SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.38 PM IST

ആശങ്കയില്ലാതെ ക്ലാസിലെത്താം

children

നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഭൂരിഭാഗം കുട്ടികളും രക്ഷാകർത്താക്കളും അദ്ധ്യാപകരും ആശങ്കയിലാണ്. ഇത്തരം ആശങ്കകൾക്ക് അടിത്തറയുണ്ടോ? കൊവിഡിനെ പേടിച്ച് കുട്ടികൾ ഇനിയും വീട്ടിലിരിക്കണോ?ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്തിയാൽ ആശങ്കകളും സംശയങ്ങളും ഇല്ലാതാകും. കഴിഞ്ഞ ഒന്നര വർഷമായി കുട്ടികളെല്ലാം വീടുകളിലിരിക്കുകയാണ്. ഇത് അവരിൽ ധാരാളം ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ സാഹചര്യം വീടുകളിലും ഒരുപാട് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനൊക്കെ പരിഹാരം എത്രയും പെട്ടെന്ന് സ്‌കൂൾ തുറക്കുകയാണ്.

ആശങ്ക വേണോ?

സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്കിടയിൽ കൊവിഡ് പടർന്നുപിടിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന ആശങ്ക കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ട്. കഴിഞ്ഞ ഒന്നരവർഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്കിടയിൽ കൊവിഡ് വളരെ നിസാരമായ അസുഖമാണ്. സാധാരണയായി കാണുന്ന വൈറൽപ്പനി പോലെയുള്ള ലക്ഷണങ്ങൾ പ്രകടമാകുകയും കുറച്ചു ദിവസത്തിനുള്ളിൽ തനിയെ മാറിപ്പോവുകയുമാണ് ഇതുവരെ കണ്ടിട്ടുള്ളത്. മുതിർന്നവരിലെപ്പോലെ ശ്വാസകോശത്തെ കൊവിഡ് ബാധിക്കുകയും സീരിയസ് ആയിട്ടുള്ള പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നത് വളരെ വിരളമാണ്. മാത്രമല്ല കൊവിഡാനന്തര പ്രശ്‌നങ്ങളും കുട്ടികളിൽ തീരെയില്ല. ചുരുക്കം കുട്ടികളിൽ മൂന്നാഴ്ച കഴിയുമ്പോൾ കടുത്ത പനിയോടൊപ്പം എം.ഐ.എസ്.സി (മിസ്ക്ക്) എന്നറിയപ്പെടുന്ന ഒരു പ്രശ്‌നം കാണാറുണ്ട്. കൃത്യമായ ചികിത്സ ചെയ്യുകയാണെങ്കിൽ മിസ്ക്ക് പൂർണമായും മാറും.

സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികളൊന്നും പ്രതിരോധകുത്തിവയ്‌‌പ് എടുത്തിട്ടില്ലെന്നതിനാൽ അവർക്കിടയിൽ കൊവിഡ് പടർന്നുപിടിക്കാനും വീടുകളിൽ ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകൾക്ക് പകരാനും സാദ്ധ്യതയുണ്ട്. ഈ സാദ്ധ്യത മുന്നിൽക്കണ്ടാണ് ഒന്നരവർഷം മുമ്പ് സ്‌കൂളുകളെല്ലാം അടച്ചത്. എന്നാൽ ഇന്നത്തെ സാഹചര്യം തീർത്തും വ്യത്യസ്തമാണ്. 18 വയസിന് മുകളിലുള്ള ഭൂരിഭാഗം (90 ശതമാനത്തിനു മുകളിൽ) ആളുകൾക്കും വാക്‌സിന്റെ ഒരു ഡോസെങ്കിലും കിട്ടിയിട്ടുണ്ട്. അതിനാൽ ഈ ആശങ്ക അസ്ഥാനത്താണ്.

മുൻകരുതലുകൾ

നിസാരമാക്കരുത്

കുട്ടികൾക്കിടയിൽ കൊവിഡ് പടർന്നു പിടിക്കാതിരിക്കാൻ മുൻകരുതലുകൾ സ്‌കൂളുകളിലും, സ്‌കൂളുകളിലേക്കുള്ള യാത്രയ്ക്കിടയിലും കൃത്യമായി പാലിക്കേണ്ടതുണ്ട്. നിർബന്ധമായും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. കൂടുതൽ കുട്ടികളുള്ള ക്ലാസ്സുകളിൽ കൃത്യമായ ക്രമീകരണത്തോടുകൂടി ഒരു സമയം ക്ലാസിലിരിക്കുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കണം. അതോടൊപ്പം ആവശ്യമുള്ളവർക്ക് ഓൺലൈൻ ക്ലാസിനുള്ള അവസരവുമുണ്ടാകണം.

മറ്റൊരു കാര്യം ചെറിയ ക്ലാസുകളിലെ കുട്ടികൾ ഈ നിയന്ത്രണങ്ങളൊന്നും പാലിക്കുകയില്ല എന്നുള്ളതാണ്. വളരെ കൊച്ചുകുട്ടികളുടെ കാര്യത്തിൽ ഒരുപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വിപരീതഫലമുണ്ടാക്കും. അതിനാൽ വളരെ അത്യാവശ്യമുള്ള നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്തുകയും ഈ പ്രായത്തിലുള്ള കുട്ടികളിൽ കൊവിഡ് ഗുരുതരമായ അസുഖമല്ലെന്ന കാര്യം ഓർക്കുകയും ചെയ്താൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആശങ്ക കുറയും.
തുടക്കത്തിൽ സ്‌കൂളുകളിൽ വരുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കുകയും കളിസ്ഥലങ്ങളിൽ ചെറിയ രീതിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഇടവേളകൾ ക്രമീകരിക്കുകയും ചെയ്താൽ ഒരുപാട് കുട്ടികൾ പരസ്പരം ഇടപഴകാനുളള അവസരം ഒഴിവാക്കാം. കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് അവർക്ക് വാക്‌സിൻ എടുക്കാം.

അസുഖങ്ങളുള്ള കുട്ടികൾ

എന്തെങ്കിലും അസുഖമുള്ള കുട്ടികൾ അവരുടെ ഡോക്ടറുടെ അഭിപ്രായം എടുത്തതിനുശേഷം മാത്രം സ്‌കൂളിൽ പോകണം. വളരെയധികം ആശങ്കയുള്ള രക്ഷിതാക്കളുടെ കുട്ടികൾ കുറച്ചുകാലത്തേക്ക് കൂടി ഓൺലൈൻ പഠനം തുടരട്ടെ. സ്‌കൂളിൽ കുട്ടികളെ വിടുന്നതിനെക്കുറിച്ച് ആശങ്കയുള്ള രക്ഷിതാക്കൾ അവരുടെ കുട്ടികളെ കാണിക്കുന്ന ശിശുരോഗ വിദഗ്ധരുമായി സംസാരിച്ച് ആശങ്കകൾ പങ്കുവച്ച് വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കണം. ഇങ്ങനെ ചെയ്യുന്നത് രക്ഷാകർത്താക്കളുടെ ആശങ്കകളെ ദൂരീകരിക്കുകയും ഓരോ കുട്ടിക്കും അവരുടെ സാഹചര്യത്തിന് അനുസരിച്ചുള്ള ഏറ്റവും അനുയോജ്യമായ പാത തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യും.

കൊവിഡ് മാറിക്കൊണ്ടിരിക്കുന്ന അസുഖമാണ്. ഇതുമൂലം ഓരോ സാഹചര്യത്തിലും മാർഗനിർദ്ദേശങ്ങൾ മാറിമാറി വരാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ ഓരോ സമയത്തും സർക്കാറിന്റെയും ശിശുരോഗ വിദഗ്ധരുടെയും മാർഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കണം. കൊവിഡിന്റെ കാര്യത്തിൽ നമുക്ക് ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്. കൃത്യമായ ജാഗ്രതയിലൂടെ രോഗത്തിൽ നിന്ന് രക്ഷപ്പെടാം.

രോഗത്തോടൊപ്പം ജീവിക്കേണ്ട സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്. അതിനാൽ കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം നിലനിർത്താൻ ആവശ്യമായ മാർഗങ്ങൾ കൃത്യമായി തേടണം.

സമീകൃതമായ ആഹാരവും കൃത്യമായ വ്യായാമവും എല്ലാ കുട്ടികൾക്കും ആവശ്യമുണ്ട്. മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ദുരുപയോഗം തടയുക വളരെയധികം ആവശ്യമാണ്. ഇതിനായി സ്‌കൂളുകൾ തുറക്കേണ്ടത് അനിവാര്യമാണ്. കുട്ടികൾക്ക് സ്വന്തം കൂട്ടുകാരോട് അടുത്തിടപഴകാനും സ്‌കൂളുകൾ ആവശ്യമാണ്. അതുകൊണ്ട് അതീവ ജാഗ്രതയോടെ കുട്ടികളെ സ്‌കൂളിൽ വിടാൻ തയ്യാറാകണം.

ലേഖകൻ പട്ടം എസ്.യു.ടിയിൽ ശിശുരോഗവിദഗ്ദ്ധനാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL OPENING
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.