SignIn
Kerala Kaumudi Online
Wednesday, 08 December 2021 3.40 PM IST

മകളുടെ വിവാഹനിശ്ചയ ദിവസം തിടുക്കം കാട്ടി മോൻസണെ പൊലീസ് അറസ്റ്റ് ചെയ്തത് എന്തിന് ? വലയിൽ കുടുങ്ങിയിട്ടുള്ളവരിൽ വൻതിമിംഗലങ്ങളുള്ളതിനാലെന്ന് ആരോപണം

monson-

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ സംസാര വിഷയം മോൻസൺ മാവുങ്കൽ എന്ന തട്ടിപ്പുകാരനെ കുറിച്ചാണ്. വ്യാജമായി നിർമ്മിച്ച പുരാവസ്തുക്കൾ കാട്ടി പലരിൽ നിന്നും കോടികൾ തട്ടിയ കേസിലാണ് ഇയാൾ പിടിയിലായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ കൊച്ചിയിലുള്ള മോൻസണിന്റെ വീട്ടിൽ പോയതിനെ കുറിച്ചും തെളിവുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ വർഷങ്ങളായി തട്ടിപ്പ് നടത്തിയ മോൻസണെ മകളുടെ വിവാഹനിശ്ചയ ദിവസമാണ് പൊലീസ് തിടുക്കം കൂട്ടി വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് ചോദിക്കുകയാണ് ബി ജെ പി നേതാവ് കെ എസ് രാധാകൃഷ്ണൻ. മോൻസണിന്റെ വലയിൽ ചില വൻ തിമിംഗലങ്ങൾ കുടുങ്ങിയിട്ടുണ്ടെന്നും അവരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴുള്ള പൊലീസിന്റെ നാടകം കളിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആരെ രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു കേരളാ പോലീസ് മോണ്‍സണെ അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയ ദിവസം തിടുക്കംകാട്ടി അറസ്റ്റ് ചെയ്തത്? നീതി നടപ്പാക്കുന്നതിനുവേണ്ടിയാണ് പോലീസ് അങ്ങനെ ചെയ്തത് എന്നു വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല. മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണെന്ന വിശദീകരണവും വിശ്വസനീയമല്ല. ഇത്രയ്ക്ക് വലിയ തട്ടിപ്പ്, ഇത്രകാലം നടത്തിയിട്ടും അതൊന്നും അറിയാതെ കഴിഞ്ഞ ആറുവര്‍ഷമായി മുഖ്യമന്ത്രി രാജ്യഭാരം നടത്തി എന്നു വിശ്വസിക്കാനാകുന്നില്ല.

പോലീസുകാര്‍ക്ക് പോലും കൃത്യമായി അറിവുണ്ടായിരുന്ന കാര്യം ഇപ്പോള്‍ പൊക്കിയെടുത്തത് ഒന്നുകില്‍ മോണ്‍സണ്‍ ഭീക്ഷണിപ്പെടുത്തിയതുകൊണ്ടാകാം; അല്ലെങ്കില്‍ മോണ്‍സണിന്റെ വലയില്‍ കുടുങ്ങിയിട്ടുള്ളവരില്‍ ചിലര്‍ വന്‍തിമിംഗലങ്ങളാകാം. അവര്‍ക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കുന്നതിനുവേണ്ടിയാകാം പോലീസിന്റെ ഇപ്പോഴത്തെ ഈ നാടകംകളി.

മോണ്‍സണ്‍ രോഗമല്ല; രോഗലക്ഷണമാണ്. തട്ടിപ്പിന് ഇരയാകാനുള്ള മനസ് മലയാളിക്കുണ്ട്. കാരണം, അദ്ധ്വാനിക്കാതെ ധനവാനകണമെന്ന ആഗ്രഹം മലയാളിക്കുണ്ട്. അദ്ധ്വാനമില്ലാത്ത ജോലിയാണ് മഹത്വമാര്‍ന്ന ജോലി എന്നാണ് മലയാളി സങ്കല്‍പ്പിക്കുന്നത്. ആയതിനാല്‍ നിരന്തരമായി മലയാളി തട്ടിപ്പിന് ഇരയാക്കപ്പെടുന്നു. അദ്ധ്വാനമില്ലാത്ത ധനസമ്പാദനം പാപമാണെന്ന് ഗാന്ധിയന്മാര്‍ പോലും ഓര്‍ക്കാറില്ല.

ലാബല്ലാ രാജന്‍, ഓറിയന്റ് സാജന്‍, ആട്, തേക്ക്, മാഞ്ചിയം എന്നു തുടങ്ങി പോപ്പുലര്‍ ഫിനാന്‍സും മോണ്‍സണ്‍ ബ്രാന്റ് പുരാവസ്തുവും എല്ലാം മലയാളികയുടെ ഈ മനോഭാവത്തിന്റെ സൃഷ്ടികളാണ്.

വസ്തുകച്ചവടത്തിലെ ദല്ലാള്‍ പണിയാണ് മലയാളി യുവാക്കള്‍ സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത തൊഴില്‍ മേഖല. രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനസംഘടനകളുടെ പ്രാദേശിക നേതാക്കള്‍ ദല്ലാള്‍ പണിയില്‍ മികവു കാണിക്കുകയും ചെയ്തു. പണമാണ് ദൈവമെന്ന് ആ കൂട്ടര്‍ കണ്ടെത്തി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പണമുണ്ടാക്കുന്ന യുവനേതാക്കളെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. നിന്റെ ധനം ഇരിക്കുന്നിടത്ത് നിന്റെ ഹൃദയവും ഇരിക്കുന്നുവെന്ന് പറഞ്ഞത് യേശുദേവനാണ്. പല വൈദികരും അവരുടെ ഹൃദയം പണത്തില്‍ നിക്ഷേപിച്ചു. അതുകൊണ്ടാണ് മോണ്‍സണിന്റെ മഹത്വം പ്രകീര്‍ത്തിക്കാന്‍ അവര്‍ സഭയുടെ പത്രത്തെ തന്നെ ഉപയുക്തമാക്കിയത്.

രണ്ടുലക്ഷത്തിഅറുപതിനായിരം കോടി രൂപ തനിക്ക് ബാങ്ക് ബാലന്‍സുണ്ടെന്നും അതെല്ലാം പുരാവസ്തുവ്യാപാരത്തിലൂടെ നേടിയതാണെന്നും മോണ്‍സണ്‍ പറഞ്ഞപ്പോള്‍ അക്കാര്യം വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും അവര്‍ക്ക് ഒരുമടിയും ഉണ്ടായിരുന്നില്ല. സമൂഹത്തിലെ പ്രമാണിമാര്‍ അവരുടെ സഹകരണം കൊണ്ട് ഈ തട്ടിപ്പിന് കൂട്ടുനിന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ മുതല്‍ മുന്‍ പോലീസ് ചീഫ് ലോക്‌നാഥ് ബെഹ്‌റയും ഡി.ജി.പി. മനോജ് എബ്രാഹാമും മോണ്‍സണ്‍ പറഞ്ഞ രീതിയില്‍ അവരവരുടെ ഭാഗം അഭിനയിച്ചു പൊലിപ്പിച്ചു.

ടിപ്പുവിന്റെ സിംഹാസനത്തില്‍ കുന്തവും പിടിച്ചിരിക്കുന്ന ലോക്‌നാഥ് ബെഹ്‌റ, ശിവജിയുടെ വാളും പിടിച്ചുനില്‍ക്കുന്ന മനോജ് എബ്രാഹാം, മോണ്‍സണിന്റെ ദര്‍ബാറില്‍ അധ്യക്ഷം വഹിച്ചു ആസ്വദിച്ചിരിക്കുന്ന കെ.സുധാകരന്‍ ഇവരെല്ലാം എന്തിനുവേണ്ടിയാണ് ഇങ്ങനെ കോലം കെട്ടിയത്? ഈ തട്ടിപ്പുകാരനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു എന്നാണ് പോലീസ് ചീഫും ഡി.ജി.പി.യും പറയുന്നത്. എങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ അവര്‍ക്ക് നല്‍കിയ ഐ.പി.എസ്. പദവി പിന്‍വലിക്കേണ്ടതാണ്. മറ്റൊരു ഡി.ഐ.ജി. സകുടുംബം മോണ്‍സണിന്റെ ജന്മദിനം പൂത്തിരികത്തിച്ച് ആഘോഷിച്ചു.

ഇവരൊക്കെ, തട്ടിപ്പ് മനസിലാക്കാന്‍ കഴിയാത്ത നിഷ്‌കളങ്കരാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു ലാഭവും ഇല്ലാതെ ഇവരാരും കോലം കെട്ടി ആടുകയുമില്ല. ഇവര്‍ക്ക് ലഭിച്ച ലാഭം എന്ത്?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ANTIQUE, POLICE, MONSON, KERALA POLICE, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.