SignIn
Kerala Kaumudi Online
Saturday, 28 May 2022 1.27 AM IST

സോളാർ സിറ്റി പദ്ധതിക്ക് പഴയ ഗതി വരരുത്

solar

ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങൾ കൽക്കരി പ്രതിസന്ധിയിലായതോടെ കേരളത്തിലും നിയന്ത്രണങ്ങൾ വേണ്ടിവന്നിരിക്കുകയാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാറിൽ ഏർപ്പെട്ടിരുന്ന കെ.എസ്.ഇ.ബി ക്ക് ഓർക്കാപ്പുറത്താണ് ഇപ്പോഴത്തെ പ്രതിസന്ധി നേരിടേണ്ടിവന്നത്. ജലവൈദ്യുതി ഉത്‌പാദനം പരമാവധി വർദ്ധിപ്പിച്ച് പിടിച്ചുനിൽക്കാനാണ് നോക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പാരമ്പര്യേതര ഉൗർജ്ജ സ്രോതസുകൾ വികസിപ്പിക്കുന്നതിലുണ്ടായ അനാസ്ഥയും കെടുകാര്യസ്ഥതയും ബോദ്ധ്യപ്പെടുന്നത്.

കെ.എസ്.ഇ.ബിയും അനർട്ടും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് നഗരങ്ങളിൽ സോളാർസിറ്റി പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണു സർക്കാർ. പദ്ധതി ആദ്യം നടപ്പാക്കാനുള്ള നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരമാണ്. കെ.എസ്.ഇ.ബി ഇതിനായുള്ള സമഗ്രപദ്ധതി തയ്യാറാക്കും. നിലവിലെ സ്‌മാർട്ട് സിറ്റി പദ്ധതിയുമായി ചേർന്നുകൊണ്ടായിരിക്കും പദ്ധതി പ്രാവർത്തികമാക്കുക. വൈദ്യുതി ആവശ്യത്തിൽ പത്തുശതമാനമെങ്കിലും സൗരൗർജ്ജം വഴി ലഭ്യമാക്കാനാവുന്ന നഗരങ്ങളെയാണ് സോളാർ സിറ്റി എന്ന് വിശേഷിപ്പിക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ സോളാർ വിവാദം ഉണ്ടാകാതെയിരുന്നെങ്കിൽ കേരളം ഈ രംഗത്ത് അഭിമാനകരമായ പുരോഗതി ഇതിനകം നേടുമായിരുന്നു.

പല സംസ്ഥാനങ്ങളും സോളാർ വൈദ്യുതി രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ഗണ്യമായ നേട്ടമാണ് കൈവരിച്ചത്. മദ്ധ്യപ്രദേശിൽ ആയിരം മെഗാവാട്ടിന്റെ വമ്പൻ സോളാർ പ്ളാന്റുകൾ പോലും സ്ഥാപിതമായിട്ടുണ്ട്. അനേകം ചെറിയ നിലയങ്ങളും ഇവിടങ്ങളിൽ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. ലക്ഷ്യത്തിന്റെ നേർപകുതിക്കടുത്തെത്താനേ സാദ്ധ്യമായിട്ടുള്ളൂ. എന്നിരുന്നാലും ആവേശമുണർത്തുന്ന നിലയിൽ സോളാർ ഉൗർജ്ജമേഖല മുന്നോട്ടു പൊയ്ക്കൊണ്ടി‌രിക്കുകയാണെന്നു പറയാം.

വർഷത്തിൽ അപൂർവദിനങ്ങളൊഴികെ മറ്റെല്ലാ ദിവസവും സമൃദ്ധമായി സൂര്യപ്രകാശം ലഭിക്കാറുള്ള നമ്മുടെ സംസ്ഥാനത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സോളാർ വൈദ്യുതി ഉത്‌പാദനത്തിന് അനന്ത സാദ്ധ്യതകളാണുള്ളത്. വീടുകൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ മന്ദിരങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമെല്ലാം എളുപ്പം ആശ്രയിക്കാവുന്ന ഉൗർജ്ജോത‌്‌പാദന മേഖലയാണിത്. ഇതിനകം അനേകം സ്ഥാപനങ്ങളും വീടുകളും ഈ മാർഗം തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റവുമാദ്യം പ്രശംസ നേടിയത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. വിമാനത്താവളത്തിലെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും ഇപ്പോൾ സോളാർ വഴിയാണു നിർവഹിക്കുന്നത്. ധാരാളം വൈദ്യുതി മിച്ചവും വരുന്നു. അത് കെ.എസ്.ഇ.ബിക്ക് വിൽക്കുകയാണു ചെയ്യുന്നത്. സിയാലിന്റെ വിജയഗാഥ അനുഭവമാക്കി അനവധി സ്ഥാപനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. സ്ഥാപിക്കാനുള്ള ചെലവ് അല്പം കൂടുതലാണെങ്കിലും കാലാന്തരത്തിൽ വൻ ലാഭം ഉറപ്പുതരുന്നതാണ് സോളാർ വൈദ്യുതി. തലസ്ഥാനത്ത് സോളാർസിറ്റി പദ്ധതി നടപ്പാക്കുമ്പോൾ അതിനു കീഴിൽ പെടുത്താവുന്ന വളരെയധികം സർക്കാർ സ്ഥാപനങ്ങൾ തന്നെയുണ്ട്. ഇവയ്ക്കു പുറമെ അനവധി കലാലയങ്ങളും വൻകിട ആശുപത്രികളും സ്കൂളുകളും വിമാനത്താവളവുമൊക്കെ സോളാർ വൈദ്യുതിയിലേക്കു മാറ്റാനാകുന്നവയാണ്. ഒപ്പം തന്നെ പുതിയ ഗൃഹനിർമ്മാണത്തിനുള്ള അനുമതി നൽകുമ്പോൾ സോളാർ നിബന്ധന നിർബന്ധമാക്കാവുന്നതാണ്. പഴയ മഴക്കുഴി നിബന്ധന പോലെ ഇടയ്ക്കുവച്ച് ഉപേക്ഷിക്കരുതെന്നു മാത്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.