SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.00 PM IST

സ്വഭാവ മഹിമ ഉറപ്പാക്കേണ്ടതുതന്നെ

kk

സർവമേഖലകളിലും തട്ടിപ്പുകാരും ക്രിമിനലുകളുമടക്കം കള്ളനാണയങ്ങൾ കയറിപ്പറ്റുന്ന ഇക്കാലത്ത് സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ പുതുതായി നിയമനം നേടുന്നവരുടെ പശ്ചാത്തലം പരിശോധിക്കാനുള്ള സർക്കാർ തീരുമാനം സർവഥാ സ്വാഗതാർഹമാണ്. ഇപ്പോൾ അങ്ങനെയൊരു സമ്പ്രദായമില്ലാത്തതിന്റെ ന്യൂനതകൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം. സർക്കാർ വകുപ്പുകളിൽ പി.എസ്.സി മുഖേന നടക്കുന്ന നിയമനങ്ങളിൽ പൊലീസ് പരിശോധന നിലവിലുണ്ട്. പുതുതായി എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വികസന അതോറിട്ടികൾ, ദേവസ്വം ബോർഡുകൾ എന്നിവയിലെ നിയമനങ്ങൾക്കും പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാനാണ് ആലോചന. പൊതുഖജനാവിലെ പണം ഉപയോഗിച്ച് ശമ്പളം നൽകുന്ന ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സർക്കാരിനോടും സമൂഹത്തോടും പ്രതിബദ്ധത മാത്രമല്ല, അക്കൗണ്ടബിലിറ്റിയും ഉണ്ടായിരിക്കേണ്ടത് ആവശ്യം തന്നെ. നിയമനം നടന്ന് ഒരുമാസത്തിനകം പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർവീസിൽ തുടരുന്നതിനുള്ള അന്തിമ അംഗീകാരം. പൊലീസ് വെരിഫിക്കേഷനിൽ ഗുരുതര വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമനം നേടിയ ആൾ പുറത്തുപോകേണ്ടിവരും. വസ്തുതകൾ മറച്ചുവച്ചാലും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ചുരുക്കത്തിൽ സർക്കാർ ശമ്പളം പറ്റുന്ന ഏതു ജോലിക്കു ചേരുന്നവരുടെയും സ്വഭാവമഹിമ ഉറപ്പുവരുത്തിയശേഷമാകും സ്ഥിരനിയമനം. പതിറ്റാണ്ടുകൾക്കു മുമ്പുണ്ടായിരുന്ന കാടൻ പൊലീസ് വെരിഫിക്കേഷനിൽനിന്ന് വ്യത്യസ്തമായിരിക്കും പുതിയ ഏർപ്പാടെന്നു കരുതാം. അന്ന് കമ്മ്യൂണിസ്റ്റ് ബന്ധത്തിന്റെയും അനുഭാവത്തിന്റെയും പേരിൽ ഒട്ടേറെപ്പേർക്ക് സർക്കാർ ഉദ്യോഗം നിഷേധിക്കപ്പെട്ട ചരിത്രമുണ്ട്. അനവധി അദ്ധ്യാപകരെയും സർവീസിൽ നിന്നു പുറത്താക്കിയിരുന്നു.

എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരായും അനദ്ധ്യാപകരായും കയറിക്കൂടുന്നവരിൽ ധാരാളം പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നു ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും പൊലീസ് പരിശോധന നിർബന്ധമാക്കുന്നത്. എയ്‌ഡഡ് സ്ഥാപനങ്ങളിൽ ജോലിക്കു കടന്നുകൂടാൻ ഇപ്പോൾ പണവും സ്വാധീനവും മാത്രം മതി. മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്ര പണം നൽകാൻ തയ്യാറുള്ള ആരെയും നിയമിക്കാൻ തുടങ്ങിയ കാലം മുതൽ തുടങ്ങിയതാണ് ഈ അവസ്ഥ. എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്നവർക്ക് രാഷ്ട്രീയ പ്രവർത്തനത്തിനും വിലക്കില്ലാത്തതിനാൽ ഇത്തരക്കാരുടെ നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനം പ്രധാന ഘടകമാകാറുണ്ട്. പീഡനക്കേസുകൾ ഉൾപ്പെട്ട പല ക്രിമിനൽ കേസുകളിലും പ്രതികളായവർ അദ്ധ്യാപകരുടെ കൂട്ടത്തിലുണ്ടെന്നാണ് സർക്കാരിനു ലഭിച്ച രഹസ്യ റിപ്പോർട്ടുകൾ.

സർക്കാരിൽ നിന്നു ശമ്പളം പറ്റുന്ന ഏതു ജോലിക്ക് അപേക്ഷിക്കുമ്പോഴും അപേക്ഷകന്റെ പൂർവചരിത്രം വ്യക്തമാക്കുന്ന സത്യവാങ്‌മൂലം നിർബന്ധമാക്കേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ നിലവിൽ സർക്കാരിന് നേരിട്ടു നിയന്ത്രണങ്ങളൊന്നുമില്ലാത്തത് വലിയ പാകപ്പിഴയാണ്. നിയമനാധികാരം മാനേജ്‌മെന്റുകൾക്കും ശമ്പളം നൽകാനുള്ള ബാദ്ധ്യത സർക്കാരിനുമെന്ന വിചിത്ര സമ്പ്രദായം പതിറ്റാണ്ടുകളായി നിലനിൽക്കുകയാണ്. എയ്‌ഡഡ് അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിക്കു വിടണമെന്ന ആവശ്യം എന്തായാലും അംഗീകരിക്കപ്പെടാൻ സാദ്ധ്യതയില്ലാത്തതിനാൽ നിയമിക്കപ്പെടുന്നവരുടെ സ്വഭാവമഹിമയെങ്കിലും ഉറപ്പുവരുത്താനുള്ള പുതിയ നീക്കം സ്വാഗതാർഹമാണ്. സമൂഹത്തെ നടുക്കുന്ന നിരവധി സംഭവങ്ങൾ സമീപകാലത്തായി വിദ്യാലയങ്ങളിൽ നിന്നു പുറത്തുവരുന്നുണ്ട്. കുറ്റവാളികൾക്ക് രാഷ്ട്രീയ കക്ഷികളിൽ നിന്നു ലഭിക്കുന്ന സംരക്ഷണമാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്. അദ്ധ്യാപകന് യോജിക്കാത്ത സ്വഭാവമുള്ളവർ ആ നിലയിൽ തുടരുകയില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം രാഷ്ട്രീയകക്ഷികൾ ഏറ്റെടുക്കുകയാണു വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.