SignIn
Kerala Kaumudi Online
Saturday, 20 April 2024 9.06 AM IST

ഇതാവരുത് പൊലീസ്...!

photo

സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം സ്വന്തം വീട്ടിൽ രാത്രിയിൽ കഴിയാനാവാതെ, മക്കളുമൊത്ത് ട്രെയിനുകളിൽ അഭയം തേടിയ കൊല്ലം ഇരവിപുരത്തെ മഞ്ജുവിന്റെ ദുരവസ്ഥ മലയാളി മറക്കാറായിട്ടില്ല. രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ച ശേഷം കതകിൽ മുട്ടിവിളിയും ഭീഷണിപ്പെടുത്തലുകളും പതിവായതോടെ, വീടുകയറി ആക്രമണം ഭയന്ന് പ്രായപൂ‌ർത്തിയായ മകളെയും മകനെയും ചേർത്തുപിടിച്ച് ട്രെയിനുകളിൽ ടിക്കറ്റെടുത്ത് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്ത് രാത്രി കഴിച്ചുകൂട്ടുന്ന ആ അമ്മ ഈ നാട്ടിലെ സ്വാധീനമില്ലാത്തെ പാവപ്പെട്ടവരുടെ പ്രതിനിധിയാണ്. പകൽ പാർക്കുകളിലിരുന്നും രാത്രി ട്രെയിനുകളിൽ അഭയം തേടിയും ജീവിക്കാനാവാതെ വലയുന്ന മഞ്ജുവിന്റെയും മക്കളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത പൊലീസ് നേതൃത്വമാണ്, പുരാവസ്തു വ്യാപാരിയെന്ന് നടിച്ച് കോടികൾ തട്ടിയെടുത്ത മോൻസൺ മാവുങ്കലിന്റെ വീടുകൾക്ക് പൊലീസ് സംരക്ഷണമൊരുക്കിയത്. മഞ്ജുവിന്റെ ഇരവിപുരത്തെ സുനാമി ഫ്ലാറ്റിൽ തിരിഞ്ഞുനോക്കാത്ത പൊലീസ്, മോൻസണിന്റെ വീടുകളിൽ ദിവസേന നാലുവട്ടം പട്രോളിംഗിനെത്തും, ഗേറ്റിലെ ബീറ്റ് ബോക്സിൽ ഒപ്പിടും, വീടുകളും പരിസരവും സുരക്ഷിതമാണെന്ന് ഉറപ്പാക്കും.

അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് ഒരു അഡി.ഡി.ജി.പി രേഖാമൂലം മുന്നറിയിപ്പ് നൽകിയ ശേഷമാണ് പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്റ മോൻസണിന്റെ കൊച്ചി കലൂരിലെയും ചേർത്തലയിലെയും വീടുകൾക്ക് സുരക്ഷയൊരുക്കാൻ ഉത്തരവിട്ടത്. പല ദിവസങ്ങളിൽ പല വേഷങ്ങളിൽ മോൻസണിനൊപ്പം ബെഹ്റ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ തട്ടിപ്പുകാരന് കുടപിടിച്ചത് അബദ്ധത്തിൽ അല്ലെന്ന് വ്യക്തമായിട്ടുണ്ട്.

2019മേയ് 11ന് എസ്.പിയുടെ വിവാഹത്തിന് കൊച്ചിയിലെത്തിയ ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോൻസണിന്റെ വസതിയിലെത്തി. 'ടിപ്പുവിന്റെ സിംഹാസന'ത്തിലിരുന്ന് 'മോശയുടെ വടി' പിടിച്ച് ബെഹ്റ ചിത്രമെടുത്തു. മനോജ് എബ്രഹാം 'ടിപ്പുവിന്റെ വാൾ' കൈയിലെടുത്ത് പരിശോധിച്ചു. ഈ ചിത്രങ്ങൾ ഫേസ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ മോൻസൺ പ്രചരിപ്പിക്കുന്നതാണ് ഇരുവരും പൊലീസ് ആസ്ഥാനത്ത് മടങ്ങിയെത്തിയപ്പോൾ കണ്ടത്. പിന്നാലെ, 2019 മേയ് 18 ന്

കോസ്‌മെറ്റിക് സർജനെന്ന് അവകാശപ്പെടുന്ന മോൻസൺ അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് എ.ഡി.ജി.പി വീണ്ടും പൊലീസ് മേധാവിക്ക് മുന്നറിയിപ്പ് നൽകി. ഒരു ലക്ഷം കോടിയിൽ അധികം മൂല്യമുണ്ടെന്ന് അവകാശപ്പെട്ട് കൈവശം വച്ചിരിക്കുന്നത് വ്യാജ പുരാവസ്തുക്കളാണ്. മോൻസണിന്റെ കൈവശം ഇറക്കുമതി ചെയ്ത നൂറ് ആഡംബര കാറുകളും രാജ്യത്തെയും വിദേശത്തെയും പെയിന്റിംഗ്, പുരാവസ്തു, കരകൗശല വസ്തുക്കളുമുണ്ട്. ലോകത്ത് പലേടത്തുനിന്നുമായി വാങ്ങിയ ഇവയെല്ലാം അമൂല്യമാണെന്ന് അയാൾ അവകാശപ്പെടുന്നു. ഇതിന്റെ മൂല്യം ഒരു ലക്ഷം കോടിയിൽ അധികമായേക്കാം. ഇയാൾ ഒരു അന്താരാഷ്ട്ര തട്ടിപ്പുകാരനാണ്. പുരാവസ്തുക്കളെന്ന് പറയുന്നതിലധികവും ഒറിജിനൽ അല്ല ചിലത് മോഷ്ടിച്ചവയുമാണ്. അയാളുടെ വരുമാനത്തിന്റെ സ്രോതസ് വ്യക്തമല്ല. കോടിക്കണക്കിന് രൂപയുടെ നികുതി അടച്ചിട്ടില്ല- ഇതായിരുന്നു രേഖാമൂലം പൊലീസ് മേധാവിക്ക് നൽകിയ മുന്നറിയിപ്പ് റിപ്പോർട്ട്.

ഇങ്ങനെയൊരു മുന്നറിയിപ്പ് കിട്ടിയപ്പോൾ ബെഹ്റ ഉണർന്നു. മോൻസണിന്റെ തട്ടിപ്പിന്റെ എല്ലാ വശങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്ന് മേയ് 22ന് ഇന്റലിജൻസ് മേധാവിക്ക് ഡി.ജി.പി നിർദ്ദേശം നൽകി. എ.ഡി.ജി.പിയുടെ മുന്നറിയിപ്പ് റിപ്പോർട്ട് സഹിതം ഇന്റലിജൻസ് മേധാവിക്ക് നിർദ്ദേശം നൽകി മൂന്നാഴ്ച തികയും മുൻപേ മോൻസണിന് ബെഹ്റ പൊലീസ് സംരക്ഷണമൊരുക്കുകയാണ് ചെയ്തത്. അമൂല്യമായ പുരാവസ്തുശേഖരമുള്ള തന്റെ മ്യൂസിയത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് ബെഹ്റയ്ക്ക് മേയ് 30 ന് മോൻസൺ കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ച് പുരാവസ്തു ശേഖരത്തിനും വീടിനും സംരക്ഷണം നൽകാൻ കൊച്ചി സിറ്രി കമ്മിഷണർക്ക് ബെഹറ ഉത്തരവ് നൽകി. ഇതിന്റെ പകർപ്പ് ഇന്റലിജൻസ് മേധാവിക്കും കൈമാറി. മോൻസണിന്റെ ചേർത്തലയിലെ വീടിന് സംരക്ഷണം നൽകാൻ ആലപ്പുഴ എസ്.പിക്കും നിർദ്ദേശം നൽകി. ഡിവൈ.എസ്.പിയെക്കൊണ്ട് അന്വേഷിപ്പിച്ച് വലിയ പുള്ളിയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും മോൻസണിന്റെ വസതിക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കിയെന്നും എസ്.പിയുടെ മറുപടി പിന്നാലെയെത്തി. അമൂല്യവും വളരെ അപൂർവവുമായ പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ മോൻസണിന്റെ വീടിന് തുടർച്ചയായ നിരീക്ഷണമൊരുക്കി. പൊലീസ് മോൻസണിന്റെ വീടിന്റെ സുരക്ഷ പരിശോധിക്കുകയും ഗേറ്റിനു മുന്നിൽ പട്രോൾ ബീറ്റ് ബോക്സ് സ്ഥാപിക്കുകയും ചെയ്തു. ദിവസേന നാലുവട്ടം പൊലീസ് പട്രോൾ സംഘമെത്തി ഒപ്പിട്ടിരുന്നത് ഈ തട്ടിപ്പുകാരന്റെ വീടിനു മുന്നിലായിരുന്നു.

പുരാവസ്തു വ്യാപാരത്തിന് ലൈസൻസില്ലാത്ത തട്ടിപ്പുകാരനാണ് മോൻസണെന്നും സാമ്പത്തിക ഇടപാടകൾ ദൂരൂഹമെന്നും വിശദമായ ഇന്റലിജൻസ് റിപ്പോർട്ട് പിന്നാലെ ബെഹ്റയ്ക്ക് ലഭിച്ചു. മോൻസൺ കൈവശം വച്ചിരിക്കുന്ന ആഡംബര വസ്തുക്കളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള മോൻസൺ ഡോക്ടറായി ചമയുകയാണെന്നും ഇടപാടുകളെല്ലാം ദുരൂഹമാണെന്നും തട്ടിപ്പുകാരനാണെന്നും ഇന്റലിജൻസ് മേധാവി രേഖാമൂലം അറിയിച്ചിട്ടും ബെഹ്റ കുലുങ്ങിയില്ല. മോൻസണിനെതിരായ ആറരക്കോടിയുടെ തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിന് വിടാതെ, അയാളുടെ ഇഷ്ടക്കാരനായ സി.ഐയ്ക്ക് നൽകാൻ അധികാരപരിധി മറികടന്ന് ഉത്തരവിറക്കിയ ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണിനെതിരെ നടപടിയടുക്കാതെ ബെഹ്റ സംരക്ഷിച്ചു. ഇത്രയും കുഴപ്പക്കാരനാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും, ജൂൺ 30 ന് ബെഹ്റ വിരമിച്ചശേഷവും മോൻസൺ പൊലീസ് ആസ്ഥാനത്തെത്തി ഡിജിപി അനിൽകാന്തിൽ നിന്ന് മൊമന്റോ സ്വീകരിച്ചു. അതാണ് നമ്മുടെ പൊലീസ്, സാധാരണക്കാരന് ഒരു നീതി മടിയിൽ കനമുള്ളവന് വേറൊന്ന്.

സൂപ്പർ ഡി.ജി.പിയായി അനിത

പുരാവസ്തുക്കളുടെ പേരുപറഞ്ഞ് മോൻസൺ നടത്തിയ 15 കോടിയിലേറെ തട്ടിപ്പിന്റെ ഇരകൾ പരാതി പറഞ്ഞത് പൊലീസിനോടായിരുന്നില്ല, ലോക കേരള സഭാംഗവും പ്രവാസി മലയാളി ഫെഡറേഷൻ വനിതാ കോ - ഓർഡിനേറ്ററുമായ അനിതാ പുല്ലയിലിനോടായിരുന്നു. അവരുടെ ഉപദേശപ്രകാരമാണ് മുഖ്യമന്ത്രിയെ പരാതിക്കാർ സമീപിച്ചത്. മോൻസൺ മാവുങ്കലിനെ ബെഹറയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്ന് അനിത വെളിപ്പെടുത്തിയിട്ടുണ്ട്. ഡി.ജി.പി ഓഫീസിൽ വച്ചാണ് മോൻസണിനെ പരിചയപ്പെടുത്തിയത്. മോൻസണിന്റെ മ്യൂസിയം സന്ദർശിക്കാൻ ബെഹ്റയോട് ആവശ്യപ്പെട്ടതും അനിതയാണ്. മോൻസൺ തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞ് രണ്ടുവർഷം മുൻപ് ബെഹറ അനിതയ്ക്ക് മുന്നറിയിപ്പ് നൽകിയത്രേ. മോൻസണിന്റേത് നല്ല സ്ഥലമല്ലെന്നും അവിടെ പോകരുതെന്നുമായിരുന്നു ബെഹ്റ പറഞ്ഞത്. ഡി.ജി.പിയെ താൻ ദുരുപയോഗിക്കുന്നതായി മോൻസൺ അപവാദം പ്രചരിപ്പിച്ചെന്നും രണ്ട് സ്ത്രീകളെ ഉപയോഗിച്ച് തനിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയെന്നും അനിത പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU, POLICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.