SignIn
Kerala Kaumudi Online
Saturday, 21 May 2022 9.13 PM IST

അനുഭവക്കരുത്തിന്റെ ചുവടുകൾ

old-age

ഇന്ന് ലോക വയോജന ദിനം

....................................

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ 1990 ഡിസംബർ 14 ന് എടുത്ത തീരുമാനമനുസരിച്ച് 1991 മുതൽ ഒക്‌ടോബർ ഒന്ന് അന്താരാഷ്ട്ര വയോജനദിനമായി ലോകം ആചരിക്കുന്നു. വയോജനങ്ങൾ സമൂഹത്തിന് നൽകിയ വിലയേറിയ സംഭാവനകൾ സ്മരിക്കുന്നതിനൊപ്പം അവരുടെ ആരോഗ്യ, സാമ്പത്തിക, സാമൂഹ്യപ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും അവയ്ക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള മാർഗങ്ങൾ ആവിഷ്‌‌കരിക്കാനുമാണ് ഈ ദിനാചരണം.

സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഉജ്ജ്വലമായ സംഭാവനകൾ നൽകിയവരാണ് വയോജനങ്ങൾ. അവർ ഈ കഴിവുകൾ തുടർന്നും സാമൂഹ്യനന്മയ്ക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പ്രായമാകൽ അനിവാര്യമായ പ്രകൃതിനിയമമാണ്. പ്രായമായി എന്നതുകൊണ്ട് സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്താനോ അവഗണിക്കാനോ പാടില്ല.

വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും ആഴമേറിയ പഠനങ്ങളാവശ്യമാണ്. അവയ്ക്ക് പ്രതിവിധികളും കണ്ടെത്തേണ്ടതുണ്ട്. 2002-ൽ സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ചേർന്ന ലോകാരോഗ്യസംഘടനയുടെ സമ്മേളനം പാസാക്കിയതും തുടർന്ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ചതുമായ കർമ്മപരിപാടി ഈ കാര്യത്തിൽ മാർഗരേഖയാണ്. വയോജനങ്ങളുടെ മനുഷ്യാവകാശ സംരക്ഷണം, അവരോടുള്ള അവഗണന, അപമാനം, വിവേചനം, അക്രമം എന്നിവ അവസാനിപ്പിക്കൽ,​ അവർക്ക് ജോലിയെടുക്കാനും ആരോഗ്യ സംരക്ഷണത്തിനുമുള്ള അവകാശം,​ തുല്യമായ അവസരങ്ങൾ,​ നയരൂപീകരണ സമിതികളിലുള്ള പ്രാതിനിധ്യം എന്നിവയെല്ലാം മാഡ്രിഡ് പ്രഖ്യാപനം ഉറപ്പ് നൽകുന്നു. എന്നാൽ ദു:ഖകരമായ വസ്തുത പല രാജ്യങ്ങളും ഈ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കാര്യമായ ശ്രമങ്ങൾ നടത്തുന്നില്ലെന്നതാണ്. യൂറോപ്യൻ രാജ്യങ്ങളിലടക്കം സാമ്പത്തിക പ്രതിസന്ധികളുടെയും ചെലവ് ചുരുക്കൽ പദ്ധതികളുടെയും ഭാഗമായി വയോജനങ്ങൾക്കനുവദിച്ച പല ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കുകയാണ്. അതിനെതിരായി വമ്പിച്ച പോരാട്ടങ്ങൾ അവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ വയോജനങ്ങളുടെ സ്ഥിതി എന്താണ്? അവർ പൊതുവെ അവഗണിക്കപ്പടുന്നെന്നും അവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നുമാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആരോഗ്യപരിപാലനത്തിന് ലോകത്തിലെ മിക്ക രാജ്യങ്ങളും ജിഡിപി യുടെ അഞ്ചോ അതിലധികമോ ചെലവഴിക്കുമ്പോൾ
ഇന്ത്യയിൽ 1.2 ശതമാനം മാത്രമാണ്. ദുർബലരെന്ന നിലയിൽ കുട്ടികളും വൃദ്ധരുമാണ് ഏറ്റവും അനുകമ്പയും ശ്രദ്ധയും അർഹിക്കുന്നതെന്ന പൊതുതത്വം രാജ്യത്ത് പൂർണമായും നിഷേധിക്കപ്പട്ടിരിക്കുന്നു.

നിർധനരായ വയോജനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പെൻഷൻ തുച്ഛമായ 200 രൂപയാണ്. ഈ തുക വർദ്ധിപ്പിക്കണമെന്ന് പല നിവേദനങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അനുഭാവപൂർവമായ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല വയോജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന ട്രെയിൻ യാത്രാനിരക്കിലുള്ള ആനുകൂല്യം പോലും പൂർണമായും എടുത്തുകളഞ്ഞിരിക്കുന്നു. വയോജനങ്ങളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതികളോ, പ്രത്യേക ഫണ്ടോ അനുവദിക്കാതെ വയോജനങ്ങളെ കഷ്ടതയിലേക്ക് തള്ളിവിടുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചു വരുന്നത്. എന്നാൽ കേരള ഗവൺമെന്റിന്റെ കീഴിൽ വയോജനങ്ങൾക്ക് ആശ്വാസം നൽകുന്ന പല പരിപാടികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്. ഇതിൽ പ്രധാനം മുതിർന്ന പൗരന്മാരെ സമൂഹത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളികളാക്കുക എന്നതാണ്. കേരളസർക്കാരിന്റെ കാര്യപരിപാടിയിൽത്തന്നെ വയോജനങ്ങളുടെ പ്രശ്നം
പ്രാധാന്യത്തോടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 60 വയസ് കഴിഞ്ഞ നിരാലംബർക്ക്
1600 രൂപ പെൻഷൻ നൽകി നല്ലൊരു കാൽവയ്‌പാണ് കേരള സർക്കാർ നടത്തിയത്. വയോജനങ്ങൾക്ക് ആരോഗ്യ പരിപാലനത്തിനുതകുന്ന നിരവധി പദ്ധതികൾ ആവിഷ്‌‌കരിച്ചു. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യാനുള്ള നടപടികൾ, ആരോഗ്യ സംരക്ഷണത്തിനുള്ള മൊബൈൽ ക്ലിനിക്കുകൾ, സൗജന്യ ചികിത്സ, വയോമിത്രം പദ്ധതി, മന്ദഹാസം, വയോമധുരം, സായംപ്രഭാ ഹോമുകൾ, ആശ്വാസകിരൺ തുടങ്ങിയ ഒട്ടേറെ പദ്ധതികൾ വയോജനങ്ങൾക്ക് ആശ്രയമായി . കൂടാതെ വിപുലമായ വയോജന സർവേ നടത്താനും സേവനങ്ങൾ വാതിൽപ്പടിയിൽ നല്‌കാനും വാർഡുകൾ തോറും വയോക്ലബുകൾ സ്ഥാപിക്കാനും,
വയോജന അയൽക്കൂട്ടങ്ങൾ വിപുലപ്പെടുത്താനും പ്രത്യേക വയോജന ക്ലിനിക്കുകളും ഒ.പികളും സാന്ത്വന പരിചരണം, മരുന്ന് വാതിൽപ്പടിയിൽ എത്തിക്കുന്നതിനുള്ള നടപടികളും വയോജനങ്ങൾക്ക് സാന്ത്വനമാണ്. വയോജനങ്ങൾക്കായി സംസ്ഥാനത്ത് ആരംഭിച്ച ടോൾഫ്രീ ഹെൽപ്പ്‌ ലൈൻ 14567 പ്രധാന കരുതലാണ്. ഈ നമ്പരിൽ വിളിച്ച് പരാതികളും പ്രശ്നങ്ങളും അറിയിച്ചാൽ കാര്യം പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് തുടർനടപടി സ്വീകരിക്കാൻ കൈമാറും. പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണാനുള്ള കേരളസർക്കാരിന്റെ കാഴ്ചപ്പാട് വയോജനങ്ങൾക്ക് വളരെയേറെ ആശ്വാസകരമാണ്. സർക്കാരിന്റെ ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് തുടർച്ചയായി ഇപ്പോഴും ലഭിച്ച വയോശ്രേഷ്ഠ സമ്മാൻ.
വയോജനക്ഷേമപദ്ധതികളുടെ മേൽനോട്ടം വഹിക്കുന്നതിനും, പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി സംസ്ഥാന വയോജന കൗൺസിലും, ജില്ലാ കമ്മിറ്റികളും രൂപീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ വയോജന സൗഹൃദത്തിന്റെ മാർഗങ്ങൾ സ്വീകരിച്ചിരിക്കുന്നു. പകൽവീടുകൾ ഉല്ലാസകരവും അന്തസേറിയതുമായ കേന്ദ്രങ്ങളാക്കി മാറ്റു
കയും ചെയ്യുന്നുണ്ട്.

വയോജനങ്ങൾ നിരന്തരം ആവശ്യപ്പെടുന്ന പൊതു വാഹനങ്ങളിലെ യാത്രാനിരക്കിലുള്ള ഇളവ്,വയോജനവകുപ്പ്/കോർപ്പറേഷൻ, വയോജന കമ്മിഷൻ, വയോജനങ്ങളുടെ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി എന്നിവയും അടിയന്തര പ്രാധാന്യത്തോടുകൂടി നടപ്പിലാക്കാനുള്ള തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

( ലേഖകൻ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ഫോൺ : 9446483677 )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INTERNATIONAL DAY OF OLDER PERSONS
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.