ഭിന്നശേഷിക്കുട്ടികളോട് സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ആരോഗ്യപരമായ മാറ്റം വരുത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയർത്തുന്നതിനുമായി ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സഹയാത്ര എന്ന പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്ന ഭിന്നശേഷിക്കുട്ടികളുടെ തത്സമയ കലാസന്ധ്യ യുട്യൂബിൽ ഒക്ടോബർ രണ്ട് െെവകുന്നേരം ആറുമണിമുതൽ കാണാം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ഓട്ടിസം, സെറിബ്രൽ പൾസി, വിഷാദരോഗം, ഹൈപ്പർ ആക്ടിവിറ്റി, ഇന്റലക്ച്വൽ ഡിസെബിലിറ്റി, കാഴ്ചകേൾവി പരിമിതർ, ഒസ്റ്റോ ജെനിസിസ് ഇംപെർഫെക്ട തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നൂറ്റിയമ്പതോളം ഭിന്നശേഷിക്കുട്ടികളാണ് സഹയാത്രയുടെ മുഖ്യആകർഷണം. കെ.കെ ശൈലജ ടീച്ചർ, മോഹൻലാൽ, കെ.എസ് ചിത്ര, മഞ്ജുവാര്യർ, ജി.വേണുഗോപാൽ, മഞ്ജരി, മുരുകൻ കാട്ടാക്കട, ഭിന്നശേഷിമേഖലയിൽ നിന്നും പ്രശസ്തരായ ധന്യാരവി, സ്വപ്ന അഗസ്റ്റിൻ, നൂർ ജലീല, ആദിത്യാ സുരേഷ് എന്നിവർ ഭിന്നശേഷിക്കുട്ടികൾക്കൊപ്പം സഹയാത്രയുടെ ഭാഗമാകുന്നുണ്ട്. പരിപാടിയുടെ സംവിധാനം നിർവഹിക്കുന്നത് ചലച്ചിത്ര സംവിധായകനായ പ്രജേഷ് സെൻ ആണ് സഹയാത്ര പരിപാടിയുടെ പരിശീലനങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട് സെന്ററിലെ വിവിധ വേദികളിൽ നടന്നുവരികയാണ്. ഒക്ടോബർ മൂന്നിനാണ് പുനഃസംപ്രേഷണം.