SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.59 PM IST

ല​ഗ്‌ജാ​ ​ഗ​ലേ...,​ ലതാമങ്കേഷ്കറി​ന്റെ അപൂർവ വി​ശേഷങ്ങൾ

​​​​

a

36 ഇന്ത്യൻ ഭാഷകളി​ലും വി​ദേശഭാഷകളി​ലുമായി​ ആയി​രക്കണക്കി​ന് ഗാനങ്ങൾ ആലപി​ച്ച അതുല്യഗായി​ക ലതാമങ്കേഷ്കറി​ന്റെ അപൂർവ വി​ശേഷങ്ങൾ

അറുപതുകളായിരുന്നു ലതാ മങ്കേഷ്‌ക്കർ എന്ന അതുല്യ ഗായികയുടെ സുവർണകാലം. അക്കാലത്തെ എല്ലാ സംഗീത സംവിധായകർക്കൊപ്പവും ഗായകർക്കൊപ്പവും ലതാജി പാട്ടിന് കൂട്ടായി.

സംവിധായകൻ നിരസിച്ച സൂപ്പർഹിറ്റ്

ലതാ മങ്കേഷ്‌ക്കർ പാടിയ പരശ്ശതം പാട്ടുകളിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമേതെന്ന് ചോദിച്ചാൽ വോ കോൻ ധി എന്ന ചിത്രത്തിലെ ലഗ് ജാ ഗലേ... എന്ന പാട്ടായിരിക്കും ഭൂരിപക്ഷംപേരും പറയുക. ഹൊറർ സിനിമയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയതാണെങ്കിലും ഇന്ത്യൻ സിനിമാ സംഗീതത്തിലെ നിത്യഹരിത പ്രണയഗാനങ്ങളിലൊന്നായാണ് ലഗ് ജാ ഗലേ വിലയിരുത്തപ്പെടുന്നത്.

സംഗീത സംവിധായകൻ മദൻ മോഹൻ കംപോസ് ചെയ്ത ഗാനം സംവിധായകൻ രാജ് ഖോസ്‌ലെയ്ക്ക് ആദ്യം ഇഷ്ടമായില്ല. ഹൃദയം തൊട്ടൊരുക്കിയ ഇൗണം നിരസിക്കപ്പെടുമേന്നോർത്ത് മദൻജി നിരാശയിലായി. ഇൗ ഗാനം എക്കാലവും ഒാർമ്മിക്കപ്പെടുമെന്ന് മദൻ മോഹന് അത്രയ്ക്കുറപ്പായിരുന്നു. അദ്ദേഹം ചിത്രത്തിലെ നായകനായ മനോജ് കുമാറിനെ പാട്ട് കേൾപ്പിച്ചു. നായകനാണ് ആ പാട്ട് നിർബന്ധമായും സിനിമയിൽ ഉൾപ്പെടുത്തണമെന്ന് സംവിധായകനെ പറഞ്ഞ് സമ്മതിപ്പിച്ചത്.

പിന്നീട് പാട്ട് സൂപ്പർ ഹിറ്റായപ്പോൾ ഇൗ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ അതെത്ര വലിയ ബുദ്ധിമോശമായിപ്പോയേനെയെന്ന് സംവിധായകൻ രാജ് ഖോസ്‌ല ഏറ്റുപറയുകയും ചെയ്തു.

ലതാജി പാടിയ ആ മാസ്‌മര ഗാനം എത്രയെത്ര ഗായകരാണ് പിന്നീട് തങ്ങളുടെ ശബ്ദത്തിൽ പുനരാവിഷ്കരിച്ചത്. ഹിന്ദിസിനിമാ സംഗീത ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുനഃസൃഷ്ടിക്കപ്പെട്ട ഗാനമെന്ന റെക്കോഡ് ലഗ് ജാ ഗലേ.. യ്ക്ക് തന്നെ.

പ്രിയപ്പെട്ടഅനിയത്തി

ബോളിവുഡ് അടക്കി വാണിരുന്ന ഗായികമാർ മങ്കേഷ്‌ക്കർ സഹോദരിമാർ. ലതാ മങ്കേഷ്‌ക്കറും ആശാ ഭോസ്‌ലെയും.

അനുജത്തിയായ ആശാഭോസ്‌ലെയുടെ ആലാപന ശൈലിയിൽ ലതാമങ്കേഷ്‌ക്കർ എന്നും അഭിമാനിച്ചിരുന്നു. തനിക്ക് പാടാൻ പറ്റാത്ത ശൈലിയിലുള്ള പാട്ടുകൾ പോലും ആശാഭോസ്‌ലെയ്ക്ക് പാടാനാവുമെന്ന് ലതാ മങ്കേഷ്‌ക്കർ ഉറച്ചുവിശ്വസിച്ചു. ചേച്ചിയുടെ ആലാപനശൈലി അനുകരിക്കാൻ ആശ ഒരിക്കലും ശ്രമിച്ചിരുന്നില്ല.

ആലാപന ശൈലിയിൽ മാത്രമല്ല പ്രകൃതത്തിലും സഹോദരിമാരിരുവരും ഇരുധ്രുവങ്ങളിലായിരുന്നു. ലതാ മങ്കേഷ്‌ക്കർ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരിയായിരുന്നുവെങ്കിൽ ആശാ ഭോസ്‌ലെ ശരിക്കുമൊരു വായാടിയായിരുന്നു.

സിനിമാ ലോകത്ത് കൂടുതൽ സുഹൃത്തുക്കളുണ്ടായിരുന്ന ആശ ഇടയ്ക്ക് ചേച്ചിയുമായി അകന്നെങ്കിലും ഇരുവരും തമ്മിലുള്ള അകൽച്ചയുടെ വരമ്പുടച്ചത് സംഗീത സംവിധായകൻ ആർ.ഡി. ബർമ്മനായിരുന്നു. ലതാജി പഞ്ചിം ദാ എന്ന ആർ.ഡി. ബർമ്മന് സഹോദരിയെപ്പോലെയായിരുന്നുവെങ്കിൽ ആശാ ഭോസ്‌ലെ ഹൃദയേശ്വരിയായിരുന്നു.

a

ലതാജിക്ക് വിഷം നൽകിയതാര്!

അറുപതുകളുടെ തുടക്കത്തിൽത്തന്നെ സംഗീത രംഗത്ത് നിന്ന് കുറച്ചുകാലം വിട്ടുനിൽക്കേണ്ടിവന്നിട്ടുണ്ട് ലതാ മങ്കേഷ്‌ക്കറിന്. ഭക്ഷണത്തിലൂടെ വിഷബാധയേറ്റതായിരുന്നു കാരണം. ഭക്ഷണം കഴിച്ചശേഷം മോഹാലാസ്യപ്പെട്ട് വീണ ലതാജിയെ ഡോക്ടർമാർ പരിശോധിച്ചു. നിരവധി പരിശോധനകൾക്ക് ശേഷമാണ് ഭക്ഷണത്തിൽ ആരോ വിഷം കലർത്തിയിട്ടുണ്ടായിരുന്നുവെന്ന് തെളിഞ്ഞത്.

നാലഞ്ച് ദിവസം അതീവ ഗുരുതരാവസ്ഥയിലായിരുന്നു ലതാ മങ്കേഷ്‌ക്കർ . മൂന്നുമാസം ശയ്യാവലംബിയായിക്കിടന്ന മഹാഗായികയ്ക്ക് ആറ് മാസത്തോളമാണ് ആലാപന രംഗത്ത് നിന്ന് മാറിനിൽക്കേണ്ടിവന്നത്. വീട്ടുകാർ ലതയെ നന്നായി ശുശ്രൂഷിച്ചു. ലതാ മങ്കേഷ്‌ക്കറിന്റെ വീട്ടിലെ പാചകക്കാരിയെ ഇൗ സംഭവത്തിന് ശേഷം കാണാതായത് ഇതിന് പിന്നിൽ അവരാണെന്ന നിഗമനത്തിലെത്തി. അവരെക്കൊണ്ട് ഇൗ കടുംകൈ ചെയ്യിച്ചതാരാണെന്നത് ഇന്നുമറിയില്ല!

മുഹമ്മദ് റഫിയുമായുള്ള സൗന്ദര്യ പിണക്കം

മഹാഗായകനായ മുഹമ്മദ് റഫിയുമായി ഒരു സൗന്ദര്യ പിണക്കമുണ്ടായിരുന്നു ലതാ മങ്കേഷ്‌ക്കർക്ക്. ഗായകർക്ക് ലഭിക്കേണ്ട റോയൽറ്റിയെച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിൽ അകന്നത്. പാട്ടുകാർക്കും പാട്ടിന്റെ റോയൽറ്റി ലഭിക്കണമെന്ന അഭിപ്രായക്കാരിയായിരുന്നു ലതാ മങ്കേഷ്‌ക്കർ. സംഗീത സംവിധായകർക്ക് അഞ്ച് ശതമാനം റോയൽറ്റി അക്കാലത്ത് ലഭിച്ചിരുന്നു. ഗായകർക്കും റോയൽറ്റി വേണമെന്ന തന്റെ ആവശ്യത്തിനൊപ്പം റഫി സാബുമുണ്ടാകുമെന്നായിരുന്നു ലതാജിയുടെ ധാരണ. പക്ഷേ റഫിസാബ് ആ ആവശ്യത്തിനെതിരായിരുന്നു. പാടുന്നതിന് ലഭിക്കുന്ന പ്രതിഫലംതന്നെ ധാരാളമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായപ്പോൾ ഇരുവരും ഒരുമിച്ച് പാടുന്നത് പോലും അവസാനിപ്പിച്ചു.

സംവിധായകൻ ജയകിഷൻ ഇരുവരെയും ഒരു മുറിയിലിരുത്തി നടന്ന മധ്യസ്ഥ ചർച്ചയാണ് മഞ്ഞുരുക്കിയത്. തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നിയ മുഹമ്മദ് റഫി ലതാ മങ്കേഷ്‌ക്കർക്ക് ക്ഷമാപണം എഴുതി നൽകുക പോലും ചെയ്തു.

ലതാ മങ്കേഷ്‌ക്കറും ലക്ഷ്മികാന്ത് പ്യാരേലാലും

ലതാ മങ്കേഷ്‌ക്കർ ഏറ്റവുമധികം പാട്ടുകൾ പാടിയിട്ടുള്ളത് ലക്ഷ്മികാന്ത് പ്യാരേലാൽ ടീമിന്റെ സംഗീത സംവിധാനത്തിലാണ്. മുപ്പത്തിയഞ്ച് വർഷംകൊണ്ട് ലതാ മങ്കേഷ്‌ക്കർ ഇവർക്ക് വേണ്ടി പാടിയ പാട്ടുകളുടെ എണ്ണം എണ്ണൂറോളം വരും.

ദിലീപ് കുമാറിന്റെ നിർദ്ദേശവും ഉറുദുപഠനവും

അക്കാലത്ത് പല ഹിന്ദി പാട്ടുകളിലും ഉറുദുവിന്റെ സ്വാധീനം ശക്തമായിരുന്നു. ലതാ മങ്കേഷ്‌ക്കർക്ക് ഉറുദു അത്ര നന്നായി വഴങ്ങുമായിരുന്നില്ല. അടുത്ത സുഹൃത്തായിരുന്ന അഭിനേതാവ് ദിലീപ് കുമാറാണ് പന്തയത്തിൽ ദീർഘകാലം മുന്നോട്ട് പോകണമെങ്കിൽ ഉറുദു പഠിച്ചേ തീരുവെന്ന് ലതാ മങ്കേഷ്‌ക്കറിനെ ഉപദേശിച്ചത്. സഹോദര തുല്യനായി കണ്ടിരുന്ന ദിലീപ് കുമാറിന്റെ വാക്കുകൾ ലതാ മങ്കേഷ്‌ക്കർ ശിരസ്സാവഹിച്ചു. പുതിയൊരു ഭാഷ പഠിച്ചെടുക്കുകയും ചെയ്തു. ദിലീപ് കുമാർ മരിക്കുംവരെ എല്ലാവർഷവും രക്ഷാബന്ധൻ ദിവസം അദ്ദേഹത്തിന് രാഖി കെട്ടുമായിരുന്നു ലത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LATA MANGESHKAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.