ഹൈദരാബാദിനെ 6 വിക്കറ്രിന് കീഴടക്കി
ഷാർജ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 6 വിക്കറ്രിന് കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തവണ പ്ലേ ഓഫിൽ എത്തിയ ആദ്യ ടീമായി. ആദ്യം ബാറ്ര് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 134 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈ 2 പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു (139/4). ഓപ്പണർമാരായ റിതുരാജ് ഗെയ്ക്വാദും (38 പന്തിൽ 45, 4 ഫോർ, 2 സിക്സ്), ഫാഫ് ഡുപ്ലെസിസും (36 പന്തിൽ 41, 3 ഫോർ, 2 സിക്സ്) ചെന്നൈയുടെ ചേസിംഗിന് അടിത്തറയിട്ടു. മോയിൻ അലി 17 റൺസ് നേടി. അമ്പാട്ടി റായ്ഡു (17), എം.എസ് (14) എന്നിവർ പുറത്താകാതെ ചെന്നൈയ്യെ വിജയലക്ഷ്യത്തിലെത്തിച്ചു. അവസാന ഓവറിലെ നാലാം പന്തിൽ സിദ്ധാർത്ഥ് കൗളിനെ ലോംഗ് ഓണിസെ കൂറ്റൻ സിക്സിന് പറത്തിയാണ് ധോണി വിജയറൺ കുറിച്ചത്. ഹൈദരാബാദിനായി ജേസൺ ഹോൾഡർ 4 ഓവറിൽ 27 റൺസ് നൽകി 3 വിക്കറ്ര് വീഴ്ത്തി. 16-ാം ഓവറിൽ ഡുപ്ലെസിസിനെയും റെയ്നയേയും (2) മടക്കി ഹോൾഡർ ചെന്നൈയെ ഞെട്ടിച്ചു. 23 പന്തിൽ 27 റൺസായിരുന്നു ചെന്നൈയ്ക്കപ്പോൾ ജയിക്കാൻ വേണ്ടിയിരുന്നത്. 108/4 എന്ന നിലയിൽ പിന്നീട് ക്രീസിലൊന്നിച്ച ധോണിയും റായ്ഡുവും ചെന്നൈയ്ക്ക് ജയമുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണ പ്ലേ ഓഫ് കാണാതെ ആദ്യം പുറത്തായ ടീമായിരുന്നു ചെന്നൈ. ഇത്തവണ 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 എണ്ണത്തിലും ജയിച്ച് 18 പോയിന്റുമായാണ് പ്ലേഓഫ് ഉറപ്പിച്ചത്. കളിച്ച 11 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ച ഹൈദരാബാദ് ഏറ്രവും അവസാന സ്ഥാനത്താണ്.
നേരത്തേ 3 വിക്കറ്രെടുത്ത ജോഷ് ഹാസൽവുഡും ഡ്വെയിൻ ബ്രാവോയുമാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന്റെ റണ്ണൊഴുക്കിന് തടയിട്ടത്. ഫോമിലുള്ള ജേസൺ റോയ്യെ (2) തുടക്കത്തിലേ പുറത്താക്കി ഹാസൽവുഡ് ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നൽകി. ധോണിയാണ് ക്യാച്ചെടുത്തത്.
തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ഹൈദരാബാദിന് വമ്പൻ ടോട്ടൽ നേടാനാകാതെ പോവുകയായിരുന്നു. 46 പന്ത് നേരിട്ട് 1 ഫോറും 2 സിക്സും ഉൾപ്പെടെ 44 റൺസ് നേടിയ വൃദ്ധിമാൻ സാഹയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ക്യാപ്ടൻ കേൻ വില്യംസൺ (11), പ്രിയം ഗാർഗ് (7), അഭിഷേക് ശർമ്മ (18), അബ്ദുൽ സമദ് (18) തുടങ്ങിയ മുൻനിരക്കാർക്കൊന്നും റൺസുയർത്താൻ കഴിയാതെ പോയി.