ന്യൂഡൽഹി :ഉപതിരഞ്ഞെടുപ്പ് നടന്ന ഭവാനിപ്പൂർ മണ്ഡലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് റെക്കാഡ് വിജയം. 58,389 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് മമത തന്റെ മുഖ്യമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചത്. ഭവാനിപ്പൂരിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. മമതയ്ക്ക് 84,709 (77.46%) വോട്ടുകൾ ലഭിച്ചു.
രണ്ടാമതെത്തിയ ബി.ജെ.പി. നേതാവ് പ്രിയങ്ക ട്രിബ്രവാളിന് 26,320 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ മാത്രമെത്തിയ സി.പി.എം ബംഗാളിൽ തകർന്നടിഞ്ഞു.
ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കാതിരുന്ന ജംഗിപ്പൂരിൽ ജാക്കിർ ഹൊസൈൻ ( ത്രിണമൂൽ ) സംസർഗഞ്ചിൽ (ത്രിണമൂൽ) അമിറുൾ ഇസ്ലാം എന്നിവർ വിജയക്കൊടിപാറിച്ചു. ജാഗിപ്പുരിൽ ബി.ജെ.പി.രണ്ടാമതും സംസർഗഞ്ചിൽ മൂന്നാമതുമാണ്.
സെപ്തംബർ 30നായിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സോബൻദേബ് ചതോപാദ്ധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി അദ്ദേഹം സീറ്റ് രാജിവയ്ക്കുകയായിരുന്നു. കൊവിഡ് മൂലം വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്.
അതേസമയം, ഒഡിഷയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിപിലി മണ്ഡലത്തിൽ ബിജു ജനതാദളിന്റെ രുദ്രപ്രതാപ് മഹാരഥിയ്ക്ക് 47,094 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പിയുടെ ആശ്രിത് പട്നായിക്കിന് 33,675 വോട്ടുകളാണ് ലഭിച്ചത്.
വൻ വിജയം നേടിത്തന്നതിന് വോട്ടർമാർക്ക് നന്ദി .
മമത ബാനർജി, പശ്ചിമബംഗാൾ മുഖ്യമന്ത്രി
വ്യാജ വോട്ടർമാരാണ് തന്റെ തോൽവിക്ക് കാരണം.
പ്രിയങ്ക ടിബ്രെവാൾ, ഭവാനിപ്പൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥി