കോഴിക്കോട്: പോലൂരിലെ വീട്ടിനുള്ളിൽ തുടർച്ചയായി കേട്ട മുഴക്കം ഭൗമ പ്രതിഭാസമാകാമെന്ന് വിദഗ്ദ്ധസംഘം. ഭൂമിക്കടിയിലെ മർദ്ദ വ്യത്യാസമാകാം ശബ്ദത്തിന് കാരണമെന്ന് പരിശോധന നടത്തിയ കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ഡോ.ജി.ശങ്കർ അഭിപ്രായപ്പെട്ടു. മുഴക്കത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണ്. ഭൂമിക്കടിയിൽ മണ്ണൊലിപ്പ് ഇല്ലെന്ന് ഉറപ്പാക്കാൻ സർവെ നടത്തും. പരിശോധനാ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. റവന്യൂ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് സംഘം വീട്ടിലും പരിസരത്തും പരിശോധന നടത്തിയത്. പോലൂർ ക്ഷേത്രത്തിന് സമീപം തെക്കെമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയിൽ അധികമായി മുഴക്കം കേൾക്കുന്നത്. അഗ്നിശമന സേനയും ജിയോളജി വകുപ്പും നേരത്തെ പരിശോധന നടത്തിയിരുന്നു.