പഴയങ്ങാടി: വർണ്ണപ്പൂക്കൾ നിറഞ്ഞ്, ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ പക്ഷിദേശാടന ഭൂപടത്തിലിടം പിടിച്ച് ദേശീയശ്രദ്ധ നേടുന്നു. ദേശാടനപക്ഷികളുടെയും അപൂർവ്വ പൂമ്പാറ്റകളുടെയും സാമീപ്യം ഇവിടെയെത്തുന്ന സന്ദർശകർക്ക് വിരുന്നാണിപ്പോൾ. മഴ ഒഴിഞ്ഞ നേരങ്ങളിലാണ് മാടായിപ്പാറയുടെ പച്ചപ്പ് നിറഞ്ഞ മേൽ ഭാഗങ്ങളിൽ കാഴ്ചയുടെ ഈ അപൂർവ വിരുന്ന് ഒരുങ്ങുന്നത്.
ചോരക്കാലി, മഞ്ഞക്കാലി, വെള്ളയേൻ, യൂറോപ്പിയൻ പനക്കാക്ക, ചാരകഴുത്തൻ തുടങ്ങി അപൂർവയിനത്തിൽപ്പെട്ട പക്ഷികളെ കഴിഞ്ഞ വർഷങ്ങളിൽ മാടായിപ്പാറയിൽ കണ്ടെത്തിയിരുന്നു. വർഷം കഴിയുമ്പോഴും പുതിയ ഇനം പക്ഷികൾ മാടായിപ്പാറയിൽ എത്തുന്നതായിട്ടാണ് നിരീക്ഷകർ പറയുന്നത്. കടലിന് മുകളിലൂടെയുള്ള ദേശാടനത്തിനിടയിൽ കാലാവസ്ഥ പ്രതികൂലമാകുമ്പോൾ ഉയർന്ന ചെങ്കുന്നായ മാടായിപ്പാറ പക്ഷികൾക്ക് താവളമാകുന്നതാണ് ഇതിനുപിന്നിൽ.
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നാട്ടുപക്ഷികളിൽ പല ഇനങ്ങളെയും മാടായിപ്പാറയിൽ കാണാനുണ്ട്. പക്ഷികൾക്ക് പുറമെ 113 ഇനം ചിത്രശലഭങ്ങളെയും 24 ഇനം തുമ്പികളെയും ഇവിടെ കാണാനാകും. എവിടെയും നിൽക്കാതെ ഇളം നീലവര ചിറകുകളുള്ള നാടോടി ശലഭവും എരിക്ക് തപ്പിയും പൊന്തകൾക്ക് മുകളിൽ വട്ടമിട്ട് പറക്കുന്ന പൊതിച്ചിറ്റനും സ്വർണച്ചിറകുള്ള വലിയ ഗരുഡശലഭവും പിറവാലനുമടക്കം നിരവധി ചിത്രശലഭങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
ചരിത്രം കഥപറയുമിടം
ചരിത്രപരമായി ഏറേ പ്രാധാന്യമുള്ള പ്രദേശം കൂടിയാണ് മാടായിപ്പാറ. അതുലന്റെ സംസ്‌കൃത മഹാകാവ്യമായ മൂഷികവംശത്തിൽ വല്ലഭൻ രണ്ടാമൻ പണി കഴിപ്പിച്ചതാണ് മാടായി നഗരം എന്ന് പറയുന്നു. തമിഴ് കാവ്യമായ അകനാനൂറ് 152ാം കുറുഞ്ചി പാട്ടിലെ വിവരണം അനുസരിച്ച് മൂഷികവംശത്തിലെ നന്നന്റെ ആസ്ഥാനദേശമായിരുന്നു പാഴിക്കുന്ന് എന്ന് വിളിച്ചിരുന്ന ഈ പ്രദേശം. 1342ൽ സഞ്ചാരിയായ ഇബനുബത്തൂത്തയും 1500ൽ മുറാതെ ബാർബോസയും ഇവിടെ എത്തിച്ചേർന്നതിന്റെ തെളിവുകൾ ഉണ്ട്. വില്യം ലോഗൻ, ഹെർമൻ ഗുണ്ടർട്ട് എന്നിവരും ഈ സ്ഥലത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. അകനാനൂറ്, പുറനാനൂറ്, നറ്റിണൈ എന്നീ കൃതികളിലും തോറ്റം പാട്ടുകളിലും മാടായിപ്പാറയെ കുറിച്ച് വർണ്ണിച്ചിട്ടുണ്ട്. മാർക്കോപോളോ ഇവിടം സന്ദർശിച്ച വേളയിൽ കണ്ടെത്തിയെന്ന് പറയുന്ന കോവിലകങ്ങളുടെ അവശിഷ്ടങ്ങൾ മാടായിപ്പാറയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇന്നും കാണാം.
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |