SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.49 PM IST

കനകസ്വപ്നമോ, കനയ്യകുമാർ

kanhaiya-kumar

'ഇരുപതാം വയസിൽ കമ്മ്യൂണിസ്റ്റല്ലാത്ത മനുഷ്യൻ വിഡ്ഢിയായിരിക്കും. എന്നാൽ, മുപ്പതാംവയസിലും കമ്മ്യൂണിസ്റ്റായി തുടരുന്നയാൾ ഒരു പമ്പരവിഡ്ഢിയായിരിക്കും.' Any man who is not a communist at the age of twenty is a fool. Any man who is still a communist at the age of thirty is an even bigger fool. ' - എന്നാണ് ജോർജ് ബെർണാഡ്ഷാ പറഞ്ഞിട്ടുള്ളത്. ബീഹാറിലെ ബിഹാട് എന്ന ഗ്രാമത്തിൽ 1987ൽ ജനിച്ച കനയ്യകുമാർ ഇപ്പോൾ കമ്മ്യൂണിസ്റ്റു പാർട്ടിവിട്ട് കോൺഗ്രസിൽ ചേക്കേറിയത് ഈ വിചാരത്തിലാണോ എന്നറിയില്ല. തീപ്പൊരി കമ്മ്യൂണിസ്‌റ്റെന്ന് പേരെടുത്ത കനയ്യകുമാറിനെ ആരെങ്കിലും കോൺഗ്രസ് ആക്കിയതാണോ എന്നും വ്യക്തമല്ല. അതിനു മുൻപ് മറ്റാരെങ്കിലും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആക്കിയിരുന്നതാണോ എന്നും നിശ്ചയമില്ല. സി.പി.ഐയ്ക്ക് ഏറെ സ്വാധീനമുള്ള തെഗ്ര അസംബ്ലി മണ്ഡലത്തിലാണ് ബിഹാട്. കർഷകനായ ജയ്ശങ്കർ സിംഗിന്റെയും അംഗൻവാടി ടീച്ചറായ മീനാദേവിയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് കനയ്യകുമാർ. കർഷകരുടെ അവകാശങ്ങൾക്കായി പോരാടിയിട്ടുള്ള മാതാപിതാക്കളുടെ മകൻ കമ്മ്യൂണിസ്റ്റാവുക സ്വാഭാവികം. പഠനത്തിലും പ്രസംഗത്തിലും സമർത്ഥനായ കനയ്യകുമാർ 2015 ൽ ജെ.എൻ.യുവിലെ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യശ്രദ്ധയിലേക്കുയർന്നത്. ഈ സ്ഥാനത്തെത്തുന്ന പ്രഥമ എ.ഐ.എസ്.എഫ് അംഗമാണ് കനയ്യ. എ.ബി.വി.പി, എസ്.എഫ്.ഐ, എൻ.എസ്.യു സ്ഥാനാർത്ഥികളെ പിന്നിലാക്കിയാണ് കനയ്യ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ മനം കവർന്നത്. പാർലമെന്റ് ആക്രമണത്തിലെ പ്രതി അഫ്സൽഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ കാമ്പസിൽ നടന്ന യോഗത്തിൽ നടത്തിയ പ്രസംഗം രാജ്യദ്രോഹമാണെന്ന് ആരോപിച്ച് 2016 ഫെബ്രുവരി 12ന് അറസ്റ്റ് ചെയ്തതോടെ കനയ്യകുമാറിന്റെ ജാതകം തന്നെ മാറുകയായിരുന്നു. അന്ന് ഉയർന്ന ഒരു മുദ്രാവാക്യത്തിലും തനിക്ക് പങ്കില്ലെന്നും ഇന്ത്യൻ ഭരണഘടനയിൽ പൂർണവിശ്വാസമുണ്ടെന്നും കാശ്മീർ ഇന്ത്യയുടെ ഒരു അവിഭാജ്യഘടകമാണെന്ന് താൻ എന്നും പറഞ്ഞിട്ടുണ്ടെന്നും കനയ്യകുമാർ വ്യക്തമാക്കിയെങ്കിലും അധികാരത്തിന്റെ മർക്കടമുഷ്ടി പിടി അയച്ചില്ല.കനയ്യയുടെ അറസ്റ്റ് ഇന്ത്യയ്ക്കകത്തും പുറത്തും ഓളമടിച്ച രാഷ്ട്രീയ സംഭവമായി മാറി. ഇന്ത്യയിലെങ്ങുമുള്ള വിദ്യാർത്ഥികൾ കനയ്യയ്ക്കുവേണ്ടി തെരുവിലിറങ്ങി. കനയ്യകുമാർ കാമ്പസിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ യൂട്യൂബിൽ വൈറലായി.അഫ്സൽഗുരുവിനെ പാർപ്പിച്ചിരുന്ന തിഹാർ ജയിലിലെ അതേ സെല്ലിൽത്തന്നെയാണ് കനയ്യയെയും പാർപ്പിച്ചിരിക്കുന്നതെന്ന വാർത്തയും അതിനിടെ വിവാദമായി. നോം ചോസ്‌കി, ഓർഹൻ പാമുക്ക്, ഗിരീഷ് കർണാഡ്, മീരാ നായർ തുടങ്ങിയ വിഖ്യാത വ്യക്തികൾ കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തുവന്നതോടെ കനയ്യയുടെ മാർക്കറ്റ് വാല്യു രാജ്യാതിർത്തി കടന്ന് വ്യാപിച്ചു.ജയിൽ മോചിതനായ കനയ്യകുമാറിനെ നീലപ്പട്ട് വിരിച്ച് കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത് ഈ മാർക്കറ്റ് വാല്യു കണക്കിലെടുത്താണെന്ന വസ്തുത ആർക്കും മറച്ചുവയ്ക്കാനാവില്ല. പക്ഷേ, വിലപേശലൊന്നും പുറത്തുവന്നിട്ടില്ല. ബി.ജെ.പിയ്‌ക്കെതിരേ പ്രതിപക്ഷത്തെ നയിക്കാനാവുക കോൺഗ്രസിനു മാത്രമെന്നും തീർത്തും ജനാധിപത്യ പാർട്ടിയായതിനാലാണ് അതിൽ ചേർന്നതെന്നുമാണ് അംഗത്വം സ്വീകരിച്ചുകൊണ്ട് കനയ്യകുമാർ പറഞ്ഞത്. ഭഗത്!*! സിംഗിന്റെ ധൈര്യവും ഗാന്ധിജിയുടെ സ്വപ്നവും അംബേദ്കറുടെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.എന്നും കോൺഗ്രസില്ലാതെ രാജ്യത്തിന് പിടിച്ചു നിൽക്കാനാവില്ലെന്നും കനയ്യ പറഞ്ഞു. കോൺഗ്രസിൽ ചേരുംമുമ്പ് എന്തൊക്കെയാവും കനയ്യക പ്രസംഗിച്ചിട്ടുണ്ടാവുക? മികച്ച ഡിബേറ്റർ കൂടിയായിരുന്നതുകൊണ്ട് മറുപക്ഷം വാദിക്കുന്നതിന് പ്രയാസമുണ്ടാവില്ല കനയ്യയ്ക്ക്. അതെന്തായാലും കനയ്യ കാട്ടിയത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയും പാർട്ടിയോടു ചെയ്ത ചതിയുമാണെന്നായിരുന്നു സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജയുടെ പ്രതികരണം. കനയ്യയുടെ നടപടി സി.പി.ഐ കോൺഗ്രസ് സഹകരണത്തെ ബാധിക്കില്ലെന്നുകൂടി രാജ പറഞ്ഞു. കനയ്യ പാർട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. പക്ഷേ, ഈ ചെറുപ്പക്കാരനുവേണ്ടി ഇന്ത്യയിലെ ഇടതുപക്ഷ യുവജനവിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ചൊരിഞ്ഞ വിയർപ്പും മഷിയും ചതി എന്ന വാക്കിനപ്പുറമുള്ള എന്തോ ഒന്നിലേക്കാണ് വിരൽചൂണ്ടുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളും അതിനെ താങ്ങിനിറുത്തുന്ന തത്വശാസ്ത്രവും മാനവികതയുമെല്ലാം ലോകമെമ്പാടും തകർന്നടിയുന്നതാണ് കാണുന്നത്. ഇന്ത്യയിൽ അത് കേരളത്തിൽ മാത്രമായി ചുരുങ്ങുന്നു. അധികാരത്തുടർച്ച എന്ന യാഥർത്ഥ്യം മുന്നിൽ നില്ക്കുമ്പോഴും ഇവിടെ താലോലിക്കപ്പെടുന്നത് കമ്മ്യൂണിസമല്ലെന്ന് മനസിലാക്കാൻ പ്രശ്നംവച്ചുനോക്കേണ്ട കാര്യമില്ല. പാടർട്ടിച്ചിട്ടയിലും ഭരണച്ചിട്ടയിലും എന്ത് കമ്മ്യൂണിസമാണ് പുലരുന്നതെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം കിട്ടുകയുമില്ല. മാറ്റമില്ലാതെ ഒന്നുമില്ലെന്ന് മാർക്സ് തന്നെ പറഞ്ഞിട്ടുള്ളതിനാൽ തർക്കത്തിനും പ്രസക്തിയില്ല. സി.പി.ഐ പണ്ടേ ഒരു കാൽ വലത്തും മറ്റേക്കാൽ ഇടത്തും വച്ചാണ് നില്പ്. അതിനിടയിൽ എത്രയോ പേർ അങ്ങോട്ടും ഇങ്ങോട്ടും ചാടിയും ഒഴുകിയും പോയി. ഇപ്പോൾ പാർട്ടിവിട്ട് പാർട്ടിയേറുന്നതിൽ ഒരു പുതുമയുമില്ല. രോഗം ഒരു കുറ്റമല്ലെന്ന് പറഞ്ഞതുപോലെ കാലുമാറ്റവും ഒരു കുറ്റമായി ആരും കാണുന്നില്ല. കാലുമാറിപ്പോകുന്നവരെ തല്ലാനും കൊല്ലാനുമൊന്നും പണ്ടത്തേപ്പോലെ ഇപ്പോൾ കൂടുതലാരും ഒരുമ്പെടാറുമില്ല. മഹാത്മാഗാന്ധി ഉപേക്ഷിച്ച കോൺഗ്രസിൽ കനയ്യകുമാറിനല്ല ആർക്കും ഇടംകിട്ടും എന്നു പറഞ്ഞാലും തർക്കമുണ്ടാവില്ല. അത്രയ്ക്ക് വിശാലമാണത്രെ കോൺഗ്രസിലെ ജനാധിപത്യം. അതുകൊണ്ടാവാം അകത്തുകടക്കുന്നവരേക്കാൾ വീർപ്പുമുട്ടി പുറത്തുചാടുന്നവരുടെ എണ്ണം അഖിലേന്ത്യാതലത്തിൽ കൂടുന്നത്. അധികാരത്തിനുമേൽ പറക്കുന്ന ഒരു ആദർശവും ക്ലച്ചുപിടിക്കാത്ത കാലമാണിത്. 'അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യൻ' എന്ന വരികൾക്ക് ഇങ്ങനെയും അർത്ഥത്തകർച്ച വന്നുപെടുമെന്ന് അതെഴുതിയ ഇടശ്ശേരി ഓർത്തിട്ടുണ്ടാവില്ല.

കനയ്യ കുമാറിനു ബീഹാർ സംസ്ഥാന കോൺഗ്രസിലും കോൺഗ്രസ് ടിക്കറ്റ് എടുക്കാതെ കൂടെനിൽക്കുന്ന ജിഗ്‌നേഷ് മേവാനിക്ക് ഗുജറാത്തിലും അടുത്ത വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രധാന പങ്ക് വഹിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. അടുത്തിടെ ചില പ്രമുഖർ കോൺഗ്രസ് വിട്ടതിനു പിന്നാലെയാണ് ഈ യുവനേതാക്കൾ കോൺഗ്രസിൽ ചേരുന്നത്. മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ സുസ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നപ്പോൾ മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ ബി.ജെ.പിയിലേക്കാണ് പോയത്. ഗോവ കോൺഗ്രസ് നേതാവ് ലുയിസിൻഹോ ഫലെറോയും കോൺഗ്രസ് വിട്ടുപോയി. പോക്കുവരവുകൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിനുള്ള പ്രാധാന്യം അവഗണിക്കപ്പെടേണ്ടതല്ല. ആ നിലയിൽ കനയ്യകുമാർ പറഞ്ഞതിന് ഏറെ പ്രസക്തിയുണ്ട്. പക്ഷേ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കിട്ടിയപോലെ വാഴ്‌ത്തുപാട്ടുകാരെ കോൺഗ്രസിലും കിട്ടുമെന്ന് വ്യാമോഹിക്കരുത്. വെള്ളം കയറിത്തുടങ്ങിയ കപ്പലിന്റെ ഓട്ടയടയ്ക്കാൻ ശ്രമിക്കുന്നവരേക്കാൾ കിട്ടിയതെല്ലാം വാരിയെടുത്ത് രക്ഷപ്പെടാൻ ഒരുമ്പെടുന്നവരാകും കൂടുതൽ. കനയ്യകുമാറിന് കിട്ടുന്നത് ഏത് റോളാവും എന്ന് കാത്തിരുന്നു കാണാം. സമർത്ഥനായ ഈ കർഷകപുത്രൻ തോറ്റുപോകാതിരിക്കട്ടെ. കനയ്യയുടെ ഭാഗ്യം ഇന്ത്യൻ രാഷ്ട്രീയത്തിന് മികവ് നൽകുന്നതാവും എന്നുതന്നെ പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM, KANHAIYA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.