ആലപ്പുഴ: കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് അർദ്ധരാത്രി സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ആരോഗ്യപ്രവർത്തകയെ അക്രമിച്ച കേസിലെ പ്രതികൾ നിരീക്ഷണത്തിലെന്ന് പൊലീസ്. വൈകാതെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ 20ന് രാത്രി 11.50 ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തോട്ടപ്പള്ളി - തൃക്കുന്നപ്പുഴ റോഡിൽ പല്ലന ഹൈസ്‌കൂൾ ജംഗ്ഷന് വടക്കുവച്ച് തൃക്കുന്നപ്പുഴ പാനൂർ ഫാത്തിമ മൻസിലിൽ സുബിനയെ (27) ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
സുബിന ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശീയപാതയിലുൾപ്പെടെയുള്ള 400 ഓളം സി.സി ടി.വി കാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തൃക്കുന്നപ്പുഴ പൊലീസിന് പുറമേ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ 21അംഗ ടീമാണ് പ്രതികൾക്കായി വലവിരിച്ചിരിക്കുന്നത്. ഇതിന് പുറമേ പ്രതികൾ കടന്നുപോയ അഞ്ച് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്തിയും അന്വേഷണം നടക്കുന്നുണ്ട്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും ഹൈക്കോടതിയും ഇടപെട്ടിരുന്നു. ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
ഫോട്ടോയും വിവരങ്ങളും ശേഖരിച്ചു
പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുകഴിഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. ബൈക്കിന് പിന്നിലിരുന്ന ആളിന്റെ ദൃശ്യങ്ങളിൽ അവ്യക്തതയുണ്ട്. പ്രതികൾ ഹെൽമെറ്റും മാസ്കും ധരിച്ചിരുന്നു. രക്ഷപ്പെട്ട പ്രതികൾ തോട്ടപ്പള്ളി വഴി ദേശീയപാതയിൽ പ്രവേശിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.
പിന്നിൽ മോഷണസംഘം
1. തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മോഷണം നടത്തിയ സംഘമാണ് ആരോഗ്യപ്രവർത്തകയെ അടിച്ചുവീഴ്ത്തിതയെന്നാണ് പൊലീസ് സംശയിക്കുന്നത്
2. അക്രമികൾ ഉപയോഗിച്ച ബൈക്ക് കൊല്ലം ബീച്ചിൽ നിന്ന് മോഷ്ടിച്ചതല്ല
3. കൊല്ലത്ത് നിന്ന് 24നാണ് ബൈക്ക് മോഷണം പോയത്
4. വ്യാജ നമ്പരിലുള്ള ബൈക്കാണ് മോഷ്ടാക്കൾ ഉപയോഗിച്ചിരുന്നത്
""
യുവതിയെ തട്ടിക്കൊണ്ട് പോവുകയല്ല, മോഷണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. പ്രതികൾ നിരീക്ഷണത്തിലാണ്. അറസ്റ്റ് വൈകാതുണ്ടാകും.
അന്വേഷണസംഘം