വള്ളികുന്നം: ആളില്ലാത്ത വീടിന്റെ വാതിലുകൾ തകർത്ത് മോഷണ ശ്രമം. ഇലിപ്പക്കുളം ചൂനാട് കൈരളിയിൽ റിട്ട. നഴ്സിംഗ് സൂപ്രണ്ട് ആനന്ദവല്ലിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. അനന്ദവല്ലി ഒറ്റയ്ക്കാണ് ഇവിടെ താമസം. രണ്ടുദിവസം മുമ്പ് ചേർത്തലയിലുള്ള മകൾ അശ്വതിയുടെ വീട്ടിൽ പോയിരുന്നു. ഇന്നലെ മകളോടൊപ്പം തിരികെയെത്തിയപ്പോഴാണ് മോഷണശ്രമം അറിയുന്നത്. മുൻവാതിലിന് സമീപമുള്ള ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അടുക്കള വാതിലും തകർത്തു. അലമാര കുത്തിപ്പൊളിച്ച് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വസ്തുവിന്റെ പ്രമാണവും നശിപ്പിച്ചു. അടുക്കള ജനലുകളും തകർത്തു. വീട്ടുജോലിക്കുണ്ടായിരുന്ന സ്ത്രീ കുറച്ചുദിവസം മുമ്പ് ഇവിടെ നിന്ന് പോയിരുന്നു. വള്ളികുന്നം പൊലീസ് കേസെടുത്തു.