ഈ മാസം ദുബായിൽ ചിത്രീകരിക്കുന്നത് 3 സിനിമകൾ.
മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങൾക്കും യു.എ.ഇ ഗവൺമെന്റ് പത്ത് വർഷത്തെ ഗോൾഡൻ വിസ സമ്മാനിക്കുകയും മലയാള സിനിമാ ചിത്രീകരണങ്ങൾക്ക് പുത്തൻ പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ കൂടുതൽ മലയാള സിനിമകൾ ദുബായിൽ ചിത്രീകരിക്കാനൊരുങ്ങുന്നു.മംമ്‌താ മോഹൻദാസിനെയും സൗബിൻ ഷാഹിറിനെയും നായികാ നായകന്മാരാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന മ്യാവൂ, നവാഗതനായ ജോണി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ആൻസൺപോൾ - അന്നു ആന്റണി ചിത്രമായ മെയ്‌ഡ് ഇൻ കാരവൻ എന്നീ ചിത്രങ്ങളാണ് ദുബായിൽ ഒടുവിൽ പൂർത്തീകരിച്ചത്. ഈ മാസം മൂന്ന് പുതിയ ചിത്രങ്ങളുടെ ചിത്രീകരണമാണ് ദുബായിൽ തുടങ്ങുന്നത്.
അനു സിതാരയുടെ ചിത്രംഇന്ന്; സുരാജിന്റെ ചിത്രം നാളെ
അനു സിതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ദുബായിൽ തുടങ്ങും. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ മുഹമ്മദാണ് ഈ ചിത്രമൊരുക്കുന്നത്.സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ദുബായിൽ തുടങ്ങും. ലുക്കാച്ചുപ്പിക്ക് ശേഷം ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ലെന, ഗായത്രി അരുൺ, കുരുതി ഫെയിം സാഗർ സൂര്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അലി ഗ്രാറ്റോ പ്രൊഡക്ഷൻൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ശ്രീകുമാർ അറയ്‌ക്കലാണ്.
ഇർഷാദും എം.എ. നിഷാദുംനായകന്മാരാകുന്ന ടു മെൻഒക്ടോബർ രണ്ടാം വാരം
ഇർഷാദിനെയും എം.എ. നിഷാദിനെയും നായകന്മാരാക്കി നവാഗതനായ സതീഷ് സംവിധാനം ചെയ്യുന്ന ടു മെൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ രണ്ടാം വാരം ദുബായിൽ തുടങ്ങും.ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് നിർമ്മിക്കുന്ന ചിത്രത്തിന് രചന നിർവഹിക്കുന്നത് മുഹമ്മദ് വെമ്പായമാണ്.