കൊല്ലം: പെരുമൺ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ പ്രോജക്ടിന്റെ ഭാഗമായി രൂപകൽപ്പന ചെയ്ത റോബോട്ടിന് ദേശീയ അംഗീകാരം.
'റോബയോ - ദി - കോൺവാലീസന്റ് കെയറിംഗ് റോബോട്ട് ' എന്ന പേരിൽ വികസിപ്പിച്ചെടുത്ത ഈ റോബോട്ട് ഉപയോഗിച്ച് കൊവിഡ് രോഗികളുടെ ശരീരതാപനിലയും രക്തത്തിലെ ഓക്സിജന്റെ അളവും പൾസ് റേറ്റും അളക്കാനാവും. ഇതെല്ലാം ഫോൺ വഴി വീക്ഷിക്കാനുമാവും. കുറഞ്ഞ ചിലവിൽ നിർമിച്ചിരിക്കുന്ന റോബോട്ടിനു 15 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ളതിനാൽ ആശുപത്രികളിലും ക്വാറന്റൈൻ സെന്ററുകളിലും കഴിയുന്ന രോഗികൾക്ക് സമ്പർക്കം കൂടാതെ ആഹാരങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ സാധിക്കും. കൂടാതെ ഓട്ടോമാറ്റിക് ഹാൻഡ് സാനിട്ടൈസറും റോബോട്ടിലുണ്ട്.
ഐ.ഇ.ഇ.ഇ, ആർ.എഫ്.ഐ.ഡി കൗൺസിലിൽ നടന്ന നാഷണൽ ആർ.എഫ്.ഐ.ഡി ചലഞ്ച് 2021ലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ പ്രോജക്ട് വിദ്യാർത്ഥികളായ അഖിൽലാൽ, ജി. അനന്ദു, എം.പി. പ്രദീഷ് ലാൽ, ടി. തൻസീർ എന്നിവരാണ് അസി. പ്രൊഫ. ആർ.എസ്. അഭിലാഷിന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയത്. വകുപ്പ് മേധാവി ഡോ. എസ്.ജെ. ബിന്ദു, കോളേജ് പ്രിൻസിപ്പൽ ഡോ. ഇസഡ്. സോയതുടങ്ങിയവർ വിദ്യാർഥികളെ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |