കാലുകുത്താൻ പോലും അനുവദിക്കാതെ ആയിരക്കണക്കിന് തവളകൾ ചുറ്റും വന്നാൽ എന്തായിരിക്കും അവസ്ഥ. അമേരിക്കയിലെ തെക്കൻ ഫ്ലോറിഡയിലെ നഗരപ്രാന്ത പ്രദേശത്തെ സ്ഥിതി ഇപ്പോൾ ഇതാണ്. ചുറ്റും ആയിരക്കണക്കിന് വിഷ തവളകൾ. പാം ഗാർഡനിലും സമീപ പ്രദേശത്തും പ്രത്യക്ഷപ്പെട്ട ഇവ കുട്ടികൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയാണ്.
'കെയ്ൻ റ്റോഡ്സ് ', 'ബഫോ റ്റോഡ്സ് ', എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ വലിപ്പത്തിൽ ചെറുതാണ്. കെയ്ൻ റ്റോഡ്സുകളുടെ ചെവിയ്ക്ക് പിറകിൽ കാണപ്പെടുന്ന പാരോറ്റോയിഡ് ഗ്രന്ഥിയിൽ നിന്നും ഉത്പാദിക്കുന്ന വിഷം വളർത്തു മൃഗങ്ങളുടെ ജീവൻ നഷ്ടമാകാൻ കാരണമാകും. മനുഷ്യരിൽ ത്വക്കിലും കണ്ണുകളിലും പൊള്ളലും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകും. അടുത്തിടെ പെയ്ത മഴയാണ് ഇവ പെറ്റുപെരുകാൻ കാരണം.
വീടിനുള്ളിലും സ്വിമ്മിംഗ് പൂളിലും കടന്നൽ കൂട് ഇളകിയപോലെയുള്ള ആയിരക്കണക്കിന് കുഞ്ഞൻ തവളക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.മദ്ധ്യ, തെക്കൻ അമേരിക്കൻ ഭൂഖണ്ഡ പ്രദേശങ്ങളിൽ കാണപ്പെടുന്ന സ്പീഷീസാണിവ. 1930കളിൽ ആദ്യമായി, കരിമ്പിൻ തോട്ടങ്ങളിൽ കാണപ്പെടുന്ന കീടങ്ങളെ തുരത്താനായാണ് കെയ്ൻ റ്റോഡുകളെ ഫ്ലോറിഡയിൽ എത്തിക്കുന്നത്. 1955ൽ ഇത്തരത്തിൽ വില്പനയ്ക്ക് കൊണ്ടുവന്ന കൂട്ടത്തിൽ നിന്നും നൂറുകണക്കിന് തവളകൾ ഇടനിലക്കാരന്റെ കൈയിൽ നിന്നും അബദ്ധത്താൽ സ്വതന്ത്രമാക്കപ്പെട്ടതാണ് ഇവ ഫ്ലോറിഡയിൽ നിലയുറപ്പിക്കാൻ കാരണമായതെന്ന് ഗവേഷകർ പറയുന്നു.
ഫ്ലോറിഡയിലെ കാലാവസ്ഥയോട് ഇണങ്ങിയ ഇവ ചതുപ്പുനിലങ്ങളിൽ പെറ്റുപെരുകി. ആവാസ വ്യവസ്ഥയിൽ ഇവയെ നിയന്ത്രിക്കത്തക്ക ജീവികൾ ഇല്ലാത്തതും ഇവയുടെ വർദ്ധനവിനിടയാക്കി. അടുത്തിടെ ഫ്ലോറിഡയിൽ കാണപ്പെട്ടിരുന്ന ഏഷ്യൻ പെരുമ്പാമ്പുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വ്യാപകമായി കൊന്നതാവാം ഇവയുടെ വർദ്ധനയ്ക്ക് ഇടയാക്കിയതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
വീഡിയോ കാണാം....