വർക്കല: വർക്കല വെട്ടൂർ വലയന്റകുഴി റോഡരികിലെ കുറ്റിക്കാട്ടിൽ 20 ചാക്ക് അരി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് ഓട്ടോറിക്ഷയിലാണ് ചാക്കുകെട്ടുകൾ എത്തിച്ച് വലിച്ചെറിഞ്ഞതെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തുകയും ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു.
വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കടയിൽ നിന്ന് നശിപ്പിച്ച് കളയാനായി എൽപ്പിച്ച അരിയാണിതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ റേഷൻ കടയിൽ നിന്നുള്ള അരിയാണ് ഉപേക്ഷിക്കപ്പെട്ടതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. പൊലീസിന്റെ ഇടപെടലിനെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവർതന്നെ ചാക്ക് കെട്ടുകൾ തിരികെ എടുത്തുകൊണ്ടുപോയി. ഇത് റേഷനരിയാണോ എന്ന് കണ്ടെത്താൻ പൊലീസ് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
ഇത് പരിശോധനയ്ക്കയയ്ക്കുമെന്നും പരിശോധനാഫലം കിട്ടിയശേഷം കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.