തിരുവനന്തപുരം: ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിറുത്തി നഗരത്തിൽ ചെറുതും വലുതുമായ മോഷണങ്ങൾ പെരുകുന്നു. നഗരപരിധിയിൽ മൂന്ന് ദിവസത്തിലൊരിക്കൽ മോഷണം, പിടിച്ചുപറി എന്നിവ നടക്കുന്നതായി നഗരത്തിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌തത് 150ഓളം മോഷണക്കേസുകളാണ്. ക്ഷേത്രങ്ങൾ, ആശുപത്രികൾ, ആൾതാമസമില്ലാത്ത വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് മോഷണങ്ങളിൽ അധികവും.
കഴിഞ്ഞ ദിവസം കരകുളത്തിന് സമീപം ഏണിക്കരയിൽ പൂട്ടിയിട്ടിരുന്ന ഇരുനില വീടിന്റെ വാതിൽ കുത്തിത്തുറന്ന് 7 പവൻ സ്വർണവും കമ്പ്യൂട്ടർ ഉപകരണങ്ങളും കവർന്നതാണ് അവസാന സംഭവം. എന്നാൽ ഈ കേസുകളിലെല്ലാം ചുരുക്കം പ്രതികളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാനായത്. ജില്ലയിലെ ക്ഷേത്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തിവന്ന സംഘത്തെ മാസങ്ങൾക്കുമുമ്പ് പൂന്തുറ പൊലീസ് പിടികൂടിയിരുന്നു. സ്ത്രീകൾ അടക്കമുള്ള സംഘം ഓട്ടോറിക്ഷയിൽ കറങ്ങിനടന്നാണ് മോഷണങ്ങൾ നടത്തിയിരുന്നത്. ഇരുപത്തിരണ്ട് ക്ഷേത്രങ്ങളിലാണ് ഇവർ കവർച്ച നടത്തിയത്. എന്നാൽ ഇപ്പോഴും ജില്ല കേന്ദ്രീകരിച്ച് മോഷണസംഘങ്ങൾ സജീവമെന്നാണ് പൊലീസ് നൽകുന്ന വിവരം.
പിടിയിലാകാൻ നിരവധി പേർ
അതേസമയം വിവിധ കേസുകളിൽ 200ഓളം പ്രതികളെയാണ് മൂന്ന് മാസത്തിനിടെ പിടികൂടിയത്. എന്നാൽ ഒന്നിലധികം പ്രതികൾ ഉള്ള കേസുകളിൽ ചിലരെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. ഇതുവരെ പ്രതികളെ പിടികൂടാനാകാത്ത കേസുകളുമുണ്ട്. കഴിഞ്ഞ വിഷു ദിനത്തിലാണ് ഭീമ ജുവലറി ഉടമയുടെ വീട്ടിൽ അന്യസംസ്ഥാനക്കാരനായ പ്രതി കവർച്ച നടത്തി മുങ്ങിയത്. ഇയാൾ മറ്റൊരു കേസിൽ ഗോവയിൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയതോടെ കേരള പൊലീസിന് ഇയാളെ പിടികൂടാൻ സാധിച്ചില്ല.
പ്രതിമാസം അഞ്ച് കേസുകൾ
മാസത്തിൽ ഒരു സ്റ്റേഷനിൽ ശരാശരി അഞ്ചോളം മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായാണ് വിവരം. അതേസമയം മെഡിക്കൽ കോളേജ്, ഫോർട്ട്, നേമം,പൂജപ്പുര, പേരൂർക്കട, വലിയതുറ, പൂന്തുറ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ പത്തോളം കേസുകളും രജിസ്റ്റർ ചെയ്യുന്നുണ്ട്.
ഷാഡോയ്‌ക്ക് അംഗങ്ങളില്ല
നഗരത്തിലെ വിവിധയിടങ്ങളിൽ മോഷണങ്ങളും പിടിച്ചുപറിയും വ്യാപകമായതിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക ഷാഡോ പൊലീസ് ടീമിന് ഇപ്പോൾ അംഗങ്ങൾ കുറവാണ്. നേരത്തെ 30 പൊലീസുകാർ ഉണ്ടായിരുന്നിടത്ത് 10ഓളം പേരേ ഇപ്പോഴുള്ളൂ. പ്രതികളുമായുള്ള അവിശുദ്ധബന്ധവും സാമ്പത്തിക ഇടപാടുകളും പുറത്തുവന്നതിനെ തുടർന്ന് ടീമിലുണ്ടായിരുന്നവരെ വിവിധയിടങ്ങളിലേക്ക് മാറ്റുകയായിരുന്നു. അതോടെ കേസുകളിലെ അന്വേഷണവും നിലച്ചു.