വൈപ്പിൻ: എളങ്കുന്നപ്പുഴ നടവഴിക്ക് കിഴക്ക് ഈരേത്തറ രാജു (രാജഗോപാൽ, 62) വീട്ടുമുറ്റത്ത് രണ്ടുപേരുടെ മർദ്ദനമേറ്റ് മരിച്ചു. പ്രതികളിൽ ഒരാൾ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ബുധനാഴ്ച രാത്രി 10.30നാണ് രണ്ടു യുവാക്കൾ മർദ്ദിച്ചത്. കാരണം അറിവായിട്ടില്ല. രാജുവും മകൾ വിഷ്ണു പ്രിയയുമാണ് വീട്ടിൽ താമസം. സംഭവ സമയം മകൾ വീട്ടിൽ ഉണ്ടായിരുന്നില്ല. 10.45ഓടെ രാജുവിനെ അവശനായി കണ്ട റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ ആദ്യം ഞാറക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറലാശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുംവഴി മരിച്ചു. തലയ്ക്കും നെഞ്ചിനുമാണ് പരിക്കേറ്റത്.
പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഞാറക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. രാജു സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ആളാണെന്നും പലപ്പോഴും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികൾ എളങ്കുന്നപ്പുഴ വളപ്പ് സ്വദേശികളാണ്. ഇവരിൽ ഒരാളാണ് കസ്റ്റഡിയിലുള്ളത്. റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ആലുവ ഡി.വൈ.എസ്.പി. ശിവൻ കുട്ടി, വടക്കേക്കര സി.ഐ എം.കെ. മുരളി, ഞാറക്കൽ സി.ഐ രാജൻ കെ. അരമന, എസ്.ഐ എ.കെ. സുധീർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. പരേതയായ രതിയാണ് രാജുവിന്റെ ഭാര്യ.