുട്ടിയണ്ണൈ മുന്നിൽ തടസമായി നിൽക്കുകയായിരുന്ന മൈക്കിന്റെ കോല്, വയർ, കമ്പ്യൂട്ടർ മാതിരിയൊക്കെയുള്ള എന്തൊക്കെയോ ചില സാമാനങ്ങൾ എന്നിവയെല്ലാം പല ബെഞ്ചുകളിൽ നിന്നും ഡസ്കുകളിൽ നിന്നും പറിച്ചെടുത്ത് നീക്കുന്നത് കണ്ടവരുമുണ്ട്. വ്യാജനിർമ്മിതികൾ ജലസ്ഥലഭ്രമം ആളുകളിലുണ്ടാക്കും. ജലമുള്ളിടം സ്ഥലമെന്നും സ്ഥലം കണ്ടാൽ ജലമെന്നും തോന്നിപ്പിക്കും. ഇവിടെയും അതുതന്നെ. അല്ലാതെ അതിക്രമം കാട്ടിയതല്ല.

അതുകൊണ്ടാണ്, സി.ഐ.എക്കാരെപ്പറ്റിയോ വ്യാജനിർമ്മിതികളെപ്പറ്റിയോ പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയോ ഒരു മണ്ണാങ്കട്ടയും അറിഞ്ഞുകൂടാത്തയാളുകൾ ഈ കാഴ്ചയൊക്കെ കണ്ട് ആവേശത്തിമിർപ്പിലായിപ്പോയത്. പക്ഷേ, യഥാർത്ഥത്തിൽ അന്നവിടെ സംഭവിച്ചതെന്തായിരുന്നെന്ന് ഈ ആവേശപ്പൊതുവാളന്മാർക്ക് ആർക്കും ഇന്നേത്തീയതി വരെ തിരിച്ചറിയാനായിട്ടില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമാണിത്രയും അധ:പതനം നാട്ടിലുണ്ടായിപ്പോയത് എന്നതാണ് ഈപിയണ്ണൈയെയും ശിവൻകുട്ടിയണ്ണൈയും മറ്റും വല്ലാതെ വേദനിപ്പിക്കുന്നത്.

ശരിക്കും അന്നവർ അവിടെ പ്രതിരോധിക്കുകയായിരുന്നു. മാനിന്റെ വേഷത്തിൽ മാരീചൻ വന്ന് സീതയെ തട്ടിയെടുത്തത് പോലെ, വാച്ച് ആൻഡ് വാർഡിന്റെ വേഷത്തിൽ കള്ളപ്പൊലീസുകാരെത്തി ഉന്താനും തള്ളാനും തുടങ്ങിയപ്പോൾ പ്രതിരോധിച്ചുപോയി. അതിനിടയിൽ കാലിൽത്തട്ടിയ കസേരയെ ഒന്ന് തലോടി ചുംബിച്ച് എടുത്ത് മാറ്റിവച്ചതായിരുന്നു ഈപിയണ്ണൈ. മുന്നിലെ വയറും മൈക്ക് ഘടിപ്പിച്ച മേശയും മറ്റും അവിടത്തെ തിക്കിലും തിരക്കിലും ആർക്കും ബുദ്ധിമുട്ടാവരുതെന്ന് കരുതി മാത്രം ശിവൻകുട്ടിയണ്ണൈ ഒന്നു നീക്കിവച്ചു. അതുപോലും മൈക്കിന് ഒരുറുമ്പ് കടിച്ച വേദനപോലുമുണ്ടാകാത്തത്ര കരുതലോടെയായിരുന്നു!

പ്രതിരോധത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്നത് അങ്ങനെയാണ്. അല്ലാതെ അവിടെക്കിടന്ന് അഭ്യാസം കാട്ടിയാൽ പ്രതിരോധത്തിന്റെ പ്രസക്തിയെ അതില്ലാതാക്കും. പ്രത്യേകിച്ച് കള്ള ഉടുപ്പിട്ടെത്തിയ പൊലീസുകാർക്കെതിരായ പ്രതിരോധമാകുമ്പോൾ. മർദ്ദനോപാധിയാണ് പൊലീസ്. മർദ്ദനോപാധികളെ പ്രതിരോധിക്കുന്നതിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോൾ, സി.ഐ.എ ചാരന്മാരുടെ വ്യാജനിർമ്മിതികളും കണ്ടാസ്വദിച്ച്, അന്തംവിട്ടിരുന്നാൽ നാടിന്റെയവസ്ഥ എന്താകും? പരമദയനീയമായിരിക്കുമെന്ന് നൂറ്റുക്കുനൂറു ശതമാനം ഉറപ്പ്! എത്രയും വേഗം നാടിന്റെയീ മൂല്യച്യുതി പരിഹരിക്കണമെന്നതിനാലാണ് അന്തംവിട്ട പ്രതികൾ എന്തും ചെയ്യുമെന്ന് പറഞ്ഞതുപോലെ, ഈപിയണ്ണൈയും ശിവൻകുട്ടിയണ്ണൈയും ജലീൽസായ്‌വും മറ്റും കോടതിയിലാ നഗ്നസത്യം ബോധിപ്പിച്ചത്. വ്യാജനിർമ്മിതി!

...............................

- ലഹരി മാഫിയയെ പിടിക്കാൻ തിരുവനന്തപുരം സിറ്റിയിലുണ്ടാക്കിയ ഡാൻസാഫ് സേനക്കാർ അവിടവിടെയായി കഞ്ചാവ് പൊതികൾ വിതറിയതായി വാർത്തയുണ്ട്. യഥാർത്ഥത്തിൽ അതൊരു തന്ത്രമാണെന്ന് തിരിച്ചറിയാത്തവരാണ് ഡാൻസാഫിനെപ്പറ്റി അതുമിതുമൊക്കെ പറയുന്നത്. അതിവിദഗ്ദ്ധമായി മാഫിയയെ തുരത്താനുള്ള ആസൂത്രിതനീക്കമാണ് ഡാൻസാഫിന്റേത്. അമേരിക്കൻ സി.ഐ.എ തൊട്ട് സോവിയറ്റ്നാട്ടിലെ കെ.ജി.ബി വരെയുള്ള സംഘങ്ങളിൽ പണിയെടുത്ത് പരിചയമുള്ളവരെയാണ് ഡാൻസാഫിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്. അവരുടെ വിദഗ്ദ്ധഓപ്പറേഷനെ, ഒരുമാതിരി കടുവാമാത്തനേഡിന്റെ ഗരുഡൻതൂക്കരീതിയോട് ഉപമിക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ല. യഥാർത്ഥത്തിൽ ഡാൻസാഫിനെ രാഷ്ട്രപതിയുടെ മെഡൽ നൽകി ആദരിക്കുകയായിരുന്നു വേണ്ടത്!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.