SignIn
Kerala Kaumudi Online
Thursday, 25 April 2024 10.12 PM IST

തോക്കുകൾ പിടികൂടിയ സംഭവം അന്വേഷണം കാശ്മീരിലൊടുങ്ങില്ല ഡാർക്ക് വെബിലേക്കിറങ്ങി സൈബർഡോം

cyber

തിരുവനന്തപുരം : സ്വകാര്യ സുരക്ഷാ ഏജൻസികളുടെ പക്കൽ നിന്ന് വ്യാജ തോക്കുകൾ പിടികൂടിയ സംഭവത്തിലെ പ്രധാനിയായ കശ്മീർ സ്വദേശി ആത്മഹത്യ ചെയ്തെങ്കിലും ഡാർക്ക് വെബ് വഴിയുള്ള ആയുധ വിൽപ്പനയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കശ്മീരിലെ രജൗരി ജില്ലാ കളക്ടറുടെ പേരിൽ ലൈസൻസ് അനുവദിച്ച് നൽകിയ കശ്മീർ യുവാവിന്റെ മരണത്തോടെ തെളിവില്ലാതാകുമെന്ന് കരുതിയ കേസിലാണ് സൈബർ- ഇന്റലിജൻസ് വിഭാഗങ്ങളുടെ സഹായത്തോടെ നടത്തിവരുന്ന അന്വേഷണത്തിൽ നിർണായക വിവരങ്ങൾ വെളിപ്പെടുന്നത്. ഏതാനും ആഴ്ചമുമ്പ് തിരുവനന്തപുരം കരമനയിൽ നിന്ന് അഞ്ചും കൊച്ചി കളമശേരിയിൽ നിന്ന് 18ഉം തോക്കുകൾ പിടികൂടിയ സംഭവത്തിലാണ് ഡാർക്ക് വെബിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.

#തുമ്പായത് വ്യാജതോക്ക്

സ്വകാര്യ സുരക്ഷാ ഏജൻസിയുടെ പക്കൽ നിന്ന് വ്യാജ ലൈസൻസുള്ള തോക്കുകൾ പിടിച്ചെടുത്തതോടെയാണ് സംസ്ഥാനത്തേക്ക് അനധികൃതമായി തോക്കുകളെത്തുന്ന വിവരം പുറത്തായത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും പിടികൂടിയ തോക്കുകൾക്ക് ജമ്മു കശ്മീരിലെ രജൗരി ജില്ലാ കളക്ടറാണ് ലൈസൻസ് നൽകിയതായിട്ടാണ് കാണിക്കുന്നത്. തിരുവനന്തപുരത്ത് പിടികൂടിയ തോക്കുകൾക്ക് ലൈസൻസിന് നിയമസാധുത ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുംബയ് ആസ്ഥാനമായ സ്വകാര്യ ഏജൻസി 'സിസ്‌കോ'യുടെ ജീവനക്കാരിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. എ.ടി.എമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇവരെ നിയോഗിച്ചിരുന്നത്. ലൈസൻസുള്ള തോക്ക് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ അത് ഉപയോഗിക്കുന്ന സ്ഥലത്തെ എ.ഡി.എമ്മിൽ നിന്ന് അനുമതി തേടേണ്ടതുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും പിടികൂടിയ തോക്കുകൾക്ക് എ.ഡി.എമ്മിന്റെ അനുമതി പത്രം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായതോടെയാണ് ഇവ വ്യാജ തോക്കുകളാണെന്നും ലൈസൻസും വ്യാജമാണെന്നും സംശയമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കശ്മീരിൽ ലൈസൻസ് സമ്പാദിച്ചുവെന്ന് പറയപ്പെട്ടിരുന്ന ആൾ ജീവനൊടുക്കുക കൂടി ചെയ്തതോടെ സംഭവത്തിൽ ദുരൂഹതയുടെ തീയും പുകയും നിറയുകയാണ്.

ഗ്രാപ് നൈൽ സോഫ്റ്റ്

വെയറിൽ കുടുങ്ങുമോ?​

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആയുധങ്ങൾ കരിഞ്ചന്തയിൽ യഥേഷ്ടം വാങ്ങാൻ കിട്ടും. ഡാർക്ക് വെബ് എന്ന ഇരുണ്ട ആയുധക്കലവറ അതിന് തെളിവാണ്.

സംസ്ഥാനത്തേക്ക് മുമ്പും ആയുധങ്ങൾ എത്തുന്നുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നതാണ്.ഡാർക്ക് വെബിൽ അതിന് ഇടനിലക്കാരുണ്ട്. ഡാർക്ക് വെബ് എല്ലാവിധ അനധികൃത ഇടപാടുകളുടെയും കേന്ദ്രമാണ്. സേഫ്റ്റിപിൻ മുതൽ വിമാനവേധ തോക്കുകൾ വരെ വാങ്ങാവുന്ന ഡാർക്ക് വെബിന് ഭരണകൂടങ്ങളുടെ നിയന്ത്രണമില്ലാത്തതിനാൽ ഇടപാടുകൾ കണ്ടെത്തുക ദുഷ്‌കരമാണ്. ആവശ്യക്കാർ നേരിട്ട് പോകാതെ ഡാർക്ക് വെബ് വഴി ഇഷ്ടമുള്ള ആയുധങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനും സാധിക്കുമെന്നതാണ് ഡാർക്ക് വെബിന്റെ നേട്ടം. ദേശീയ സുരക്ഷാ ഏജൻസികളുൾപ്പെടെ ഒട്ടുമിക്ക അന്വേഷണ ഏജൻസികളുടെയും ചാരക്കണ്ണുകൾ കേരളത്തിലുണ്ട്.

അവരുടെ കണ്ണുവെട്ടിച്ച്‌ ആയുധങ്ങൾ സംസ്ഥാനത്ത് വിൽക്കുക എളുപ്പമല്ല. ഇതിനായി കേരളത്തിന്റെ സ്വന്തം സൈബർ സുരക്ഷാ സംവിധാനമായ സൈബർ ഡോം സ്വന്തമായി വികസിപ്പിച്ചെടുത്ത ഗ്രാപ്നെൽ സോഫ്റ്റ് വെയറുപയോഗിച്ച് ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

എന്നാൽ,​ കള്ളത്തോക്കുകൾ ആവശ്യക്കാരിലേക്ക് എത്തുന്ന സമയത്തോ അല്ലെങ്കിൽ എന്തെങ്കിലും സാഹചര്യത്തിൽ പിടിക്കപ്പെടുകയോ ചെയ്യാതെ ഇവ കണ്ടെത്തുക സാദ്ധ്യമല്ല. ഈ പരിമിതി മറികടക്കാനാണ് ഗ്രാപ്നെൽ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ സൈബർ ഡോം ശ്രമിക്കുന്നത്.

60,000 മുതൽ ഒരുലക്ഷം വരെ വില വരുന്ന തോക്കുകൾ ഡാർക്ക് വെബിൽ വാങ്ങാം. സംസ്ഥാനത്ത് തോക്ക് കൈവശം വയ്ക്കാൻ ആഗ്രഹിച്ചെത്തുന്നവരും ഡാർക്ക് വെബിന്റെ ചൂഷണത്തിനിരയാകുന്നുണ്ട്. ബിസിനസുകാരും രാഷ്

ട്രീയക്കാരും ഉദ്യോഗസ്ഥരമുൾപ്പെടെ നിരവധി പേർ തോക്ക് ലൈസൻസ് അപേക്ഷകളുമായി എത്തുന്നുണ്ട്. ഇത്തരക്കാർ ചതിയിലും ചൂഷണത്തിനും വിധേയരാകാതിരിക്കാനാണ് ഗ്രാപ് നൈൽ പോലുള്ള സോഫ്റ്റ് വയറുകൾ പൊലീസ് പ്രയോജനപ്പെടുത്തുന്നത്. കള്ളത്തോക്ക് വിൽപ്പന കൂടാതെ മയക്കുമരുന്ന് വ്യാപാരവും, ബാങ്ക് തട്ടിപ്പ്, ഓൺലൈൻ തട്ടിപ്പ്, തീവ്രവാദം എന്നിവ തടയാനും ഗ്രാപ്നെൽ സോഫ്റ്റ് വയറിന് സാധിക്കുമെന്നാണ് സൈബർ ഡോം അവകാശപ്പെടുന്നത്.

തോക്ക് ലൈസൻസിന്

വേണം സ്ട്രോംഗ് റൂമും പരിശീലനവും

തോക്ക് ലൈസൻസിനായി അപേക്ഷിക്കുന്ന ആളിന് തോക്ക് സൂക്ഷിക്കാൻ സംവിധാനമുണ്ടായിരിക്കണം. ഇതില്ലെങ്കിൽ പോലും അപേക്ഷ തള്ളപ്പെടും. മാസം തോറും 200 മുകളിൽ അപേക്ഷയാണ് തോക്കു ലൈസൻസിനായി സർക്കാരിലെത്തുന്നത്. തോക്ക് സൂക്ഷിക്കാനായി സ്ട്രോംഗ് റൂം സംവിധാനം വേണമെന്നത് നിർബന്ധമാണ്.

എന്തെങ്കിലും കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടവർ, മാനസിക വൈകല്യമുള്ളവർ, പൊലീസ് സംരക്ഷണയിലുള്ളവർ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ നടത്തുന്നവർ എന്നിവർക്ക് ലൈസൻസ് നിഷേധിക്കപ്പെടും.

ഇനി ലൈസൻസ് ലഭിച്ചാൽ വെറുതെ പോയി തോക്ക് വാങ്ങി സൂക്ഷിക്കാനാകില്ല. സർക്കാർ അംഗീകൃത ഡീലറിൽ നിന്ന് തോക്ക് വാങ്ങി തിരകൾ സഹിതം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണം. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനവും പൊലീസ് നൽകും. എന്നാൽ ആത്മരക്ഷയ്ക്കല്ലാതെ വെറുതെ തോക്ക് ഉപയോഗിച്ചാൽ അകത്താകും.

ആത്മരക്ഷയ്ക്കാണെങ്കിൽ പോലും മുട്ടിന് താഴേക്ക് മാത്രമേ നിറയൊഴിക്കാനാകൂ. അല്ലെങ്കിൽ ക്രിമിനൽ കുറ്റമാണ്. അഞ്ചുവർഷത്തേക്കാണ് ലൈസൻസ്. എല്ലാവർഷവും 500 രൂപ ലൈസൻസ് ഫീസടക്കണം. അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കപ്പെടും. റിവോൾവർ, പിസ്റ്റൾ,​ ഡബിൾബാരൽ റൈഫിൾ എന്നിവയിലേതെങ്കിലുമൊന്നിനാകും ലൈസൻസ് നൽകുക. തോക്ക് ലഭിച്ചാലും ഒരു വർഷം 200 ബുള്ളറ്റുകൾ മാത്രമേ ഉപയോഗിക്കാനായി അനുവദിക്കു. ഒരുസമയം കൈവശം ആകെ 100 ബുള്ളറ്റുകൾ മാത്രമേ സൂക്ഷിക്കാനാകൂ. ലൈസൻസിനായി ജില്ലാ കളക്ടർക്കാണ് അപേക്ഷ നൽകേണ്ടത്.

10 വർഷം തടവ്

ലൈസന്‍സ് ഇല്ലാതെ തോക്കുകൾ കൈവശം വയ്ക്കുന്നത് 10വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം തോക്കുകൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചതായി തെളിഞ്ഞാൽ ശിക്ഷ കടുക്കും.

ആകെ 8193 ലൈസൻസ്

സംസ്ഥാനത്താകെ 8193 തോക്ക് ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും എറണാകുളം, കോട്ടയം ജില്ലകളിലാണ്. തോക്ക് ലൈസൻസുള്ളവർ പൊലീസ് എപ്പോൾ ആവശ്യപ്പെട്ടാലും അത് ഹാജരാക്കാൻ നിർബന്ധിതരാണ്. തിരഞ്ഞെടുപ്പ് പോലുള്ള സമയങ്ങളിൽ പൊലീസ് സ്റ്റേഷനുകളിൽ തോക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെടാറുണ്ട്.

ഇത്തരം കാര്യങ്ങളൊന്നും വേണ്ട എന്നതാണ് അനധികൃതമായി തോക്കുകൾ വാങ്ങി സൂക്ഷിക്കാൻ ആവശ്യക്കാരെ പ്രേരിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.