കുമരകം: ടൂറിസ്റ്റുകൾ സഞ്ചരിച്ച ഹൗസ് ബോട്ട് സവാരിക്കിടെ ഏഴുമണിക്കൂറിലേറെ പാേളയിൽ കുടുങ്ങി. ലോക വിനോദസഞ്ചാര ദിനമായിരുന്ന ഇന്നലെ രാവിലെ 10 ന് കവണാറ്റിൻകരയിൽ നിന്ന് യാത്ര തിരിച്ച പാലക്കാട് മണ്ണാർകാട് സ്വദേശികളായ 11 അംഗ കുടുംബമാണ് മാലിക്കായലിന് സമീപം പോളയും പുല്ലും നിറഞ്ഞ വേമ്പനാട്ടുകായലിൽ അകപ്പെട്ടത്. കാറ്റടിച്ച് പോള തിങ്ങിക്കൂടിയ കാരണം രക്ഷാപ്രവർത്തനം വൈകിട്ട് ആറോടെയാണ് സാദ്ധ്യമായത്.
പോള കുമരകത്തെ വിനോദ സഞ്ചര മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിനോദ സഞ്ചാരദിനമായിരുന്ന ഇന്നലെ കാറ്റും മഴയും ഹർത്താലും ആയിരുന്നിട്ടും ഏതാനും ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും സവാരി ലഭിച്ചിരുന്നു . ഇവയ്ക്കാണ് പാേള വില്ലനായത് . കഴിഞ്ഞ വർഷം തണ്ണീർമുക്കം ബണ്ട് തുറക്കാൻ വൈകിയതാണ് പാേള ശല്യം രൂക്ഷമാകാൻ കാരണമെന്ന് അക്ഷേപമുണ്ട്.
തുക അനുവദിച്ചിട്ടും നടപടിയില്ല
ജെട്ടി തോടിന്റെ മുഖവാരത്തെ പോള നീക്കാൻ ഇറിഗേഷൻ വകുപ്പ് 320000 രുപ അനുവദിച്ചിരുന്നെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ല. കായലിൽ കക്ക വാരാൻ പാേയ തൊഴിലാളികൾ രണ്ടാഴ്ച മുമ്പ് ഒരു പകൽ മുഴുവൻ പോളയിൽ കുരുങ്ങി കായലിൽ അകപ്പെട്ടിരുന്നു. അന്ന് മന്ത്രി വി.എൻ വാസവൻ എത്തി പാേള നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നതാണ്.