SignIn
Kerala Kaumudi Online
Thursday, 26 May 2022 5.26 AM IST

ഗുരു പറഞ്ഞ മനുഷ്യമതം

guru-o6

സത്യാന്വേഷണത്തിന് ഒരാൾക്ക് ഏതു പാതയും തിരഞ്ഞെടുക്കാം. ഏതു നദികളും സമുദ്രത്തിലേക്കെന്നപോലെ അവസാനം അതും സത്യം കണ്ടെത്തും. അന്വേഷിപ്പിൻ കണ്ടെത്തും എന്നു ബൈബിളിൽ പറഞ്ഞതുപോലെ... ദൈവം സത്യമാകുന്നു എന്നു ഖുർ - ആൻ പറഞ്ഞതുപോലെ... സത്യസന്ധമായ ജീവിതമാണു സത്യത്തെക്കാൾ

മുകളിലെന്നു ഗുരുനാനാക്ക് പറഞ്ഞതുപോലെ. കാരുണ്യം, സ്‌നേഹം, സത്യം, ത്യാഗം എന്നിങ്ങനെ ഓരോ മതവും ചില പ്രത്യേക മൂല്യങ്ങളെ അതത് കാലഭേദമനുസരിച്ച് ഉയർത്തിക്കാട്ടിയേക്കാം. ഏതു മതത്തിന്റെയും അന്ത:സത്ത ഒന്നാണെന്ന് മതങ്ങളെ ആഴത്തിൽ പഠിച്ച് സാമൂഹ്യപരിഷ്‌കർത്താവായി ജീവിച്ച് കേരളീയ ജനതയ്ക്ക് വെളിച്ചമേകിയ ശ്രീനാരായണഗുരു എടുത്തു പറഞ്ഞിട്ടുണ്ട്. മനുഷ്യന് ഒരു മതം എന്നു ഗുരു പറഞ്ഞത് ആഴത്തിൽ മനസിലാക്കി മനുഷ്യരാശി പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്. സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാർഗദർശികൾ മാത്രമാണ് മതങ്ങൾ എന്ന് ഗുരു പറഞ്ഞിട്ടുണ്ട്. സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല, മറിച്ച് മതത്തിന് അവൻ പ്രമാണം ആകുന്നു. ബുദ്ധമതം പഠിച്ചല്ലല്ലോ ബുദ്ധൻ ബുദ്ധനായത് എന്ന് തുടങ്ങി ഉദാഹരണങ്ങളും അദ്ദേഹം പറയുന്നു. (ശ്രീനാരായണഗുരുവും സി. വി. കുഞ്ഞിരാമനും
തമ്മിലുള്ള സംവാദത്തിൽ). എല്ലാറ്റിനെയും ശരിയേതെന്നറിയാനുള്ള
ഉപകരണമാക്കാം. സമബുദ്ധിയോടുകൂടി എല്ലാവരും എല്ലാ മതങ്ങളും പഠിയ്ക്കണം. അപ്പോൾ പ്രധാനതത്വങ്ങളിൽ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണെന്നും അദ്ദേഹം പറയുന്നു. അതാണ് ഗുരു ഉപദേശിക്കുന്ന ഏകമതം . അവനവന്റെ മതത്തെ സംബന്ധിച്ച് ചാതുര്യത്തോടെ പ്രസംഗിക്കുന്നവർക്ക് മനുഷ്യജാതിയുടെ മതത്തെ പൊതുവിലെടുത്ത് അതിന്റെ ഏകത്വത്തിൽ നാനാത്വവും നാനാത്വത്തിൽ ഏകത്വവും കാണാൻ കഴിയാതെ വന്നത് ആശ്ചര്യം എന്ന് ഗുരു പറയുന്നു. മതപ്രമാണങ്ങൾ വ്യാഖ്യാനിയ്ക്കുമ്പോൾ പലരും സ്പർദ്ധയുണ്ടാക്കുന്ന കാര്യങ്ങൾ പറഞ്ഞേക്കാം. അത്തരം വ്യാഖ്യാനങ്ങളിലേക്ക് പോകാതിരിക്കാൻ മതനേതാക്കൾ ശ്രദ്ധിക്കണം എന്നദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നു. ഇക്കാലത്ത് ഇത്തരം വിവേകം ചൊല്ലിത്തരാൻ നമ്മുടെ സമൂഹത്തിൽ ശ്രീനാരായണഗുരുമാരില്ല എന്നത് വാസ്തവം. എങ്കിലും ഉയർന്ന ചിന്തകൾ പുലർത്തിയ ഗുരുക്കന്മാരുടെ വചനങ്ങൾ വഴിവിളക്കാകേണ്ടതാണ്.

ദൈവവും അള്ളാഹുവും ഈശ്വരനും ഒന്നാണെന്നും എല്ലാ പ്രാർത്ഥനകളും എത്തിച്ചേരുന്നത് ഒരിടത്തേക്കാണെന്നും വളരെ യുക്തിസഹമായി ഞങ്ങളോട് പറഞ്ഞ ഞങ്ങളുടെ
ആറാം ക്ലാസിലെ ക്ലാസ് ടീച്ചറിനെ ഞാൻ ഇത്തരുണത്തിൽ ഓർത്തു
പോവുകയാണ്. എത്ര യുക്തിസഹമായാണ് അവർ ഞങ്ങളുടെ കുഞ്ഞുമനസുകളിൽ ഈ ബോധം ഉറപ്പിച്ചു തന്നത്. പാവപ്പെട്ടവന്റെ മുന്നിൽ കാരുണ്യമായി പ്രത്യക്ഷപ്പെടുന്ന അള്ളാഹുവിനെക്കുറിച്ചും വേദനിക്കുന്നവന്റെ മുന്നിൽ സ്‌നേഹസാന്ത്വനമാകുന്ന ദൈവത്തെക്കുറിച്ചും ഈശ്വരനെത്തേടി ഒടുവിൽ മനുഷ്യന് വഴികാട്ടിയായ ധ്രുവനെക്കുറിച്ചുമൊക്കെ കഥകളിലൂടെ ഞങ്ങളുടെ
കുഞ്ഞുമനസുകളിൽ ആ ടീച്ചർ പറഞ്ഞുറപ്പിച്ച കാര്യങ്ങൾ ഇന്നും മറന്നിട്ടില്ല. ടീച്ചറിൽ എത്ര അചഞ്ചലമായ വിശ്വാസമായിരുന്നു ഞങ്ങൾക്ക്! ആത്യന്തികമായ മനുഷ്യനന്മയിൽ വിശ്വസിക്കാൻ ഞങ്ങളെ ശീലിപ്പിച്ചത് ഇത്തരം അദ്ധ്യാപകരായിരുന്നു. ചരിത്രത്തിലെ ഓരോ യുദ്ധപാഠങ്ങൾ പഠിപ്പിക്കുന്നതിനു മുൻപും അലക്‌സാണ്ടർ ചക്രവർത്തിയുടെ കൈകൾ വെളിയിലേക്കിട്ടുകൊണ്ടുള്ള ശവപ്പെട്ടിയിലെ അന്ത്യയാത്രയെക്കുറിച്ചും കലിംഗയുദ്ധത്തിനു ശേഷം പശ്ചാത്താപവിവശനായ അശോക ചക്രവർത്തിയെക്കുറിച്ചുമൊക്കെ ആമുഖമായി പറഞ്ഞിരുന്ന സോഷ്യൽ സ്റ്റഡീസ് ടീച്ചറിനെ ഓർക്കുന്നു. അമേരിക്കയെ ആറ്റംബോംബ് നിർമ്മിക്കാൻ പ്രേരിപ്പിച്ചതിൽ ആൽബർട്ട് ഐൻസ്‌റ്റൈൻ, ഹിരോഷിമ സംഭവത്തിനു ശേഷം ആഴത്തിൽ
ദുഃഖിച്ചതിനെക്കുറിച്ചും ടീച്ചർ എടുത്തുപറഞ്ഞു. യുദ്ധവും സ്പർദ്ധയും നാശമാണെന്നും ആത്യന്തികമായി ദുഃഖമേ നൽകൂ എന്നും മനസിലുറപ്പിക്കാൻ ഈ അദ്ധ്യാപകർ വഹിച്ച പങ്ക് ചില്ലറയല്ല. കുട്ടികളുടെ മനസിൽ ഇങ്ങനെ ആഴത്തിൽ പ്രഹരമേല്‌പിക്കാൻ പോന്ന വാക്കുകളുച്ചരിയ്ക്കാൻ ഇന്നു നമ്മുടെ അധ്യാപകർക്ക് കഴിയുന്നുണ്ടോ? ഇന്റർനെറ്റിന്റെ മായികലോകത്തിൽ ജീവിക്കുന്ന ഇന്നത്തെ കുട്ടികൾക്ക് അധ്യാപകരിൽ വലിയ വിശ്വാസമുണ്ടാകാനുള്ള സാദ്ധ്യതയും മങ്ങിപ്പോയിരിക്കുന്നു.

പല സാംസ്‌കാരിക പശ്ചാത്തലത്തിൽ നിന്നു വരുന്നവർ ഒരു
സ്‌കൂളിലുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ് . ഒരേ സാമ്പത്തിക ശ്രേണിയിൽപ്പെട്ടവരും ഒരേ മതത്തിൽ പെട്ടവരും മാത്രം ഒരു സ്‌കൂളിൽ ഉണ്ടാകുന്നത് ഒട്ടും നല്ലതല്ല. ട്രാൻസ് ജെൻഡർ, സ്ഥലത്ത് ന്യൂനപക്ഷമായ മതവിഭാഗങ്ങളിൽ നിന്നുള്ളവർ, വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ (ഗോത്രവർഗക്കാർ, അതിർത്തിയിൽ അയൽ സംസ്ഥാന ഭാഷ സംസാരിക്കുന്നവർ) തുടങ്ങിയവരെ ഉൾപ്പെടുത്തണം. അവരെ ഉൾക്കൊള്ളാൻ പ്രത്യേക ഇന്റഗ്രേഷൻ പ്രോഗ്രാമുകളും കൗൺസിലിങ്ങും സ്‌കൂളുകളിൽ ഏർപ്പെടുത്തണം. ശാരീരിക വൈകല്യത്തെ ആക്ഷേപിക്കൽ (Body shaming) ഒരു കാരണവശാലും കുട്ടികൾ ചെയ്യാതിരിയ്ക്കാൻ വേണ്ട തിരിച്ചറിവ് കുട്ടികൾക്ക് ചെറിയ ക്ലാസുകളിൽ വച്ചുതന്നെ നൽകേണ്ടതാണ്. മനുഷ്യന് ഒരു മതമേ ഉള്ളൂ എന്നും എല്ലാ മതങ്ങളുടെയും അന്ത:സത്ത ഒന്നാണെന്നും ചെറുക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ വളരെ വ്യക്തമായി ഉൾക്കൊള്ളിയ്ക്കണം. അതു ജീവിതത്തിൽ പ്രായോഗികമാക്കാൻ ഉതകുന്ന അന്തരീക്ഷം സ്‌‌കൂളിലുണ്ടാകണം. അതിനുതകുന്ന രീതിയിൽ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ സ്‌കൂൾ സിലബസ് പരിഷ്‌കരിക്കുന്നത് ഉചിതമായിരിക്കും. മൂല്യബോധം കുഞ്ഞുങ്ങളിൽ വളർത്തുന്നതിന് ചെറുക്ലാസുകളിലും കൗമാരപ്രായക്കാരുടെ ക്ലാസുകളിലും ശ്രദ്ധ വേണം. മറ്റുള്ളവരെ പെട്ടെന്നു മനസിലാക്കുന്നതിനും സഹായിക്കുന്നതിനുള്ള മനസ്ഥിതി അളക്കുകയും അതിന് ഗ്രേഡ് നൽകുകയും ചെയ്യുന്ന മന:ശാസ്ത്രപരമായ രീതി പലരാജ്യങ്ങളിലും നിലവിലുണ്ട്. ഇത്തരം സമ്പ്രദായം സ്വീകരിക്കുന്നത് വളരെ ഉചിതമായിരിയ്ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MIZHIYORAM, GURU
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.