SignIn
Kerala Kaumudi Online
Thursday, 19 May 2022 12.01 PM IST

ജ്യോതിഷ - താന്ത്രിക തേജസായ ശ്രീധരൻ തന്ത്രികൾ

paravoor-sridharan-thanth

പറവൂർ ശ്രീധരൻ തന്ത്രികളുടെ 96-ാം ജന്മദിനം ഇന്ന്

.......................................

വ്യാപരിച്ച മേഖലകളിലൊക്കെ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ പുണ്യാത്മാവാണ് പറവൂർ ശ്രീധരൻ തന്ത്രികൾ. ജ്യോതിഷ - താന്ത്രിക മണ്ഡലങ്ങളിൽ ആദരണീയനായ സ്ഥാനം നേടിയെടുക്കാൻ ശ്രീധരൻ തന്ത്രികൾക്ക് കഴിഞ്ഞിരുന്നു. അശ്രാന്തമായ പരിശ്രമവും തളരാത്ത ഇച്ഛാശക്തിയുമാണ് തന്ത്രികളെ ഈ വിജയത്തിലേക്ക് നയിച്ചത്.

പറവൂരിലെ പെരിമ്പടന്നയിലുള്ള എട്ട്യോടത്ത് കളവമ്പാറ മാമൻ വൈദ്യരുടേയും എടവനാക്കാട് കടയന്ത്ര വീട്ടിൽ പാർവതിയമ്മയുടെയും മകനായി 1101-ാമാണ്ട് കന്നി മാസം 23ന് പുണർതം നക്ഷത്രത്തിൽ ജനിച്ചു.

മക്കളെ അഭ്യസ്തവിദ്യരാക്കണമെന്ന് മാമൻ വൈദ്യർക്ക് നിർബന്ധമായിരുന്നു. തിരക്കിട്ട വൈദ്യവൃത്തിക്കും അദ്ധ്യാപനത്തിനുമിടയിലും കുട്ടികളുടെ പഠനകാര്യത്തിൽ അദ്ദേഹം തികഞ്ഞ ജാഗ്രത പുലർത്തി. മകനെ ജ്യോതിഷം പഠിപ്പിക്കണമെന്ന് മാമൻ വൈദ്യർ നിശ്ചയിച്ചു. മകൻ ഈ രംഗത്ത് അഗ്രഗണ്യനാകുമെന്ന് ആ പിതാവ് കരുതിയിരിക്കും. നമ്പ്യത്ത് കരുണാകരൻപിള്ളയുടെ അടുത്തുപോയി ജ്യോതിഷത്തിലെ ബാലപാഠങ്ങൾ ശ്രീധരൻ പഠിച്ചു. സൗകര്യം കിട്ടുമ്പോഴൊക്കെ പെരുവാരം ശങ്കരഭട്ടതിരിപ്പാടിന്റെയടുത്തുചെന്ന് പഠിക്കാനും അച്ഛൻ നിർദ്ദേശിച്ചു. മഹാമനസ്‌കനായ ശങ്കരൻ ഭട്ടതിരിപ്പാട് മാമൻ വൈദ്യരോടുള്ള പ്രത്യേക മമത കൊണ്ട് ഭാര്യാഗൃഹമായ മനക്കാട്ടുമനയിൽ വന്ന് ശ്രീധരനെ പഠിപ്പിച്ചിരുന്നു. മനയിൽ കീഴ്‌ജാതിക്കാരനായ ശ്രീധരനെ കയറ്റുന്നതിൽ വീട്ടുകാർക്ക് എതിർപ്പായിരുന്നു. ഭട്ടതിരിപ്പാടിന്റെ നിർദ്ദേശാനുസരണം പിന്നീട് ശ്രീധരൻ അയ്യമ്പിള്ളിയിലെ പഴമ്പിള്ളി കണ്ടനാശാന്റെ അടുക്കൽ പോയി പ്രശ്നം കേട്ടു പരിചയിക്കാനും ഉപരിഗ്രന്ഥങ്ങൾ പഠിക്കാനും തുടങ്ങി.

ശ്രീധരനെ പ്രശസ്തനായ ശ്രീധരൻ തന്ത്രികളാക്കിയത് കണ്ടച്ചനാശാനാണ്. കണ്ടച്ചനാശാൻ കനിഞ്ഞനുഗ്രഹിച്ച മാനസപുത്രനായിരുന്നു ശ്രീധരൻ തന്ത്രികൾ. സഞ്ചരിക്കുന്ന സർവകലാശാലയായിരുന്നു കണ്ടച്ചനാശാൻ. ശ്രീനാരായണ ഗുരുദേവനുമായും ചട്ടമ്പിസ്വാമികളുമായും അടുത്തിടപഴകാൻ കണ്ടച്ചനാശാന് കഴിഞ്ഞിട്ടുണ്ട്.

ശ്രീധരൻ കണ്ടച്ചനാശാന് ഏറ്റവും പ്രിയങ്കരനായിരുന്നു. കൂടുതൽ പ്രായോഗികവിജ്ഞാനം ലഭിക്കുന്നതിന് ശ്രീധരനെ പാഴൂർ പടിപ്പുരയിലെ സുപ്രസിദ്ധനായ വരിക്കോലി കൃഷ്ണൻ ജ്യോത്സ്യരുടെ അടുക്കൽ പറഞ്ഞയച്ച് പരിശീലനം നൽകി. ദേവപ്രശ്നം, അഷ്ടമംഗല്യപ്രശ്നം മുതലായവയിൽ ശ്രീധരൻ പ്രാവീണ്യം സമ്പാദിച്ചു. തന്ത്രശാസ്ത്രത്തിലും ക്ഷേത്രപ്രതിഷ്ഠാദികളിലും, ലക്ഷാർച്ചന, കോടിയർച്ചന, സഹസ്രകലശം മുതലായവയിലും പ്രാഗത്ഭ്യം നേടാനായത് കണ്ടച്ചനാശാന്റെ ശിഷ്യത്വം കൊണ്ടാണെന്നും, അങ്ങനെയാണ് ജ്യോത്സ്യർ, തന്ത്രികൾ എന്നീ പേരുകൾക്കെല്ലാം അർഹനായതെന്നും ശ്രീധരൻ തന്ത്രികൾ കൃതജ്ഞതയോടെ അനുസ്മരിച്ചിരുന്നു.

ശ്രീധരൻ തന്ത്രികൾ അനവധി ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയിട്ടുണ്ട്. ശിവഗിരി മഹാസമാധി മന്ദിരത്തിൽ നടത്തിയ ഗുരുദേവ പ്രതിമയുടെ പ്രതിഷ്ഠാകർമ്മത്തിലെ മുഖ്യകാർമ്മികൻ ശ്രീധരൻ തന്ത്രികളായിരുന്നു. അദ്ദേഹം ആദ്യമായി സഹസ്രകലശം നടത്തിയത് പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലാണ്. പള്ളുരുത്തി ശ്രീഭവാനീശ്വരി ക്ഷേത്രം, അയ്യപ്പൻകാവ് ക്ഷേത്രം, ചെറായി ഗൗരീശ്വര ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ സഹസ്രകലശം നടത്തിയിട്ടുണ്ട് തന്ത്രികൾ. ഒട്ടേറെ ബഹുമതികളും പുരസ്കാരങ്ങളും കീർത്തിമുദ്രകളും ശ്രീധരൻ തന്ത്രികളെ തേടിയെത്തിയിട്ടുണ്ട്.

ശ്രീധരൻ തന്ത്രികളുടെ സ്‌മരണ അനശ്വരമായി തുടരുന്നതിന് സഹായകമായ ഒരു സ്‌മൃതിമണ്ഡപം പറവൂരിൽ ഉയർന്നുകഴിഞ്ഞു. അതിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.

ലേഖകന്റെ ഫോൺ: 9744466666

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SREEDHRAN THANTHRIKAL, SREEDHARAN THANTHRIKAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.